ന്യൂഡൽഹി: എഐ, ഫിലിംമേക്കിങ്, ആനിമേഷൻ, വെർച്വൽ റിയാലിറ്റി തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലനം ലക്ഷ്യമിട്ട് 15 പ്രൊഫഷണൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ച് ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള മിറാൻഡ ഹൗസ്. നാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനുമായും (എൻ.എസ്.ഡി.സി) ഇറോസ് എഐവിദ്യയുമായും (Eros AIVidya) ചേർന്നാണ് ആറ് മാസം ദൈർഘ്യമുള്ള കോഴ്സുകൾ സംഘടിപ്പിക്കുന്നത്.

To advertise here,

നിലവിൽ ഡൽഹി സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 50,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ് കോഴ്സ് ഫീസ്.

എഐ ഫിലിംമേക്കിങ്, ഇൻഫ്ലുവൻസർ ആൻഡ് ക്രിയേറ്റർ ബിസിനസ്, അവതാർ ആൻഡ് ഡിജിറ്റൽ ഹ്യൂമൻ ക്രിയേഷൻ, ആനിമേഷൻ, വീഡിയോ ബ്ലോഗിങ്, ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആർ.) ആൻഡ് വെർച്വൽ റിയാലിറ്റി (വി.ആർ.) പ്രൊഡക്ഷൻ, വിഷ്വൽ ഇഫക്ട്സ് (വിഎഫ്എക്സ്) എന്നിവയാണ് പ്രധാന വിഷയങ്ങൾ. കൂടാതെ സ്ക്രിപ്റ്റ് റൈറ്റിങ്, ആക്ടിങ്, മ്യൂസിക് പ്രൊഡക്ഷൻ, മ്യൂസിക് കമ്പോസിഷൻ ആൻഡ് ഡയറക്ഷൻ, സൗണ്ട് എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ്, ആർട്ട് ഡയറക്ഷൻ എന്നീ മേഖലകളിലും പരിശീലനം നൽകും.

സർട്ടിഫിക്കേഷനപ്പുറം വിദ്യാർഥികളുടെ സംരംഭകത്വ വൈദഗ്ധ്യം വളർത്താനും പദ്ധതി ലക്ഷ്യമിടുന്നു. കോഴ്സുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 15 വിദ്യാർഥികൾക്ക് സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പിന്തുണയും പങ്കാളിത്തത്തിന്റെ ഭാഗമായി ലഭിക്കും.

നിർമ്മിതബുദ്ധിയും ഡിജിറ്റൽ സാങ്കേതികവിദ്യകളും വ്യാപകമാകുന്നതിനനുസരിച്ച് ക്രിയേറ്റീവ് മേഖലയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും പുതിയ സാധ്യതകളും നൈപുണികളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും എൻ.എസ്.ഡി.സി സിഇഒ അരുൺകുമാർ പിള്ള വ്യക്തമാക്കി. ഇറോസ് എഐവിദ്യയുമായുള്ള സഹകരണത്തിലൂടെ തൊഴിൽക്ഷമത വർധിപ്പിക്കാനും 'ഓറഞ്ച് ഇക്കോണമി'യിലെ പുതിയ അവസരങ്ങൾക്ക് വിദ്യാർഥികളെ സജ്ജരാക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശയങ്ങൾ, സംസ്കാരം, സർഗ്ഗാത്മകത, എന്നിവയെ ഉൽപ്പന്നങ്ങളും സേവനങ്ങളും തൊഴിലവസരങ്ങളുമായി മാറ്റുന്ന സാമ്പത്തിക പ്രവർത്തനങ്ങളെയാണ് ക്രിയേറ്റീവ് ഇക്കോണമി അഥവ 'ഓറഞ്ച് ഇക്കോണമി' എന്ന് വിളിക്കുന്നത്.