പ്ലസ് വണ്‍ പ്ലസ്ടു ക്ലാസുകളില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്മാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥകള്‍ എന്‍ജിനീയറിങ് മേഖലയാണ് കൂടുതലായി തിരഞ്ഞെടുക്കുക. ദേശീയതലത്തില്‍ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനം ലഭിക്കാന്‍ വേണ്ടി ജെഇഇ, ജെഇഇ അഡ്വാന്‍സ്ഡ് എന്നീ പരീക്ഷകള്‍ക്ക് കഠിനമായി തയ്യാറെടുക്കുന്നവരും ഏറെയാണ്. ജെഇഇ അല്ലാതെ മാനേജ്‌മെന്റ്, ഡിസൈന്‍ മുതല്‍ ഗവേഷണം, ഡാറ്റാ സയന്‍സ് വരെയുള്ള മേഖലകളില്‍ മികച്ച അക്കാദമിക്, തൊഴില്‍ അവസരങ്ങള്‍ നല്‍കുന്ന നിരവധി ദേശീയതല മത്സര പരീക്ഷകളുണ്ട്. അത്തരത്തിലുള്ള അഞ്ച് പ്രധാന പരീക്ഷകളെക്കുറിച്ചറിയാം.

To advertise here,

ജിപ്മാറ്റ് (JIPMAT)

ഐഐഎമ്മുകളിലെ (IIMs) അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിബിഎ-എംബിഎ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (ജിപ്മാറ്റ്) നടത്തുന്നത്. പന്ത്രണ്ടാം ക്ലാസിന് ശേഷം ഉടന്‍ തന്നെ മാനേജ്‌മെന്റ് വിദ്യാഭ്യാസം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ പ്രോഗ്രാം, രാജ്യത്തെ പ്രമുഖ ബിസിനസ് സ്‌കൂളുകളിലേക്ക് പ്രവേശനം നല്‍കുന്നു. ഇത്തരം സ്ഥാപനങ്ങളിലെ പരിശീലനത്തിലൂടെ ഉന്നത മാനേജ്‌മെന്റ് തസ്തികകളിലേക്ക് നേരിട്ടുള്ള അവസരം ലഭിക്കുന്നു.

യുസീഡ് (UCEED)

ഐഐടികളിലെ(IITs) ബാച്ച്‌ലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് അണ്ടര്‍ഗ്രാജ്വവേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (യൂസീഡ്). പ്രൊഡക്ട് ഡിസൈന്‍, യുഐ/യുഎക്‌സ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഈ പരീക്ഷയിലൂടെ രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാനാകും.

ഐഎസ്‌ഐ-സിഎംഐ പ്രവേശന പരീക്ഷകള്‍ (ISI-CMI Entrance Exams)

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (ഐഎസ്ഐ) ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (സിഎംഐ) സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലേക്കുള്ള ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണിത്. ഈ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം നേടുന്നവര്‍ക്ക് ഗോള്‍ഡ്മാന്‍ സാക്‌സ്, ജെപി മോര്‍ഗന്‍ എന്നിവയുള്‍പ്പടെയുള്ള പ്രമുഖ ബഹുരാഷ്ട്ര കമ്പനികളില്‍ നേരിട്ട് പ്ലേസ്‌മെന്റ് ലഭിക്കാറുണ്ട്.

  • ബിരുദ പ്രോഗ്രാമുകള്‍ക്കുള്ള യോഗ്യത: പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത. മാത്തമാറ്റിക്‌സും ഇംഗ്ലീഷും നിര്‍ബന്ധ വിഷയങ്ങളായിരിക്കണം. ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദേശ പൗരന്മാര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം
  • ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്കുള്ള യോഗ്യത: പ്രോഗ്രാമിന് അനുസരിച്ച് സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍ജിനീയറിംഗ് അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദം.

ഐഎടി (IAT)

ബെര്‍ഹാംപുര്‍, ഭോപ്പാല്‍, കൊല്‍ക്കത്ത, മൊഹാലി, പൂണെ, തിരുവനന്തപുരം, തിരുപ്പതി എന്നിവിടങ്ങളിലുള്ള ഏഴ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ചുകളിലേക്കും (IISERs) പ്രവേശനം നേടുന്നതിനാണ് ഐസര്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (IAT) നടത്തുന്നത്. ഐഐഎസ്‌സി ബാംഗ്ലൂരിലെ ബിഎസ്‌സി (റിസര്‍ച്ച്) പ്രോഗ്രാമിനും ഐഐടി മദ്രാസിലെ ബിഎസ് ഇന്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് എന്‍ജിനീയറിംഗ് പ്രോഗ്രാമിനും ഈ സ്‌കോര്‍ പരിഗണിക്കുന്നു. ഐഐടി ഗുവാഹത്തിയും ചില തിരഞ്ഞെടുത്ത പ്രോഗ്രാമുകള്‍ക്ക് ഈ സ്‌കോര്‍ പരിഗണിക്കുന്നുണ്ട്.

നെസ്റ്റ് (NEST)

എന്‍ഐഎസ്ഇആര്‍ ഭുവനേശ്വര്‍, യുഎം-ഡിഎഇ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (സിഇബിഎസ്), മുംബൈ എന്നിവിടങ്ങളിലെ അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ദേശീയ പ്രവേശന സ്‌ക്രീനിംഗ് ടെസ്റ്റ് (നെസ്റ്റ്) വര്‍ഷംതോറും നടത്തുന്നു. ആണവോര്‍ജ്ജ വകുപ്പിന് കീഴിലാണ് ഈ രണ്ട് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് . കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നു. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് തുടങ്ങിയ വിഷയങ്ങളാണ് പരീക്ഷയില്‍ ഉള്‍പ്പെടുക.

ജെഇഇ പരീക്ഷയുമായി ബന്ധപ്പെട്ട മത്സരം ഓരോ വര്‍ഷവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റ് മേഖലകളെക്കുറിച്ചും അറിവുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അടുത്ത തലമുറ ആവശ്യപ്പെടുന്ന രീതിയിലുള്ള മാനേജ്‌മെന്റ്, ഡിസൈന്‍, ഗവേഷണം, ഡാറ്റാ സയന്‍സ്, ഉന്നത ശാസ്ത്ര വിദ്യാഭ്യാസം എന്നിവയില്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ബദലുകളാണ് മുകളില്‍ നല്‍കിയ പരീക്ഷകള്‍