ന്യൂഡൽഹി: കോളേജുകളിൽ വിദ്യാർഥികൾക്ക് കൃത്യമായ പരിശീലനം ലഭിക്കുന്നില്ലെന്നത് കേരളത്തിലെ ഡെന്റൽ വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം കുറയ്ക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവവും രോഗികളുടെ കുറവും സ്വകാര്യ ഡെന്റൽ കോളേജുകളിൽ വിദ്യാർഥികളുടെ പ്രാവീണ്യത്തിനും പരിശീലനത്തിനും വിലങ്ങുതടിയാകുന്നു. സംസ്ഥാനത്തെ ഡെന്റൽ കോളേജുകളിൽ 25 മുതൽ മുപ്പതുവരെ ശതമാനം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിന് ഇതൊക്കെ കാരണമാവുന്നു.

To advertise here,

ഒപ്പം ഡെന്റൽ പ്രാഥമികാരോഗ്യ മേഖലയിൽ (പ്രൈമറി ഹെൽത്ത് സെക്ടർ) സർക്കാർമേഖലയിൽ എം.ബി.ബി.എസിനെ അപേക്ഷിച്ച് അവസരങ്ങൾ കുറവാണ്. എന്നാൽ, എം.ബി.ബി.എസ്. കോഴ്‌സ് ചെയ്യുന്നതിനു ഏകദേശം സമാനമായ ചെലവും സമയവും ബി.ഡി.എസിനും എം.ഡി.എസിനും ആവശ്യമാണ്. സ്വകാര്യ ഡെന്റൽകോളേജിൽ 20 ലക്ഷംരൂപവരെ നൽകി പഠിച്ചശേഷം തൊഴിലെടുക്കാൻ വീണ്ടും ലക്ഷങ്ങൾ മുടക്കി ക്ലിനിക്കുകൾ സ്ഥാപിച്ച് സ്വയം തൊഴിലിടങ്ങൾ ഒരുക്കേണ്ട സ്ഥിതിയാണെന്ന് ഡെന്റൽ കോളേജുകളിലെ വിദ്യാർഥികൾ വ്യക്തമാക്കുന്നു.

കുട്ടികളില്ലെങ്കിലും വേണം കോളേജ് പുതിയത്

വിദ്യാർഥികളില്ലാതെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോഴും പുതിയ ഡെന്റൽ കോളേജുകൾ അനുവദിക്കുന്നതിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകളിൽ വിട്ടുവീഴ്ചയില്ല. സ്വകാര്യ-സ്വാശ്രയ മേഖലകളിലാണ് കൂടുതൽ. 2014-നും 2023-നും ഇടയിൽ ബി.ഡി.എസ്. ബിരുദത്തിൽ 14 ശതമാനവും എം.ഡി.എസ്. ബിരുദത്തിന് 48 ശതമാനവും സീറ്റു വർധിപ്പിച്ചതായി ആരോഗ്യമന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

ആവശ്യകതയും മാനവവിഭവശേഷിയും പരിഗണിക്കാതെ കോളേജുകൾക്ക് അനുമതി കൊടുക്കുന്നതിനെതിരേ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ നൽകിയ ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.