സംസ്ഥാനത്ത് പ്രൈമറി മുതൽ ഹൈസ്‌കൂൾതലം വരെയുള്ള ക്ലാസുകളിലേക്കുള്ള അധ്യാപകരാകനുള്ള യോഗ്യതാപരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ഡിസംബർ സെഷനിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കേരള പരീക്ഷാഭവനാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. 2025 ഡിസംബർ 22- ന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

To advertise here,

ഡിസംബർ 30 വരെയാണ് കെടെറ്റിന്‌ അപേക്ഷിക്കാനും അപേക്ഷയുടെ ഫൈനൽ പ്രിന്റ് എടുക്കാനും സാധിക്കുക. കാറ്റഗറി I മുതൽ കാറ്റഗറി IV വരെ നാല് വിഭാഗങ്ങളിലേക്കുള്ള പരീക്ഷയാണ് 2026 ഫെബ്രുവരിയിൽ നടക്കുക. ഓൺലൈനായിട്ടാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

അപേക്ഷയിൽ നൽകിയിട്ടുള്ള എല്ലാ കാര്യങ്ങളും കൺഫർമേഷൻ കൊടുക്കുന്നതിന് മുൻപ് ശരിയാണെന്ന് ഉറപ്പുവരുത്തണം. ഒരു പ്രാവശ്യം അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ പിന്നീട് തിരുത്തലുകൾ വരുത്താൻ സാധിക്കില്ല. കെടെറ്റ് പരീക്ഷയുടെ അപേക്ഷാഫീസ് 500 രൂപയാണ്. പട്ടികജാതി/പട്ടികവിഭാഗം, ഭിന്നശേഷിക്കാർ 250 രൂപ അടച്ചാൽ മതി. പരീക്ഷയുടെ ഹാൾടിക്കറ്റ് ഫെബ്രുവരി 11- ന് വെബ്‌സൈറ്റിൽ ലഭ്യമാകും.

രാവിലെയും ഉച്ചയ്ക്കുശേഷവുമായി രണ്ട് ദിവസങ്ങളിൽ പരീക്ഷ നടക്കും. കാറ്റഗറി ഒന്ന്, രണ്ട് വിഭാഗങ്ങളുടെ പരീക്ഷ 2026 ഫെബ്രുവരി 21 ശനിയാഴ്ച നടക്കും. കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ ഫെബ്രുവരി 23- ന് തിങ്കളാഴ്ചയാണ് നടത്തുക. രണ്ടര മണിക്കൂറാണ് എല്ലാ പരീക്ഷകളുടേയും ദൈർഘ്യം. പരീക്ഷാകേന്ദ്രം അഡ്മിറ്റ്‌ കാർഡിൽ ഉൾപ്പെടുത്തും.

അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഒന്നിൽ കൂടുതൽ കാറ്റഗറി എഴുതുന്നതിന് പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ട ആവശ്യം ഇല്ല.
  • അപേക്ഷ ഓൺലൈനായി സമർപ്പിക്കുക. അപേക്ഷയുടെ പ്രിന്റൗട്ട് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല.
  • അപേക്ഷിക്കുന്ന ആളുടെ പേര്, ജനനത്തീയതി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, കാറ്റഗറി, ഭിന്നശേഷി സംവരണം എന്നിവ കൃത്യമായി തെറ്റുകൂടാതെ രേഖപ്പെടുത്തണം.
  • അപേക്ഷയിൽ ഉൾപ്പെടുത്തുന്ന ഫോട്ടോയിൽ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തേണ്ടതില്ല.
  • അപ്ലിക്കേഷൻ നമ്പർ, ഐഡി എന്നിവ പരീക്ഷയുമായി ബന്ധപ്പെട്ട് തുടർന്നുള്ള ആവശ്യത്തിനായി സൂക്ഷിച്ചുവെക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയ വിജ്ഞാപനം നോക്കുക.