കൊച്ചി: വിദേശ കുടിയേറ്റത്തെക്കുറിച്ചുള്ള ബോധവത്കരണം കാമ്പസുകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതി. നോർക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിലാണ് ഇതിനുള്ള ശ്രമം.

To advertise here,

വിദേശത്ത് ജോലിക്കുപോകുന്നവർക്ക് സുരക്ഷിത കുടിയേറ്റത്തിൽ മാർഗനിർദേശങ്ങൾ നൽകുന്നതിന് നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ ബോധവത്കരണപരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇത് വിദ്യാർഥികളിലേക്കുകൂടി എത്തിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്നാണിത് ആസൂത്രണം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭിപ്രായം തേടും. അവരുടെ നിർദേശങ്ങൾ കൂടി കണക്കിലെടുത്താണ് പദ്ധതി അന്തിമമാക്കുക.

വിദേശ കുടിയേറ്റത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണം കാമ്പസുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നത് കൂടുതൽ ഗുണകരമാകുമെന്നാണ് വിലയിരുത്തലെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശ്ശേരി പറഞ്ഞു.

സുരക്ഷിതമായ കുടിയേറ്റത്തിൽ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. നിലവിൽ വിദേശത്ത് പഠിക്കാൻപോകുന്ന കുട്ടികൾക്ക് പലപ്പോഴും വിദ്യാഭ്യാസ കൺസൾട്ടന്റ് നൽകുന്ന പരിമിതമായ അറിവ് മാത്രമേയുണ്ടാകൂ. വിദ്യാഭ്യാസമെന്നത് പല രാജ്യങ്ങളിലും വലിയ ബിസിനസായി മാറിക്കഴിഞ്ഞു. പഠിക്കുന്ന സ്ഥാപനത്തെക്കുറിച്ചും കോഴ്‌സിന്റെ സാധ്യതകളെക്കുറിച്ചുമെല്ലാം ധാരണയുണ്ടാകുന്നത് തട്ടിപ്പുകൾ ഒഴിവാക്കാൻ സഹായിക്കും. ഓരോ രാജ്യത്തെയും കുടിയേറ്റ നിയമങ്ങളെക്കുറിച്ചുള്ള ധാരണയും അത്യാവശ്യമാണ്. ഇതെല്ലാം കണക്കിലെടുത്താണ് കാമ്പസുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്കരണം ആസൂത്രണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. നോർക്കയുടെ സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടലിന്റെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും സെമിനാറുകളും നടത്തും.

നോർക്കയുടെ ആഭിമുഖ്യത്തിൽ പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാം വർഷങ്ങളായി നടത്തുന്നുണ്ട്. ഇത് വിദ്യാർഥികളിലേക്കുകൂടി എത്തിക്കുന്നതോടെ ഈ മേഖലയിലെ തട്ടിപ്പുകൾ ഒരുപരിധിവരെ തടയാനാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.