ഈ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽത്തന്നെ ലാപ്‌ടോപ്പുകൾ സ്വീഡിഷ് ക്ലാസ്‌മുറികളിൽ ഇടംപിടിച്ചിരുന്നു. 2015 ആയപ്പോൾ, മുനിസിപ്പാലിറ്റികളുടെ സഹായധനത്താൽ പ്രവർത്തിക്കുന്ന ഹൈസ്‌കൂളുകളിലെ 80 ശതമാനം വിദ്യാർഥികൾക്കും പഠനാവശ്യത്തിന് ഏതെങ്കിലുമൊരു ഡിജിറ്റൽ ഉപകരണമുണ്ടായിരുന്നു. 2019 എത്തിയപ്പോൾ ടാബ്ലറ്റ് (ടാബ്) ഉപയോഗം പ്രീസ്‌കൂളുകളിലെ പാഠ്യപദ്ധതിയുടെ ഭാഗമായി. ഡിജിറ്റൽകാലത്തിനും സ്വകാര്യജീവിതത്തിനുമായി നന്നേ ചെറുപ്പത്തിലേ കുട്ടികളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സോഷ്യൽ ഡെമക്രാറ്റുകളുടെ നേതൃത്വത്തിലുള്ള അന്നത്തെ സർക്കാർ ഇതിനെല്ലാം മുൻകൈയെടുത്തത്.

To advertise here,

ഇങ്ങനെ ഡിജിറ്റൽ കുതിപ്പ് നടക്കവേ 2022-ൽ പിസ (പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ് അസസ്‌മെന്റ്) സ്കോർ എത്തി. 15 വയസ്സുകാരുടെ സാക്ഷരതയും ഗണിത-ശാസ്ത്ര വിജ്ഞാനവും അളക്കാനുള്ള ഒ.ഇ.സി.ഡി.(ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡിവലപ്‌മെന്റ്)യുടെ പദ്ധതിയാണ് പിസ. നാലുവർഷംകൂടുമ്പോഴാണ് സ്‌കോർ തയ്യാറാക്കൽ (2009-നുശേഷം ഇന്ത്യ ഇതിൽ പങ്കെടുത്തിട്ടില്ല). 2022-ലെ പിസ സ്‌കോറിൽ നാലുവർഷം മുൻപത്തെക്കാൾ 19 പോയിന്റ് താഴെപ്പോയി സ്വീഡൻ. ഒ.ഇ.സി.ഡി. രാജ്യങ്ങളായ ബ്രിട്ടൻ, യു.എസ്., ഡെൻമാർക്ക്, ഫിൻലൻഡ് എന്നിവയെക്കാളൊക്കെ മെച്ചപ്പെട്ട സ്ഥിതിയാണ് സ്വീഡന്റേതെങ്കിലും അവിടത്തെ 25 ശതമാനത്തോളം കുട്ടികൾക്ക് നേരാംവണ്ണം വായിക്കാനും വായിച്ചുമനസ്സിലാക്കാനും കഴിയുന്നില്ല എന്നായിരുന്നു കണ്ടെത്തൽ.

2022-ൽ ഭരണത്തിലേറിയ വലതുപക്ഷസഖ്യസർക്കാർ ഈ ഭീകരാവസ്ഥയ്ക്കു കണ്ടെത്തിയ പരിഹാരമാണ് ‘സ്‌ക്രീനിൽനിന്ന് പുസ്തകത്തിലേക്ക്’ എന്ന മുദ്രാവാക്യം. ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഒഴിവാക്കി അച്ചടിപ്പുസ്തകത്തിലേക്കു മടങ്ങുന്നതോടെ കുട്ടികളിലെ ഏകാഗ്രത കൂടുമെന്നും എഴുതാനും വായിക്കാനുമുള്ള പ്രാഗല്‌ഭ്യം വർധിക്കുമെന്നുമാണ് സർക്കാരിന്റെ പക്ഷം.

2025 മുതൽ സ്വീഡനിലെ പ്രീസ്‌കൂളുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ല. രണ്ടുവയസ്സിൽത്താഴെയുള്ളവരുടെ കൈയിൽ ടാബ് പോലും കൊടുക്കില്ല. ഇക്കൊല്ലം ഓഗസ്റ്റിൽ സ്‌കൂളുകളിൽ മൊബൈൽഫോൺ നിരോധിക്കും. പഠനാവശ്യത്തിനുപോലും അതു തൊടാൻ അനുവദിക്കില്ല.

എഴുതിയും വായിച്ചും പഠിക്കാൻ

പിസ സ്‌കോർവന്ന് പിറ്റേക്കൊല്ലംതന്നെ, അച്ചടിച്ച പാഠപുസ്തകം തിരിച്ചുകൊണ്ടുവരാനായി സർക്കാർ നടപടി തുടങ്ങി. ഇതിനായി 21.6 കോടി ഡോളറിലേറെ (ഏകദേശം 2040 കോടി രൂപ) മുതൽമുടക്കി. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സഹായമില്ലാതെ വായനയും എഴുത്തും കണക്കും പഠിപ്പിക്കാൻ ഇനിയും പണം ചെലവാക്കാൻ ഉറപ്പിച്ചിരിക്കുകയാണ് സർക്കാർ. അച്ചടിപ്പുസ്തകത്തിൽ അധിഷ്ഠിതമായ പുതിയ പാഠ്യപദ്ധതി 2028-ഓടെ തയ്യാറാകും. അക്കാദമിക് രംഗത്തെ ഗവേഷകർ, സംഘടനകൾ, പൊതുരംഗത്തുപ്രവർത്തിക്കുന്ന ഏജൻസികൾ, മുനിസിപ്പാലിറ്റികൾ എന്നിവയുമായുള്ള കൂടിയാലോചനകൾക്കുശേഷമാണ് പുസ്തകങ്ങളിലേക്കു തിരിച്ചുപോകാൻ സർക്കാർ തീരുമാനിച്ചത്. ‘യഥാർഥ പുസ്തകം വായിക്കുന്നതും യഥാർഥ കടലാസിൽ എഴുതുന്നതും അക്കങ്ങൾ അതിൽ എഴുതിക്കൂട്ടുന്നതും കുട്ടികൾ കൈവരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന അറിവ് കൂടുതൽ മെച്ചപ്പെട്ടരീതിയിൽ ലഭ്യമാക്കും’ എന്നാണ് സ്വീഡിഷ് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അഭിപ്രായം.

സ്വീഡൻ മാത്രമല്ല, ഡിജിറ്റൽ പാഠ്യപദ്ധതിയിലേക്ക് ആദ്യം കാലൂന്നിയ മറ്റു പല രാജ്യങ്ങളും ക്ലാസ്‌മുറികളിലേക്ക് പുസ്തകവും പേനയും തിരിച്ചുകൊണ്ടുവരുകയാണ്. ഡിജിറ്റൽ സാങ്കേതികവിദ്യയെ അതിവേഗം പുണർന്ന രാജ്യങ്ങളായ ഡെൻമാർക്ക്, സ്വീഡൻ, ഫിൻലൻഡ് എന്നിവിടങ്ങളിൽതന്നെയാണ് ഈ തിരിച്ചുപോക്കിന് വേഗംകൂടുതൽ. നോക്കിയയുടെ നാടായ ഫിൻലൻഡ്, 7-16 പ്രായക്കാർ സ്‌കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കഴിഞ്ഞവർഷം കർശനനിയന്ത്രണം കൊണ്ടുവന്നു. 16 വയസ്സുവരെയുള്ളവർ സ്‌കൂളിൽ മൊബൈൽ ഫോണും സ്വന്തം ടാബും ഉപയോഗിക്കുന്നത് നിരോധിച്ചുള്ള നിയമം ഡെൻമാർക്ക് ഇക്കൊല്ലം പാസാക്കും. 2018-ൽതന്നെ സ്‌കൂളുകളിൽ സ്മാർട്‌ഫോണുകൾ നിരോധിച്ച ഫ്രാൻസ്, ഇപ്പോൾ കുട്ടികളുടെ ശ്രദ്ധക്കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ്. ക്ലാസിൽ കുട്ടികളുടെ ഇടപെടൽ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി, നെതർലൻഡ്‌സ്. ഡിജിറ്റൽ പഠനരീതിയുടെ പ്രോത്സാഹകരായിരുന്ന ദക്ഷിണ കൊറിയ, വിദ്യാർഥികളുടെ സ്‌ക്രീൻ ആസക്തിയെയും മാനസികരോഗ്യത്തെയും കുറിച്ച് ആകുലരാണ്.

ആശങ്കയിൽ വ്യവസായലോകം

സ്മാർട്‌ഫോൺ നിരോധനംകൊണ്ട് പ്രയോജനമുണ്ടോ എന്നകാര്യത്തിൽ ശാസ്ത്രീയപഠനങ്ങളും തെളിവുകളും തുലോം കുറവാണ്. എങ്കിലും ഫോൺ ഉപയോഗത്തിലെ നിയന്ത്രണം കുട്ടികളിൽ ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കും എന്നകാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായം. അതിന്റെ അടിസ്ഥാനത്തിലാണ് വിവിധരാജ്യങ്ങൾ ക്ലാസ് മുറികളിൽനിന്ന് ഫോണുകളെ പുറത്താക്കുന്നത്.

നിർമിതബുദ്ധി(എ.ഐ.)യുടെ കാര്യത്തിലും സ്വീഡിഷ്സർക്കാരിന് ഈ കരുതലുണ്ട്. എ.ഐ.യുടെ സാധ്യതകൾ, അവസരങ്ങൾ എന്നിവയ്ക്കൊപ്പം അപകടവും സെക്കൻഡറി സ്‌കൂളുകളിൽ പഠിപ്പിക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. എന്നാൽ, പാഠ്യപദ്ധതിയിൽ എ.ഐ. ഉൾപ്പെടുത്തണമെന്നാണ് സർക്കാരിന്റെ വിമർശകരുടെ ആവശ്യം.

അതേസമയം, ഡിജിറ്റൽനൈപുണിയുടെ ആവശ്യം അനുദിനം വർധിച്ചുവരുന്ന ആഗോള തൊഴിൽമേഖലയെ ഈ നിയന്ത്രണങ്ങൾ എങ്ങനെ ബാധിക്കും എന്ന ആശങ്ക പങ്കുവെക്കുന്നു, സ്വീഡിഷ് എഡ്‌ടെക് ഇൻഡസ്ട്രി എന്ന തൊഴിലാളിസംഘടന. തൊഴിലിടത്തും സമൂഹത്തിലും പങ്കാളിത്തം ഉറപ്പാക്കണമെങ്കിൽപ്പോലും ഡിജിറ്റൽരംഗത്ത് അടിസ്ഥാനനൈപുണി ആവശ്യമാണെന്ന സ്ഥിതിയാണിന്ന്. ആധുനികതൊഴിലുകളിൽ 90 ശതമാനവും ചെയ്യണമെങ്കിൽ ഡിജിറ്റൽപ്രാഗല്‌ഭ്യം വേണമെന്നു ചൂണ്ടിക്കാട്ടുന്നു, ലോക സാമ്പത്തികഫോറം.

യൂറോപ്യൻ യൂണിയൻ അടുത്തിടെ ഇറക്കിയ റിപ്പോർട്ടിലും ഇതുതന്നെ പറയുന്നു. ടെക് യൂണികോണുകളുടെ (100 കോടി ഡോളറിലേറെ മൂല്യമുള്ള സ്വകാര്യകമ്പനികൾ) കാര്യത്തിൽ ലോകത്തെ ആദ്യ പത്തുരാജ്യങ്ങളിൽ ഒന്നാണ് സ്വീഡൻ. ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ യൂറോപ്പിലെ നമ്പർ വണ്ണും. ഡിജിറ്റൽ ഉപകരണങ്ങൾക്ക് പ്രാധാന്യം നൽകിയ പാഠ്യപദ്ധതിയാണ് ഇതിനൊക്കെ സ്വീഡനെ പ്രാപ്തമാക്കിയതെന്നാണ് ഒരുവിഭാഗത്തിന്റെ അഭിപ്രായം. അതു പൂർണമായി കൈവിടുന്നത് സ്വീഡനെ പിന്നോട്ടടിക്കും എന്ന വാക്കുകളൊന്നും സർക്കാർ ചെവിക്കൊള്ളുന്നില്ല. കുട്ടികളെ പുസ്തകം വായിപ്പിച്ചും കടലാസിൽ എഴുതിച്ചും നന്നാക്കിയേ അടങ്ങൂ എന്ന നിലപാടിലാണ് അവർ.