ന്യൂഡൽഹി: നീറ്റ് പി.ജി. പ്രവേശനത്തിനുള്ള കട്ട് ഓഫ് മാർക്ക് കുറച്ചതിൽ കേന്ദ്രസർക്കാരിനോട് വിശദമായ മറുപടിയാവശ്യപ്പെട്ട് സുപ്രീംകോടതി. 2025-‘26 വർഷത്തെ പി.ജി. പ്രവേശനയോഗ്യതയ്ക്കായുള്ള കട്ട് ഓഫ് മാർക്ക് വലിയതോതിൽ കുറച്ചതായി ചൂണ്ടിക്കാട്ടി നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

To advertise here,

ഇത്തരത്തിൽ യോഗ്യതാമാർക്ക് കുറയ്ക്കാനുള്ള കാരണം വിശദീകരിക്കാൻ പരീക്ഷാ ഏജൻസിയായ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനോട് (എൻ.ബി.ഇ.എം.എസ്.) കോടതി നിർദേശിച്ചു.

മെഡിക്കൽ സീറ്റുകൾ പാഴാകാതിരിക്കാൻ കട്ട് ഓഫ് മാർക്ക് കുറയ്ക്കണമെന്ന വാദവും അങ്ങനെ ചെയ്യുമ്പോൾ നിലവാരം കുറയുകയല്ലേയെന്ന വാദവും ഒരേസമയം ഉയരുന്നുണ്ടെന്ന് കോടതി പറഞ്ഞു. നിലവാരം വിട്ടുവീഴ്ച ചെയ്യപ്പെടുമോയെന്ന ചോദ്യവുമുണ്ട്. ഇതിൽ ഒരു സന്തുലിതാവസ്ഥ ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഹർജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും.

മെഡിക്കൽ പഠനത്തിന്റെ നിലവാരം ഉറപ്പാക്കണമെന്നും പ്രവേശനമാർക്ക് കുറയ്ക്കുന്നതിന് വ്യവസ്ഥ വേണമെന്നും ആവശ്യപ്പെട്ടാണ് പൊതുതാത്പര്യഹർജി. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിലല്ലാതെ പി.ജി. പ്രവേശനത്തിന് കട്ട് ഓഫ് മാർക്ക് ഇളവുചെയ്തുനൽകരുതെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു.

800 മാർക്കിൽനടന്ന നീറ്റ് പി.ജി. പരീക്ഷയിൽ ജനറൽ വിഭാഗത്തിന് ആദ്യം വെച്ച കട്ട് ഓഫ് മാർക്ക് 276 ആയിരുന്നെങ്കിലും പിന്നീടത് ഇളവുചെയ്ത് 103 ആക്കിയിരുന്നു. എസ്.സി., എസ്.ടി., ഒ.ബി.സി., ഭിന്നശേഷി വിഭാഗങ്ങൾക്കും വലിയതോതിൽ മാർക്ക് ഇളവുചെയ്തു. അതോടെയാണ് വിഷയം കോടതികയറിയത്.