മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി), മാസ്റ്റർ ഓഫ് ഡെന്റൽ സർജറി (എംഡിഎസ്) പ്രോഗ്രാമിലെ വിവിധ വിഭാഗം സീറ്റുകളിലെ 2025-ലെ പ്രവേശനത്തിനു നടത്തുന്ന അഖിലേന്ത്യാ കൗൺസലിങ്/അലോട്‌മെന്റ് പ്രക്രിയ mcc.nic.in ൽ ആരംഭിച്ചു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) നടത്തിയ നീറ്റ് എംഡിഎസ് 2025 യോഗ്യത നേടിയവർക്കാണ് പ്രക്രിയയിൽ പങ്കെടുക്കാനുള്ള അർഹത.

To advertise here,

സീറ്റുകൾ

അഖിലേന്ത്യാക്വാട്ട (എഐക്യു), കേന്ദ്ര സർവകലാശാലകൾ, കല്പിത സർവകലാശാലകൾ എന്നിവയിലെ നിശ്ചിത ശതമാനം സീറ്റുകളാണ് ഉൾപ്പെടുന്നത്.

• ഓപ്പൺ സീറ്റുകൾ (ഡൊമിസൈൽ ഫ്രീ - താമസ സ്ഥലം പരിഗണിക്കാതെ നൽകുന്നവ).

• ഈ വിഭാഗത്തിൽ 50 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ, ബനാറസ് ഹിന്ദു സർവകലാശാല, അലിഗഢ്‌ മുസ്‌ലിം സർവകലാശാല എന്നിവയിലെ 50 ശതമാനം വീതം സീറ്റുകൾ, ഡൽഹി സർവകലാശാലയിലെയും കേന്ദ്ര സ്ഥാപനങ്ങളിലെയും 50 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ എന്നിവ ഉൾപ്പെടും. കേന്ദ്രസർക്കാർ വ്യവസ്ഥകൾ പ്രകാരമുള്ള നിയമാനുസൃത സംവരണം ഈ സീറ്റുകളിൽ ഉണ്ടാകും.

• നീറ്റ് എംഡിഎസ് വഴി ഓൾ ഇന്ത്യ ക്വാട്ടയ്ക്ക് യോഗ്യത നേടിയവർക്ക് ഇതിൽ പങ്കെടുക്കാം.

കല്പിത സർവകലാശാലകൾ

• കല്പിത സർവകലാശാലകളിലെ എല്ലാ സീറ്റുകളും പ്രക്രിയയിൽ ഉൾപ്പെടും. എൻആർഐ ക്വാട്ടയും ഉണ്ടാകും. നീറ്റ് എംഡിഎസ് വഴി ഓൾ ഇന്ത്യ ക്വാട്ട സീറ്റുകളിലേക്കു യോഗ്യത നേടിയവർക്ക് പങ്കെടുക്കാം. ചില സ്ഥാപനങ്ങളിലെ മുസ്‌ലിം/ജെയിൻ മൈനോറിറ്റി സംവരണം ഒഴികെ കൽപിത സർവകലാശാലകളിൽ സീറ്റ് സംവരണം ഉണ്ടാകില്ല.

• ഇന്റേണൽ സീറ്റുകൾ: ഡൽഹി, അലിഗർ, ബനാറസ് ഹിന്ദു സർവകലാശാലകളിൽ 50 ശതമാനം സീറ്റുകൾ ഇന്റേണൽ സീറ്റുകളാണ്. അതിന്റെ അർഹതാ വ്യവസ്ഥ, കൗൺസലിങ് വെബ്‌സൈറ്റിലെ, ഇൻഫർമേഷൻ ബുള്ളറ്റിൻ ആൻഡ് കൗൺസലിങ്‌ സ്‌കീമിൽ നൽകിയിട്ടുണ്ട്. സംവരണ വ്യവസ്ഥകളും ബുള്ളറ്റിനിൽ ലഭിക്കും.

• എഎഫ്എംഎസ് സീറ്റുകൾ: പ്രൈയോറിറ്റി III, IV, V വിഭാഗം പരീക്ഷാർഥികളുടെ കൗൺസലിങ് എംസിസി നടത്തും.

പ്രക്രിയയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിലേക്കുള്ള ലിങ്ക്, കൗൺസലിങ് വെബ്‌സൈറ്റിൽ ഉണ്ട്.

നാലു റൗണ്ടുകൾ

അലോട്മെന്റ് പ്രക്രിയയിൽ നാലു റൗണ്ടുകൾ ഉണ്ടാകും. റൗണ്ട്- 1, 2, 3, സ്‌ട്രേ വേക്കൻസി റൗണ്ട്. എല്ലാ റൗണ്ടുകൾക്കു മുമ്പും നിശ്ചിത കാലയളവിൽ ആ റൗണ്ടിലേക്ക് രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടാകും.

രജിസ്‌ട്രേഷൻ ഫീസ്, ഡിപ്പോസിറ്റ്

കൗൺസലിങ്ങിൽ പങ്കെടുക്കാൻ, തിരികെ ലഭിക്കാത്ത രജിസ്‌ട്രേഷൻ ഫീസ്, തിരികെ ലഭിക്കാവുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവ ഓൺലൈൻ ആയി അടയ്ക്കണം.സർക്കാർ വിഭാഗത്തിലേക്കെങ്കിൽ (എഐക്യു) രജിസ്‌ട്രേഷൻ ഫീ 1000 രൂപയും സെക്യൂരിറ്റി ഡിപ്പോസിറ്റ് 25000 രൂപയുമാണ്. പട്ടിക/ഒബിസി/ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം 500 രൂപയും 10000 രൂപയും. കല്പിത സർവകലാശാലയിലേക്ക് ചോയ്‌സ് നൽകാൻ, എല്ലാ വിഭാഗക്കാർക്കും രജിസ്‌ട്രേഷൻ ഫീസ് 5000 രൂപയും ഡിപ്പോസിറ്റ് രണ്ട് ലക്ഷം രൂപയുമാണ്. എകെക്യൂ, കല്പിത സർവകലാശാല എന്നീ രണ്ടു വിഭാഗങ്ങളിലേക്കും ചോയ്‌സ് നൽകാൻ 5000 രൂപയും രണ്ട് ലക്ഷം രൂപയും അടച്ചാൽ മതി.

കൗൺസലിങ് രജിസ്‌ട്രേഷൻ

കൗൺസലിങ്ങിൽ പങ്കെടുക്കാൻ mcc.nic.in/ വഴി ജൂൺ 30-ന് ഉച്ചയ്ക്ക് 12 വരെ രജിസ്‌ട്രേഷൻ നടത്താം. തുക അടയ്ക്കാൻ 30-ന് വൈകീട്ട് മൂന്നു വരെ സമയം ലഭിക്കും.

ചോയ്‌സ് ഫില്ലിങ്

രജിസ്റ്റർ ചെയ്ത് തുകയടച്ചശേഷം ചോയ്‌സ് ഫില്ലിങ് നടത്താം. അടച്ച തുകയ്ക്കനുസരിച്ച് സ്ഥാപനങ്ങളുടെ പട്ടിക അപേക്ഷാർഥിയുടെ ഹോം പേജിൽ കാണാൻ കഴിയും.എംഡിഎസ് കോഴ്‌സിൽ പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് മുൻഗണന നിശ്ചയിച്ച് രജിസ്റ്റർ ചെയ്യുന്ന പ്രക്രിയയാണ് ചോയ്‌സ് ഫില്ലിങ്. ഓരോ റൗണ്ടിലേക്കും പുതിയ ചോയ്‌സ് ഫില്ലിങ് നടത്തേണ്ടതുണ്ട്. ഒരു റൗണ്ടിലെ ചോയ്‌സുകൾ/അവശേഷിക്കുന്ന ചോയ്‌സുകൾ, അടുത്ത റൗണ്ടിലേക്ക് പരിഗണിക്കുന്നതല്ല. ആദ്യ റൗണ്ടിലേക്കുള്ള ചോയ്‌സ് ഫില്ലിങ് ജൂൺ 30-ന് രാത്രി 11.55 വരെ നടത്താം. ചോയ്‌സ് ലോക്കിങ്‌ 30-ന് വൈകീട്ട് നാല് മുതൽ അന്ന് രാത്രി 11.55 വരെ നടത്താം. ആദ്യ അലോട്‌മെന്റ്, ജൂലായ് മൂന്നിന് പ്രഖ്യാപിക്കും. അലോട്‌മെന്റ് ലഭിക്കുന്നവർ നാലിനും എട്ടിനും ഇടയ്ക്ക് സ്ഥാപനത്തിൽ പ്രവേശനം നേടണം. ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുള്ള പട്ടിക പ്രകാരം നിശ്ചിതരേഖകൾ (അസൽ) പ്രവേശനസമയത്ത് ഹാജരാക്കണം. രണ്ടാംറൗണ്ട് നടപടികൾ 12 മുതൽ 18 വരെയും മൂന്നാംറൗണ്ട് നടപടികൾ ഓഗസ്റ്റ് ഒന്നുമുതൽ എട്ടുവരെയും സ്‌ട്രേ റൗണ്ട് നടപടികൾ 19 മുതൽ 23 വരെയും ആയിരിക്കും.

എംസിസി ആദ്യറൗണ്ട് വ്യവസ്ഥകൾ

• ആദ്യറൗണ്ടിൽ അലോട്‌മെന്റ് ലഭിക്കുന്നവർക്ക്, അതിൽ പ്രവേശനം നേടാൻ താത്‌പര്യമില്ലെങ്കിൽ ആ സീറ്റ് വേണ്ടെന്നുെവച്ച് (ഫ്രീ എക്‌സിറ്റ് ) രണ്ടാംറൗണ്ടിൽ പങ്കെടുക്കാം. പുതിയ രജിസ്‌ട്രേഷൻ വേണ്ടാ.

• ആദ്യറൗണ്ടിൽ സീറ്റ് ലഭിച്ചവർക്ക് രണ്ടാംറൗണ്ടിൽ മെച്ചപ്പെട്ട ഒരു സീറ്റിലെ പ്രവേശനത്തിന് ശ്രമിക്കണമെന്നുണ്ടെങ്കിൽ (അപ്ഗ്രഡേഷൻ) അലോട്‌മെന്റ് ലഭിച്ച സ്ഥാപനത്തിൽ നേരിട്ടു ഹാജരായി ആദ്യ റൗണ്ട് സീറ്റിൽപ്രവേശനം നേടി, അപ്ഗ്രഡേഷനുള്ള താത്‌പര്യം അവിടെ അറിയിക്കണം. രണ്ടാം റൗണ്ടിൽ അപ്ഗ്രഡേഷൻ ലഭിച്ചാൽ ആദ്യറൗണ്ട് സീറ്റ് നഷ്ടപ്പെടും.

• ആദ്യറൗണ്ടിൽ സീറ്റ് ലഭിക്കാത്തവർക്കും ആദ്യറൗണ്ട് പ്രവേശനം നേടി പിൻമാറിയവർക്കും പുതിയ രജിസ്‌ട്രേഷൻ ഇല്ലാതെ രണ്ടാം റൗണ്ടിൽ പങ്കെടുക്കാം.

റൗണ്ട് 2, 3, സ്‌ട്രേ റൗണ്ട് എന്നിവയുടെ വിശദമായ സമയക്രമവും വ്യവസ്ഥകളും സെക്യൂരിറ്റി തുക നഷ്ടപ്പെടുന്ന സാഹചര്യങ്ങളും സൈറ്റിൽ/ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്.

സംസ്ഥാനതല കൗൺസലിങ് സമയക്രമം

നീറ്റ് എംഡിഎസ് 2025 അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾ നടത്തുന്ന സംസ്ഥാനതല കൗൺസലിങ്ങിന്റെ ആദ്യ റൗണ്ട് നടപടികൾ ജൂലായ് ഒന്നു മുതൽ എട്ട് വരെ നടത്തും. ആദ്യ അലോട്‌മെന്റ് പ്രകാരം പ്രവേശനം നേടാനുള്ള അവസാന തീയതി 13 ആയിരിക്കും. സംസ്ഥാനങ്ങളിലെ രണ്ടാംറൗണ്ട് നടപടികൾ 16 മുതൽ 27 വരെയും മൂന്നാംറൗണ്ട് നടപടികൾ ഓഗസ്റ്റ് ആറ് മുതൽ 16 വരെയും സ്‌ട്രേ റൗണ്ട് നടപടികൾ 22 മുതൽ 25 വരെയും ആയിരിക്കും. വിശദമായ സമയക്രമം എംസിസി സെറ്റിൽ ഉണ്ട്.