ന്യൂഡല്‍ഹി: അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് യുജിസി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രതിഷേധവുമായി ഡല്‍ഹിയിലെ വിവിധ വിദ്യാര്‍ഥി, അധ്യാപക സംഘടനകള്‍ രംഗത്ത്. കോവിഡ് വ്യാപനത്തിനിടെ പരീക്ഷ നടത്താനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും ഡല്‍ഹി സര്‍വകലാശാലയില്‍ ജൂലായ് 10 മുതല്‍ ആരംഭിക്കാനിരിക്കുന്ന ഓണ്‍ലൈന്‍ പരീക്ഷ ഉള്‍പ്പടെ റദ്ദാക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.

To advertise here,

യുജിസി മാര്‍ഗനിര്‍ദേശങ്ങളെ വിദ്യാര്‍ഥികളോടുള്ള ക്രൂരമായ തമാശയായേ കാണാനാവൂ എന്ന് എസ്.എഫ്.ഐ ട്വീറ്റ് ചെയ്തു. പരീക്ഷകള്‍ നടത്തുന്നതിന് തടസ്സമില്ലെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിക്കുമെന്ന് എന്‍.എസ്.യു.ഐ അറിയിച്ചു. വിദ്യാര്‍ഥികളെ പാടെ അവഗണിച്ചുകൊണ്ടുള്ളതാണ് യുജിസി മാര്‍ഗനിര്‍ദേശങ്ങളെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപക സംഘടനയും (ഡി.യു.ടി.എ) പറയുന്നു.

വിദ്യാര്‍ഥികളുടെ അധ്യാപകരുടെയും പ്രതിഷേധങ്ങള്‍ നിലനില്‍ക്കുമ്പോഴും ഓണ്‍ലൈന്‍ ഓപ്പണ്‍ബുക്ക് പരീക്ഷയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് ഡല്‍ഹി സര്‍വകലാശാല. ഇപ്പോള്‍ നടത്തിവരുന്ന പരീക്ഷകള്‍ നിര്‍ത്തിവെക്കണമെന്ന തരത്തില്‍ യുജിസി നിര്‍ദേശങ്ങളൊന്നും തന്നെയില്ല. ഇത്തരത്തില്‍ പരീക്ഷ നടത്തുമ്പോള്‍ കോപ്പിയടി ഉള്‍പ്പടെയുള്ള ക്രമക്കേടുകള്‍ നടക്കുമെന്നും വിശ്വാസ്യത ഇല്ലാതാകുമെന്നും അധ്യാപക സംഘടന ചൂണ്ടിക്കാണിക്കുന്നു.

അവസാന വര്‍ഷ പരീക്ഷകള്‍ സെപ്റ്റംബറില്‍ നടത്താമെന്ന മാര്‍ഗനിര്‍ദേശം യുജിസി തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്. സെപ്റ്റംബറില്‍ പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് പിന്നീട് അവസരം നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. 

Content Highlights: Students' and Teachers' Associations Protest on UGC's Guideline for Conducting Final Year Exams