പുല്പള്ളി: ഉന്നതപഠനത്തിനുള്ള സർക്കാരിന്റെ വിദ്യാഭ്യാസസഹായം, അർഹതയുണ്ടായിട്ടും അധികൃതരുടെ അനാസ്ഥയെത്തുടർന്ന് കഴിഞ്ഞ ഒൻപതുവർഷമായി നിഷേധിക്കപ്പെടുകയാണ് ‘എസ്.ടി.ഒ.ഇ.സി.’ വിദ്യാർഥികൾക്ക്. ആദിവാസി - ദളിത് ഉൾപ്പെടെയുള്ള പിന്നാക്കവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് സർക്കാർ നൽകിവരുന്ന ഇ-ഗ്രാന്റ് സ്‌കോളർഷിപ്പാണ് സാങ്കേതിക നൂലാമാലകൾ പറഞ്ഞ് ‘എസ്.ടി.ഒ.ഇ.സി.’ വിദ്യാർഥികൾക്ക് നൽകാതിരിക്കുന്നത്.

To advertise here,

ഇ-ഗ്രാന്റ് സ്‌കോളർഷിനുള്ള അപേക്ഷകൾ ഓൺലൈനാക്കി മാറ്റിയതുമുതലാണ് എസ്.ടി.ഒ.ഇ.സി. വിദ്യാർഥികൾ പുറത്തായത്.

കഴിഞ്ഞ ഒൻപതുവർഷമായിട്ടും ഈ സാങ്കേതിക തടസ്സം നീക്കാൻ സർക്കാർ സംവിധാനങ്ങൾ നടപടി സ്വീകരിച്ചിട്ടില്ല. ഇതോടെ കഴിഞ്ഞ വർഷങ്ങളിലായി നൂറുകണക്കിന് വിദ്യാർഥികൾക്കാണ് സർക്കാരിന്റെ വിദ്യാഭ്യാസ സഹായം നഷ്ടമായത്. ഈ അധ്യയന വർഷം ആരംഭിച്ചതിന് പിന്നാലെ ഈ-ഗ്രാന്റിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇത്തവണയും എസ്.ടി.ഒ.ഇ.സി. വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനാവുന്നില്ല.

ഇ-ഗ്രാന്റ് പോർട്ടലിൽ എസ്.ടി.ഒ.ഇ.സി. എന്ന വിഭാഗത്തെ ഓപ്ഷനിൽ ഉൾപ്പെടുത്താത്തതിനാലാണ് വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയാത്തത്. സാമ്പത്തികമായും സാമൂഹികമായും അംഗസംഖ്യയിലും ഏറെ പിന്നാക്കാവസ്ഥയിലുള്ള ഗോത്രവിഭാഗങ്ങളായ കളനാടി, കുണ്ടുവാടി തുടങ്ങിയ എട്ട് സമുദായങ്ങളിൽനിന്നുള്ള വിദ്യാർഥികളെ എസ്.ടി.ഒ.ഇ.സി. വിഭാഗമായി പരിഗണിച്ചാണ് സർക്കാർ വിദ്യാഭ്യാസസഹായം നൽകി വന്നിരുന്നത്.

മുൻപ് ഇവർക്ക് കൃത്യമായി ഇ-ഗ്രാന്റ് ലഭിച്ചിരുന്നതാണ്. എന്നാൽ കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പുതിയ വിജ്ഞാപനം പുറത്തിറക്കിയപ്പോൾ എസ്.ടി.ഒ.ഇ.സി. വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികളുടെ അപേക്ഷകൾ ഏതുവകുപ്പ് കൈകാര്യം ചെയ്യണമെന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇതോടെയാണ് പ്രതിസന്ധികൾ ആരംഭിച്ചതും.

മന്ത്രിമാരുടെയും ഉന്നതഉദ്യോഗസ്ഥരുടെയും അടുത്ത് സമുദായ സംഘടനാനേതാക്കളുടെ നേതൃത്വത്തിൽ നിരന്തര ഇടപെടൽ നടത്തിയതിന്റെ ഫലമായി കഴിഞ്ഞ വർഷം എസ്.ടി. വകുപ്പിനെ എസ്.ടി.ഒ.ഇ.സി. വിദ്യാർഥികളുടെ കാര്യം കൈകാര്യം ചെയ്യുന്നതിനായി ചുമതലപ്പെടുത്തുകയും ഫണ്ട് വകയിരുത്തുകയും ചെയ്തിരുന്നു. പക്ഷെ ഇ-ഗ്രാന്റ് പോർട്ടലിലെ ഒപ്ഷനിൽ ഉൾപ്പെടുത്താൻ ഇതുവരെയായിട്ടും നടപടിയുണ്ടായിട്ടില്ല.

ഹയർസെക്കൻഡറി തലം മുതൽ ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ ഉന്നതപഠനം നടത്തുന്ന സർക്കാർ, എയ്ഡഡ് മേഖലകളിലെ വിദ്യാർഥികൾക്ക് ഫീസിളവ് ലഭിക്കുന്ന സ്‌കോളർഷിപ്പാണ് ഇ-ഗ്രാന്റ്. അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്, സ്‌പെഷ്യൽ ഫീസ് തുടങ്ങിയവയാണ് സ്‌കോളർഷിപ്പ് തുകയായി ലഭിക്കുക.

സർക്കാർ ഇടപെടണം

‘നിർധന കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ് സ്‌കോളർഷിപ്പ് തുക വലിയ ആശ്വാസമായിരുന്നു. എന്നാൽ, പോർട്ടലിൽ അപേക്ഷിക്കാൻ സാധിക്കാതായതോടെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഏറെ പിന്നാക്കം നിൽക്കുന്ന എസ്.ടി.ഒ.ഇ.സി. വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് പഠനത്തിന് സഹായം നൽകാൻ സർക്കാർ അടിയന്തരമായി ഇടപെടണം’- ബിജേഷ് അടക്കാച്ചിറ, കളനാടി സമുദായസംഘടനാ ജനറൽ സെക്രട്ടറി