
ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്ക്പട്ടിക (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് - NIRF) പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം. കേരളത്തിലെ സർവകലാശാലകൾ മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്. സംസ്ഥാന സര്‍വകലാശാലകളുടെ റാങ്കിങ് പട്ടികയില്‍ കേരള യൂണിവേഴ്‌സിറ്റി ഒന്‍പതാം സ്ഥാനവും, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പത്താം സ്ഥാനവും, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി പതിനൊന്നാം റാങ്കും കരസ്ഥമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് 43-ാം റാങ്കുണ്ട്.
ആര്‍ക്കിടെക്ചര്‍ ആന്റ് പ്ലാനിങ് റാങ്കിങ്ങില്‍ എന്‍.ഐ.ടി കാലിക്കറ്റ് മൂന്നാം സ്ഥാനത്തും തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് (സി.ഇ.ടി)18-ാം സ്ഥാനത്തുമുണ്ട്. മാനേജ്മെൻ്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ ഐ ഐ എം കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്. NIRF റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ആദ്യ 300 കോളേജുകളില്‍ 71 എണ്ണം കേരളത്തില്‍ നിന്നുള്ളവയാണ്, അതില്‍ 16 എണ്ണം ഗവണ്‍മെന്റ് കോളേജുകളാണ്.
കോളേജുകളുടെ പട്ടികയില്‍ ആദ്യ 100 ല്‍ 16 കോളേജുകളും ആദ്യ 200 ല്‍ 42 കോളേജുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ 300 ല്‍ 71 കോളേജുകളാണ് കേരളത്തില്‍ നിന്നും ഉള്‍പ്പെട്ടിട്ടുള്ളത്. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് 20-ാം റാങ്കും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 22-ാം റാങ്കും, എറണാകുളം സെന്റ് തെരേസാസ് കോളേജ് 46-ാം റാങ്കും, സേക്രഡ് ഹാര്‍ട്ട് കോളേജ് തേവര 48-ാം റാങ്കും, ഗവ. വിമന്‍സ് കോളേജ് തിരുവനന്തപുരം 49-ാം റാങ്കും, എറണാകുളം മഹാരാജാസ് കോളേജ് 53-ാം റാങ്കും നേടിയിട്ടുണ്ട്.
ആദ്യ 100ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് (റാങ്ക് - 22), ഗവ. വിമന്‍സ് കോളേജ് (റാങ്ക് - 49), എറണാകുളം മഹാരാജാസ് കോളേജ് (റാങ്ക് -53), പാലക്കാട് വിക്ടോറിയ കോളേജ് (റാങ്ക് -84) എന്നീ 4 ഗവണ്‍മെന്റ് കോളേജുകളും ആദ്യ 150 ല്‍ ഈ നാല് കോളേജുകള്‍ക്ക് പുറമേ ബ്രണ്ണന്‍ കോളേജ്, ആറ്റിങ്ങല്‍ ഗവ കോളേജ്, കോഴിക്കോട് മീന്‍ചന്ത ആര്‍ട്സ് & സയന്‍സ് കോളേജ്, കോട്ടയം ഗവ. കോളേജ് എന്നിവയും 151 മുതല്‍ 200 ബാന്റില്‍ നെടുമങ്ങാട് ഗവ കോളേജും പട്ടാമ്പി ഗവ കോളേജും ഉള്‍പ്പെട്ടിട്ടുണ്ട്.
സംസ്ഥാന സർവകലാശാലകളുടെ റാങ്കിങ് പട്ടികയിൽ ചെന്നൈയിലെ അണ്ണാ യൂനിവേഴ്സിറ്റിയാണ് ഒന്നാമത്. ഓവറോൾ റാങ്കിങ് പട്ടികയിൽ തുടർച്ചയായ ഒൻപതാം തവണയും ഐ.ഐ.ടി മദ്രാസാണ് ഒന്നാം സ്ഥാനത്ത്. എന്‍ജിനീയറിങ് വിഭാഗത്തിലും ഐ.ഐ.ടി മദ്രാസാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. സര്‍വകലാശാലകളുടെ റാങ്കിങ്ങില്‍ ഐ.ഐ.എസ്.സി ബെംഗളൂരുവും മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ പട്ടിയില്‍ ഐ.ഐ.എം അഹമ്മദാബാദും ഒന്നാം റാങ്കിലെത്തി.
Content Highlights: nirf ranking 2024 kerala universities
Published: 12 Aug 2024, 09:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented