കോഴിക്കോട്: പി.എം.ശ്രീ. വിഷയത്തിൽ കേന്ദ്രവും കേരളവും തമ്മിലുള്ള തർക്കവും വിവാദവുമൊക്കെ എല്ലാവരും കേട്ടെങ്കിലും അതുകാരണം ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടുന്ന പ്രതിസന്ധി ആരും അറിഞ്ഞില്ല. സമഗ്രശിക്ഷ കേരള (എസ്.എസ്.കെ.) പദ്ധതി വഴിയാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ശ്രവണ സഹായിയും കണ്ണടയും വീൽച്ചെയർ ഉൾപ്പെടെയുള്ള ഓർത്തോട്ടിക്സ് ഉപകരണങ്ങളും സൗജന്യമായി നൽകിയിരുന്നത്. പി.എം.ശ്രീ.യിൽ ഒപ്പിടാതെ കേന്ദ്രഫണ്ട് മുടങ്ങിയതോടെ ഈ ആനുകൂല്യങ്ങളും കിട്ടാതായി.
രണ്ടരവർഷത്തോളമായി സഹായങ്ങൾ മുടങ്ങിയിട്ട്. അധ്യയനവർഷം തുടങ്ങുന്ന ജൂണിൽ ബി.ആർ.സി.കൾ വഴി ഭിന്നശേഷിക്കാരായ കുട്ടികളുടെ സർവേയും മെഡിക്കൽ ക്യാമ്പും നടത്തി ഡോക്ടർമാർ നിർദേശിക്കുന്ന ഉപകരണങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുകയായിരുന്നു പതിവ്.
കിടപ്പിലായ ഭിന്നശേഷിവിദ്യർഥികൾക്കായി സംഘടിപ്പിച്ചിരുന്ന വിനോദയാത്രകൾ, സഹവാസ ക്യാമ്പുകൾ എന്നിവയും നടക്കുന്നില്ല. ഈ വിഭാഗം വിദ്യാർഥികൾക്കുള്ള യാത്രാഅലവൻസും ഒപ്പം നിൽക്കുന്നവർക്ക് ലഭിച്ചിരുന്ന എസ്കോർട്ട് അലവൻസും കുടിശ്ശികയാണ്.
ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്ക്യുപേഷണൽ തെറാപ്പി തുടങ്ങിയ സൗജന്യസേവനങ്ങളും മുടങ്ങി. സ്വകാര്യ സ്ഥാപനങ്ങളിൽ ഇവയ്ക്ക് വൻതുക ചെലവഴിക്കണം. ഫണ്ട് ലഭിക്കാഞ്ഞതിനെത്തുടർന്ന് തെറാപ്പിസ്റ്റുകൾ ഉൾപ്പെടെയുള്ളവർക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നില്ല. കഴിഞ്ഞ പത്തുവർഷമായി ശമ്പളവർധനയുമില്ല. ഇതുകാരണം പലരും ജോലിയുപേക്ഷിച്ച് പോകാൻ തുടങ്ങിയതോടെ ഒട്ടേറെ തെറാപ്പി കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്ന നിലയിലാണ്.
പുറമേനിന്ന് വാങ്ങാൻ കൊടുക്കണം വലിയ വില
- ശ്രവണസഹായി കുറഞ്ഞത് 30,000 രൂപ.
കുട്ടികളായതിനാൽതന്നെ കളിക്കുകയും മറ്റും ചെയ്യുമ്പോൾ ശ്രവണ സഹായിയും മറ്റും പെട്ടെന്ന് കേടാവും. അതുകൊണ്ട് ഒരോ വർഷവും ഇടവിട്ട് ഇതെല്ലാം നൽകിയിരുന്നു.
- വീൽച്ചെയർ, തലയുറയ്ക്കാത്ത കുട്ടികൾ ഉപയോഗിക്കുന്ന സി.പി. ചെയർ 7000 മുതൽ 8000 രൂപവരെ.
- മറ്റ് ഓർത്തോട്ടിക്സ് ഉപകരണങ്ങൾക്ക് 5000 മുതൽ 10,000 രൂപ വരെ വില.
Content Highlights: PM SHRI agreement dispute has frozen central funds for Kerala's Samagra Shiksha project. Disabled students are deprived of free hearing aids, wheelchairs, and orthopedic equipment. Essential therapy services (Physio, Speech, Occupational) have stopped due to unpaid salaries. Over 2.5 years of funding arrears have forced many therapy centers to close. Parents are forced to pay high market prices for essential assistive devices.
Published: 01 Jul 2026, 08:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented