അധ്യാപക നിയമനത്തിനുള്ള അടിസ്ഥാനയോഗ്യതയായ ടെറ്റ് 2027 സെപ്റ്റംബർ ഒന്നിനുള്ളിൽ നേടാത്തവർക്ക് ജോലി നഷ്ടപ്പെടുമെന്ന സുപ്രീംകോടതിവിധി നിലനിൽക്കേ കെ-ടെറ്റ് ഇളവുകളുമായി വീണ്ടും പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്-എൽപിഎസ്- മലപ്പുറം), പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം-വയനാട്), ഹൈസ്‌കൂൾ ടീച്ചർ (ഫിസിക്കൽ സയൻസ് -ബൈ ട്രാൻസ്ഫർ-ഇടുക്കി), പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി-എറണാകുളം) തുടങ്ങി ഒട്ടേറെ അധ്യാപക തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലാണ് ഇളവ്.

To advertise here,

2025 സെപ്റ്റംബർ ഒന്നിലെ വിധി നിലവിൽ ജോലി ചെയ്യുന്നവരെപ്പോലും പ്രതിസന്ധിയിലാക്കുമ്പോഴാണ് പുതിയ നിയമനങ്ങളിലും ഇളവുനൽകാനുള്ള തീരുമാനം. സി-ടെറ്റ്, നെറ്റ്, സെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് യോഗ്യതയുള്ളവർക്കാണ് മുൻകാലങ്ങളിലെന്നപോലെ ഇളവു നൽകിയിട്ടുള്ളത്. എംഎഡ് ബന്ധപ്പെട്ട വിഷയത്തിൽ വേണമെന്ന് നിബന്ധനയില്ലെന്നും പറയുന്നു. നിയമവിരുദ്ധ ഇളവുകൾനൽകി അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിച്ചാലും യോഗ്യതയില്ലെന്ന കാരണത്താൽ പിന്നീട് പുറത്താക്കപ്പെടാമെന്നതാണ് ആശങ്ക.

പുതിയ വിജ്ഞാപനത്തിലും ഇളവ്

കെ-ടെറ്റ് പരീക്ഷയ്ക്കായി പരീക്ഷാ കമ്മിഷണറുടെ കാര്യാലയം തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിലും ഇതേ ഇളവുകൾ. സി-ടെറ്റ് പ്രൈമറി സ്റ്റേജ് പാസായവരെ കെ-ടെറ്റ് കാറ്റഗറി ഒന്നിൽനിന്നും സി-ടെറ്റ് എലമെന്ററി സ്റ്റേജ് പാസായവരെ കെ-ടെറ്റ് കാറ്റഗറി രണ്ടിൽനിന്നും ഒഴിവാക്കി.

നെറ്റ്, സെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് യോഗ്യതകൾ നേടിയവർക്ക് കെ-ടെറ്റ് ആവശ്യമില്ല. കാറ്റഗറി മൂന്നു വിജയിച്ച ഭാഷാധ്യാപകരെ കാറ്റഗറി നാല് നേടുന്നതിൽനിന്ന് ഒഴിവാക്കി. 2025 സെപ്റ്റംബറിലെ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമാണ് മേൽപ്പറഞ്ഞ ഇളവുകൾ എന്നൊരു കുറിപ്പ് ഒപ്പം നൽകിയിട്ടുണ്ട്. എന്നാൽ, ഇതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്നാണ് ഉദ്യോഗാർഥികളുടെ ചോദ്യം.

കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി സംസ്ഥാനസർക്കാർ നീക്കങ്ങൾക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എൻടിയു സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ പറഞ്ഞു.