ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി 2024, 2026 വർഷങ്ങളിലുണ്ടായ ചോദ്യപ്പേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയും കടുത്ത മാനസിക വിഷമത്തിലാക്കിയെന്ന് സുപ്രീംകോടതി. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി പോലുള്ള സ്ഥാപനങ്ങൾക്ക് കൃത്യമായ ഉത്തരവാദിത്തവും സുസ്ഥിരമായ പ്രവർത്തനശൈലിയും ഉണ്ടാകണമെന്ന് കോടതി നിർദേശിച്ചു.
വർഷങ്ങളുടെ കഠിനാധ്വാനവും പ്രതീക്ഷകളുമാണ് ചോദ്യപ്പേപ്പർ ചോർച്ചയിലൂടെ ഇല്ലാതാകുന്നതെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ‘ഇങ്ങനെയൊന്ന് സംഭവിക്കുമ്പോൾ അത് വിദ്യാർഥികളെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയും തളർത്തും. വർഷങ്ങളുടെ അധ്വാനമാണ് ഇത്തരത്തിലുള്ള സംഭവങ്ങളിൽ നഷ്ടപ്പെടുന്നത്. എന്നാൽ, ഈ പ്രശ്നം നമുക്ക് പരിഹരിക്കാൻ കഴിയാത്ത ഒന്നല്ല’-ജസ്റ്റിസ് നരസിംഹ പറഞ്ഞു.
ഇന്ത്യയിലെ പല പ്രമുഖ സ്ഥാപനങ്ങളിലും പ്രത്യേകിച്ച് എൻ.ടി.എയിൽ മുൻകാല അനുഭവങ്ങളിൽ നിന്ന് പഠിക്കാനുള്ള സംവിധാനത്തിന്റെ കുറവുമാണ് പ്രധാന പ്രശ്നമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതുവരെ ഒരു ചോദ്യപ്പേപ്പർ ചോർച്ച പോലും ഉണ്ടായിട്ടില്ലാത്ത യു.പി.എസ്.സി പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് എൻ.ടി.എ പാഠങ്ങൾ ഉൾക്കൊള്ളണമെന്നും കോടതി ഓർമിപ്പിച്ചു. ആര് ഉത്തരവാദിയാകും എന്നതിനേക്കാൾ, ഏത് വ്യക്തിക്കാണ് ഇതിന്റെ ചുമതല എന്ന് കൃത്യമായി നിശ്ചയിക്കുമ്പോൾ മാത്രമേ യഥാർത്ഥ ഉത്തരവാദിത്തം ഉണ്ടാകൂ എന്നും കോടതി വ്യക്തമാക്കി.
ഭാവിയിൽ പരീക്ഷാ ചോർച്ചകൾ തടയുന്നതിനും എൻ.ടി.എയുടെ ശേഷി വർധിപ്പിക്കുന്നതിനുമായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദീകരിച്ച് ആറാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോട് കോടതി നിർദേശിച്ചു. വിദഗ്ധരായ ഉദ്യോഗസ്ഥരെ നിലനിർത്താനും സ്ഥാപനത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനും പരീക്ഷാ നടത്തിപ്പിൽ വൈവിധ്യമാർന്ന വൈദഗ്ധ്യം കൊണ്ടുവരാനും എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. കേസ് ജൂലായ് രണ്ടാം വാരത്തിൽ വീണ്ടും പരിഗണിക്കും.
നീറ്റ് പരീക്ഷാ സമ്പ്രദായം കുറ്റമറ്റതാക്കാനുള്ള ശ്രമങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നതെന്ന് എൻ.ടി.എയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
എൻ.ടി.എയുടെ പുതിയ പരിഷ്കാരങ്ങൾ
പരീക്ഷാ ചോർച്ചയുണ്ടായ പശ്ചാത്തലത്തിൽ പരീക്ഷാ നടത്തിപ്പ് കൂടുതൽ സുരക്ഷിതമാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് എൻ.ടി.എ കോടതിയിൽ സത്യവാങ്മൂലം നൽകി. സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ചോദ്യപ്പേപ്പർ തയ്യാറാക്കൽ, അച്ചടി, സുരക്ഷിതമായ ഗതാഗതം, സംഭരണം എന്നിവയിൽ വലിയ മാറ്റങ്ങളാണ് എൻ.ടി.എ വരുത്തിയിരിക്കുന്നത്:
-
ഒന്നിലധികം ചോദ്യപ്പേപ്പറുകൾ: പരീക്ഷയ്ക്കായി ഒന്നിലധികം സെറ്റ് ചോദ്യപ്പേപ്പറുകൾ തയ്യാറാക്കും. ഇതിൽ ഒരു സെറ്റ് ബാക്കപ്പായി സൂക്ഷിക്കും. ചോദ്യപ്പേപ്പറുകൾക്ക് പരമ്പരാഗത എ, ബി, സി, ഡി സീരീസുകൾക്ക് പകരം സങ്കീർണമായ കോഡുകൾ നൽകും. ചോദ്യങ്ങളുടെയും ഓപ്ഷനുകളുടെയും ക്രമത്തിലും മാറ്റമുണ്ടാകും.
-
അച്ചടിശാലകളിൽ കനത്ത സുരക്ഷ: അച്ചടി പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിക്കും. ഇവിടെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും സി.സി.ടി.വി ദൃശ്യങ്ങൾ പൂർണമായി സൂക്ഷിക്കുകയും ചെയ്യും.
-
കനത്ത കാവലിൽ ചോദ്യപ്പേപ്പർ വിതരണം: പവർ പ്രസ്സിൽ നിന്നും നോഡൽ ഹബ്ബുകളിലേക്ക് സി.ആർ.പി.എഫ് കാവലിൽ ഇന്ത്യാ പോസ്റ്റ് വഴിയായിരിക്കും ചോദ്യപ്പേപ്പറുകൾ എത്തിക്കുക. അവിടെ നിന്നും ജില്ലാ പോലീസ് കാവലിൽ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റും.
-
രഹസ്യ ഓപ്പറേഷൻ മുറികൾ: ചോദ്യപ്പേപ്പർ തയ്യാറാക്കുന്നവർക്കായി ഇന്റർനെറ്റോ മൊബൈൽ കണക്ഷനോ ഇല്ലാത്ത അത്യാധുനിക രഹസ്യമുറികൾ സജ്ജമാക്കും. ഇവിടുത്തെ റഫ് വർക്കുകൾ അപ്പോൾ തന്നെ നശിപ്പിക്കും. മാസ്റ്റർ കമ്പ്യൂട്ടറിൽ എൻക്രിപ്റ്റ് ചെയ്ത രീതിയിലായിരിക്കും ചോദ്യപ്പേപ്പർ സൂക്ഷിക്കുക.
വരുന്ന ജൂൺ 21-ന് നടക്കുന്ന പുനഃപരീക്ഷ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെയുള്ള മൾട്ടി-ലെയർ പരിശോധനകളോടെയും ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളോടെയുമായിരിക്കും നടത്തുകയെന്നും എൻ.ടി.എ അറിയിച്ചു. എൻ.ടി.എ പരിഷ്കരണ സമിതി അധ്യക്ഷൻ ഡോ. കെ. രാധാകൃഷ്ണനും കോടതിയിൽ ഹാജരായിരുന്നു. കഴിഞ്ഞ മേയ് മൂന്നിന്ന നടന്ന നീറ്റ്-യു.ജി പരീക്ഷ റദ്ദാക്കിയതോടെ രാജ്യത്തെ 23 ലക്ഷത്തോളം വിദ്യാർഥികളാണ് അനിശ്ചിതത്വത്തിലായത്.
Content Highlights: The Supreme Court has sharply criticized the National Testing Agency (NTA) over the NEET-UG paper leaks, stating it causes immense mental agony to lakhs of students, while the NTA has detailed major safety overhauls including encrypted master computers and CRPF security for upcoming exams.
Published: 29 May 2026, 06:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented