ചെന്നൈ: ന്യൂനപക്ഷ വിഭാഗങ്ങൾക്കായി വിവിധ പദ്ധതികളും സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. നിയമസഭയിൽ വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കുവെച്ച വേളയിലാണ് ന്യൂനപക്ഷ ക്ഷേമ മന്ത്രി എ.എം. ഷാജഹാൻ പദ്ധതികൾ വിശദീകരിച്ചത്.
സർക്കാർ ക്വാട്ടയിൽ പ്രവേശനം നേടുന്ന മുസ്ലിം പെൺകുട്ടികളുടെ ബിരുദ പഠനത്തിന്റെ ട്യൂഷൻ ഫീസ് പൂർണ്ണമായും സർക്കാർ വഹിക്കും. ആർട്സ്, സയൻസ്, എഞ്ചിനീയറിങ്, മെഡിസിൻ, അഗ്രികൾച്ചർ, ലോ എന്നീ കോഴ്സുകൾക്ക് ഇത് ബാധകമാണ്. സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് ആനുകൂല്യം ലഭിക്കും. 20 കോടി രൂപയാണ് ഇതിനായി തമിഴ്നാട് സർക്കാർ ആദ്യഘട്ടത്തിൽ അനുവദിച്ചത്.
ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന മുസ്ലിം പെൺകുട്ടികൾക്ക് വഖഫ് ബോർഡ് നൽകിയിരുന്ന സ്കോളർഷിപ്പ് ഇനി ഒമ്പത്, പത്ത് ക്ലാസുകളിലേക്കും നൽകും. വർഷത്തിൽ 2,000 രൂപ വീതം ലഭിക്കുന്ന പദ്ധതിയിലൂടെ 41,384 വിദ്യാർഥിനികൾക്ക് പ്രയോജനം ലഭിക്കും. ഇതിനായി 8.28 കോടി രൂപ നീക്കിവെച്ചു.
ചെന്നൈയിൽ ന്യൂനപക്ഷ വനിതകൾക്കായി പുതിയ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. 2.45 കോടി രൂപയുടെ ഗ്രാന്റോടെയാണ് വഖഫ് ബോർഡ് ഇതിന്റെ പ്രവർത്തനം തുടങ്ങുക.
മുസ്ലിം വഖഫ്, ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ ഭൂമിയിൽ വാണിജ്യ സമുച്ചയങ്ങളും കല്യാണമണ്ഡപങ്ങളും പണിത് വരുമാനമുണ്ടാക്കാൻ 100 കോടി രൂപയുടെ ഫണ്ട് രൂപീകരിക്കും. ഇതിലൂടെ പലിശരഹിത വായ്പകൾ നൽകാനാണ് തീരുമാനം.
തമിഴ്നാട് സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ വഴി നാല് വർഷത്തിനുള്ളിൽ 10,000 ന്യൂനപക്ഷ യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകും. ഐ.ടി, ഓട്ടോമൊബൈൽ, ഗാർമെന്റ് ഡിസൈനിങ്, ബ്യൂട്ടി ആൻഡ് വെൽനസ്, എംബ്രോയ്ഡറി, കൃഷി എന്നീ മേഖലകളിലാണ് പരിശീലനം നൽകുക.
Content Highlights: The Tamil Nadu government has announced significant minority welfare schemes, including bearing full undergraduate tuition fees for Muslim female students under government quota, expanding Wakf Board scholarships, and establishing a new women's college in Chennai
Published: 28 Aug 2026, 06:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented