രാജ്യത്തെ വിവിധ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (AISSEE) പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷിക്കാന്‍ സാധിക്കുക.
താത്പര്യമുള്ളവര്‍ക്ക് 2025 ഒക്ടോബര്‍ പത്ത് മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.nic.in/sainik-school-socitey വഴി അപേക്ഷകള്‍ അയക്കാം. ഒക്ടോബര്‍ മുപ്പതാണ് അവസാന തിയതി. 2025 നവംബര്‍ രണ്ട് മുതല്‍ നവംബര്‍ നാല് വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുവാനുള്ള അവസരമുണ്ടാകും. 2026 ജനുവരിയില്‍ പ്രവേശന പരീക്ഷ നടത്തുമെന്നാണ് നിലവില്‍ സൂചിപ്പിച്ചിരിക്കുന്നത്. കൃത്യമായ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
2026 മാര്‍ച്ച് 31-ന് പത്തിനും പന്ത്രണ്ടിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിക്കാന്‍ സാധിക്കുക. ഒമ്പതാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി 2026 മാര്‍ച്ച് 31-ന് പതിമൂന്നിനും പതിനഞ്ചിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പരീക്ഷാ രീതിയും ഘടനയും
190 നഗരങ്ങളില്‍ നിന്ന് 2026 വര്‍ഷത്തെ എ.ഐ.എസ്.എസ്.ഇ.ഇ പ്രവേശന പരീക്ഷ നടക്കും. ഒഎംആര്‍ രീതിയിലാണ് പരീക്ഷ നടത്തുക.
150 മിനിറ്റ് നീണ്ടു നില്‍ക്കുന്നതാണ് ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ. ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പടെ പതിമൂന്ന് ഭാഷകളില്‍ പരീക്ഷ എഴുതാന്‍ സാധിക്കും. മൂന്നൂറ് മാര്‍ക്കിനുള്ള 125 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളാണ് ഉണ്ടാവുക. ചോദ്യങ്ങളുടെ വിതരണം:
- ഭാഷ- 25 ചോദ്യങ്ങള്‍ (50 മാര്‍ക്ക്)
- ഗണിതം-50 ചോദ്യങ്ങള്‍ (150 മാര്‍ക്ക്)
- ഇന്റലിജന്‍സ്- 25 ചോദ്യങ്ങള്‍ (50 മാര്‍ക്ക്)
- പൊതുവിജ്ഞാനം- 25 ചോദ്യങ്ങള്‍ (50 മാര്‍ക്ക്)
ഒമ്പതാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമേ എഴുതാന്‍ സാധിക്കൂ. 400 മാര്‍ക്കിനായുള്ള 150 ചോദ്യങ്ങള്‍ എഴുതാന്‍ 180 മിനിറ്റാണ് ലഭിക്കുക. ചോദ്യങ്ങളുടെ വിതരണം:
- ഗണിതം- 50 ചോദ്യങ്ങള്‍ (200 മാര്‍ക്ക്)
- ഇംഗ്ലീഷ്- 25 ചോദ്യങ്ങള്‍ ( 50 മാര്‍ക്ക്)
- ഇന്റലിജന്‍സ്- 25 ചോദ്യങ്ങള്‍ (50 മാര്‍ക്ക്)
- സയന്‍സ്- 25 ചോദ്യങ്ങള്‍ (50 മാര്‍ക്ക്)
- സാമൂഹ്യശാസ്ത്രം- 25 ചോദ്യങ്ങള്‍ (50 മാര്‍ക്ക്)
അപേക്ഷ ഫീ, യോഗ്യത മാനദണ്ഡം
- ജനറല്‍, ഒബിസി(എന്‍സിഎല്‍), പ്രതിരോധ ഉദ്യോഗസ്ഥന്‍, മുന്‍ സൈനികന്‍- 850/-
- എസ്.സി, എസ്.ടി- 700/-
പ്രവേശന പരീക്ഷയില്‍ യോഗ്യത നേടാനായി എല്ലാ വിഭാഗത്തിലും 25 ശതമാനം നേടുന്നതിനൊപ്പം മൊത്തത്തില്‍ നാല്‍പത് ശതമാനം സ്‌കോറും നേടണം. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ഇത് ബാധകമല്ല.
അപേക്ഷ അയക്കേണ്ട വിധം
- ഔദ്യോഗിക വെബ്‌സൈറ്റായ https://exams.nta.nic.in/sainik-school-society/ സന്ദര്‍ശിക്കുക.
- 'Apply for AISSEE 2026' സെലക്ട് ചെയ്ത് പ്രാഥമിക വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
- അക്കാദമിക് വിവരങ്ങള്‍, വ്യക്തഗത വിവരങ്ങള്‍, പരീക്ഷയിമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ നല്‍കി അപേക്ഷ ഫോം പൂര്‍ത്തിയാക്കുക.
- അപേക്ഷകന്റെ ഫോട്ടോ, ഒപ്പ്, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
- ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ എന്നിവ വഴി അപേക്ഷ ഫീസ് അടയ്ക്കാം.
പരീക്ഷ നടത്തി നാല് മുതല്‍ ആറ് ആഴ്ച്ചകള്‍ക്കുള്ളില്‍ ഫലമറിയാം. അഡ്മിറ്റ് കാര്‍ഡ്, പരീക്ഷ സെന്റര്‍, ഫല പ്രഖ്യാപനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.ടി.എ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.
അപേക്ഷയെ സംബന്ധിച്ചും യോഗ്യത മാനദണ്ഡങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ പരിശോധിക്കുക.
Content Highlights: Apply for Sainik School entrance exam (AISSEE 2026) for Class 6 & 9. Last date Oct 30. Exams in Jan 2026.
Published: 11 Oct 2025, 09:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented