കാസർകോട്: സംസ്ഥാനത്തെ 24 നഴ്സിങ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബി.എസ്‌സി. നഴ്സിങ് ഫലം കേരള ആരോഗ്യശാസ്ത്ര സർവകലാശാല തടഞ്ഞുവെച്ചു. 2023-24 അധ്യയന വർഷം തുടങ്ങിയതും സീറ്റ് വർധന നടപ്പാക്കിയവയുമുൾപ്പെടെയുള്ള കോളേജുകളിലെ 1500-ഒാളം വിദ്യാർഥികളുടെ ഫലമാണ് തടഞ്ഞുവെച്ചത്. പുതിയ കോളേജുകൾക്കും സീറ്റ് കൂട്ടിയതിനും ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ (ഐ.എൻ.സി.) അംഗീകാരമില്ലാത്തതാണ് നടപടിക്ക് കാരണം.
ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എസ്‌സി. നഴ്സിങ് പരീക്ഷയുടെ ഫലം ഇത്തവണ പതിവിലും വൈകി ജൂലായ് 17-നാണ് ആരോഗ്യശാസ്ത്ര സർവകലാശാല പ്രസിദ്ധീകരിച്ചത്. സാധാരണ പരീക്ഷ നടന്ന് രണ്ടുമാസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കുന്നതാണ്. ഇത് പുറത്തുവന്നപ്പോഴാണ് ഇത്രയും വിദ്യാർഥികളുടെ ഫലം തടഞ്ഞവിവരമറിയുന്നത്. ഏറെയും സർക്കാർ കോളേജുകളും സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളുമാണ്.
പുതിയ നഴ്സിങ് കോളേജിന് ആരോഗ്യശാസ്ത്ര സർവകലാശാല അഫിലിയേഷൻ നൽകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ നിരാക്ഷേപപത്രവും ഇന്ത്യൻ നഴ്സിങ് കൗൺസിൽ, കേരള നഴ്സിങ് കൗൺസിൽ എന്നിവയുടെ അംഗീകാരവും വേണം. നിലവിലുള്ള കോളേജുകളിൽ സീറ്റ് കൂട്ടുന്നതിനും ഇത് ആവശ്യമാണ്. സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് ഐ.എൻ.സി.യുടെ അംഗീകാരമില്ലാതെ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ ആരോഗ്യശാസ്ത്ര സർവകലാശാല ഈ കോളേജുകൾക്ക് താത്‌കാലികാനുമതി നൽകിയത്. വൈകാതെ ഐ.എൻ.സി. അംഗീകാരം നേടി കത്ത് ഹാജരാക്കണമെന്നും നിർദേശം നൽകിയിരുന്നു. കോളേജുകൾ ഇത് പാലിക്കാത്തതിനെത്തുടർന്നാണിപ്പോൾ ഫലം തടഞ്ഞുവെച്ചത്.
വിനയായത് തിടുക്കം
ആവശ്യമായ അംഗീകാരങ്ങൾ നേടാതെയും അടിസ്ഥാനസൗകര്യങ്ങളുമൊരുക്കാതെയും പുതിയ കോളേജുകൾ തുടങ്ങാൻ സർക്കാർ കാണിച്ച തിടുക്കമാണിപ്പോൾ പ്രശ്നമായത്. അധ്യയനവർഷം പകുതിയായപ്പോഴാണ് കഴിഞ്ഞ വർഷം പുതിയ കോളേജുകൾ തുടങ്ങാൻ സർക്കാർ പ്രാരംഭ നടപടി തുടങ്ങിയത്. ചില സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചും ഇതിനായി അനുകൂല ഉത്തരവ് നേടി.
ഐ.എൻ.സി. പിന്നീട് ചില കോളേജുകളിൽ പരിശോധന നടത്തിയെങ്കിലും 2024-25 വർഷത്തെ അംഗീകാരമാണ് നൽകിയത്. 2023-24 വർഷത്തെ അംഗീകാരം ഇനി എങ്ങനെ ലഭിക്കുമെന്നും വ്യക്തമല്ല. അംഗീകാരമില്ലാതെ കോളേജുകൾ തുടങ്ങുന്നതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് വിദ്യാർഥികളാണെന്ന് ഒരു മുതിർന്ന ഐ.എൻ.സി. അംഗം പറഞ്ഞു.
അവരുടെ ഉപരിപഠനത്തെയും ജോലിസാധ്യതകളെയും ഇത് പ്രതികൂലമായി ബാധിക്കും. 2022-ൽ ഐ.എൻ.സി. അംഗീകാരത്തോടെയാണ് സർക്കാർ മഞ്ചേരിയിലും കൊല്ലത്തും നഴ്സിങ് കോളേജുകൾ തുടങ്ങിയത്.
Content Highlights: Nursing council recognition issues
Published: 23 Jul 2024, 09:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented