
ആറ്റിങ്ങൽ: എട്ടാം ക്ലാസുകാരി അനുപമ ഓരോ ദിവസവും ഓരോ പുസ്തകം വായിച്ച് അതിന്റെ സാരാംശവും ആസ്വാദനവും മറ്റുള്ളവർക്കായി വീഡിയോ രൂപത്തിൽ അവതരിപ്പിക്കും. സാത്വിക ദിലീപ് പോസ്റ്റ് ചെയ്യുന്ന ചെമ്പരത്തിപ്പൂ സ്ക്വാഷ്, മാംഗോ കേക്ക്, ചെമ്പരത്തിപ്പൂമൊട്ട് തോരൻ, ഓട്സ് ഓംലെറ്റ് തുടങ്ങിയവ വൈറലായിക്കഴിഞ്ഞു. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ വിദ്യാർഥിപ്പോലീസാണ് അടച്ചിടൽകാലം മാറ്റങ്ങളുടെ വസന്തകാലമാക്കുന്നത്.
ബ്രേക്ക് ദി ചെയിൻ മേയ്ക്ക് ദി ചെയ്ഞ്ച് എന്ന ആശയം മാതൃകാപരമായി നടപ്പാക്കുകയാണിവർ. കൂട്ടുകൂടിയുള്ള പ്രവർത്തനങ്ങൾ ഇല്ലാതായതോടെ സോഷ്യൽ മീഡിയ ഗ്രൂപ്പിലൂടെ ആശയവിനിമയത്തിന്റെയും സർഗശേഷിവികസനത്തിന്റെയും പുതിയ പ്രവർത്തനങ്ങൾ നടത്തുകയാണിവിടെ. കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു കുട്ടികൾക്കുവേണ്ട മാർഗനിർദേശങ്ങൾ നൽകുന്നു. ഒരോ ദിവസവും കുട്ടികൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ വൈകീട്ട് ചാനലിലൂടെ ഗ്രൂപ്പിലുള്ള മുഴുവൻ കേഡറ്റുകൾക്കും രക്ഷിതാക്കൾക്കുമായി എത്തിക്കുന്നു. ഇൻഫർമേഷൻ ടെക്നോളജിയുടെ സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഈ സംവിധാനം സ്കൂളുകൾക്കാകെ മാതൃകയാവുകയാണ്.
കൊറോണക്കാലത്ത് ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ നിലനിർത്താൻ അനഘഭൂപേഷ് യോഗ പരിശീലനത്തിനു നേതൃത്വം നൽകുന്നു. ഉപയോഗശൂന്യമായ വസ്തുക്കളെ പുനരുപയോഗസാധ്യതയുള്ള അലങ്കാരവസ്തുക്കളായി മാറ്റുന്നതിനുള്ള പരിശീലന പരിപാടിക്ക് അനുരാഖി, അഞ്ജന, അനഘ ജി.നായർ എന്നിവർ നേതൃത്വംനല്കുന്നു. ദേവസൂര്യ കൂട്ടുകാർക്ക് കരാട്ടെ പരിശീലനം നൽകുന്നു. ഇവയ്ക്കുപുറമേ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ച് പോസ്റ്റ് ചെയ്യുന്നു. പാട്ടും ഉപകരണസംഗീതവും കുട്ടികൾ എഴുതിയ കഥകളും കവിതകളും ഗണിത പസിലുകളും ചിത്രങ്ങളുമൊക്കെയായി ദിവസവും ഒട്ടേറെ വീഡിയോകൾ എത്തുന്നു. കൂടാതെ അധ്യാപകർ ശേഖരിക്കുന്ന പൊതുവിജ്ഞാനം, ബോധവത്‌കരണ വീഡിയോകൾ കൊറോണയ്ക്കെതിരായ ബോധവത്‌കരണ സന്ദേശങ്ങൾ എന്നിവയും പോസ്റ്റു ചെയ്യുന്നു.
മാറിനില്ക്കാതെ എല്ലാവരും അവരുടെ കഴിവുകളുമായി വരുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രക്ഷിതാക്കളുടെ മേൽനോട്ടത്തിലാണ് കുട്ടികളുടെ പ്രവർത്തനങ്ങൾ. രക്ഷിതാക്കൾ തയ്യാറാക്കിയ നൂറിലധികം മാസ്കുകൾ കൊറോണ പ്രതിരോധ പ്രവർത്തകർക്കായി ആറ്റിങ്ങൽ നഗരസഭയ്ക്കു കൈമാറിയിരുന്നു.
Content Highlights: Student police cadets in Attingal makes this lockdown more creative
Published: 17 Apr 2020, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented