
വീണ്ടുമൊരു വിനോദയാത്രാ ദുരന്തം കേരളം കേട്ടത് ഏറെ വേദനയോടെയാണ്. സന്തോഷത്തോടെ പടിയിറങ്ങിപ്പോയ കുരുന്നുകള്‍ ചേതനയറ്റാണ് തിരിച്ചെത്തുകയെന്ന് ആരാണോര്‍ക്കുക? ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കായി പുറപ്പെട്ട സ്‌കൂള്‍ സംഘം അപകടത്തില്‍ പെട്ടതുമായി ബന്ധപ്പെട്ട വാര്‍ത്താകളാണ് മാധ്യമങ്ങള്‍ നിറയെ. ദുരന്തമുണ്ടാകുമ്പോള്‍ മാത്രം ചര്‍ച്ചകളുണ്ടാവുകയും പുതിയ വാര്‍ത്തകിട്ടുമ്പോള്‍ പതിവുപോലെ ഈ സംഭവം മറക്കുകയും ചെയ്യുന്ന പതിവ് രീതിയെ വിമര്‍ശിക്കുകയാണ് ഐക്യരാഷ്ട്ര സഭാ ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം മുൻ തലവന്‍ ( ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍) ഡോ.മുരളി തുമ്മാരുകുടി
ദുരന്തമുണ്ടാവുന്നതിനേക്കാള്‍ അതുണ്ടാകാതെ നോക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ പുസ്തകം കേരളത്തിലെ എല്ലാ സ്‌കൂള്‍ ലൈബ്രറികള്‍ക്കും സൗജന്യമായി നല്‍കിയിരുന്നതിനേക്കുറിച്ചും തുമ്മാരുകുടി പറയുന്നു. വിനോദയാത്രപോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട് . സ്‌കൂളുകളുമായി ബന്ധപ്പെട്ട് സംഭവിക്കാവുന്ന ദുരന്തങ്ങളും അവ സംഭവിക്കാതിരിക്കാനും പ്രതിരോധിക്കാനുമുള്ള മാര്‍ഗങ്ങള്‍ വിശദമായി പറയുന്നുണ്ട്. വിനോദയാത്രകള്‍ സംഘടിപ്പിക്കുമ്പോള്‍ വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഇല്ല എന്ന് തോന്നിയാല്‍ കുട്ടികളെ അതില്‍ നിന്നും ഒഴിവാക്കണമെന്നും രാത്രിയില്‍ ടൂര്‍ തുടങ്ങുന്നത് അപായ സൂചനയാണെന്നും തുടങ്ങി ഡ്രൈവര്‍ക്ക് വിശ്രമം നല്‍കേണ്ടതിന്റെ പ്രാധാന്യം വരെ പുസ്‌കത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. വിനോദ യാത്രക്ക് പോകുമ്പോള്‍ മാത്രമല്ല നമ്മുടെ കുട്ടികള്‍ അപകടത്തില്‍ പെടുന്നത്. സ്‌കൂളിലേക്കുള്ള യാത്രയില്‍, സ്‌കൂളില്‍, സ്‌പോര്‍ട്ട്‌സ് സമയത്ത്, ആര്‍ട്‌സ് ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ ഒക്കെ അപകടങ്ങള്‍ ഉണ്ടാകുന്നു, കുട്ടികള്‍ മരിക്കുക വരെ ചെയ്യുന്നു.ഇതോരോന്നും ഒഴിവാക്കാവുന്നതാണ്. സുരക്ഷ എന്നത് നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗം ആകണമെന്നും തുമ്മാരുകുടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു

മുരളിതുമ്മാരുകുടിയുടെ പോസ്റ്റ് വായിക്കാം
വിനോദയാത്ര (വീണ്ടും) ദുരന്തമാകുമ്പോള്‍
ഏറെ സങ്കടപ്പെടുത്തുന്ന ഒരു വാര്‍ത്ത കേട്ടാണ് ഉണരുന്നത്. മുളന്തുരുത്തിയിലെ ഒരു സ്‌കൂളില്‍ നിന്നും ഊട്ടിക്ക് വിനോദയാത്രക്ക് പോയ ബസ് അപകടത്തില്‍ പെട്ട് കുട്ടികള്‍ ഉള്‍പ്പടെ ഒമ്പത് പേര്‍ മരിച്ചിരിക്കുന്നു. അനവധി ആളുകള്‍ക്ക് പരിക്കുണ്ട്.
എത്രയോ സന്തോഷത്തോടെയായിരിക്കണം കുട്ടികള്‍ വിനോദയാത്രക്ക് ഒരുങ്ങിയത്?, എത്രയോ സന്തോഷത്തോടെയായിരിക്കണം മാതാപിതാക്കള്‍ അവരെ യാത്രയാക്കിയത്. എന്നിട്ട് യാത്രയുടെ സന്തോഷ വര്‍ത്തമാനം കേള്‍ക്കാന്‍ നോക്കിയിരിക്കുന്ന മാതാപിതാക്കളുടെ അടുത്തേക്ക് അപകടത്തിന്റെ വാര്‍ത്ത, മരണ വാര്‍ത്ത ഒക്കെ വരുന്നത് ആലോചിക്കാന്‍ കൂടി വയ്യ. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
പതിവ് പോലെ ഒറ്റയടിക്ക് കാരണങ്ങളും കണ്ടുപിടിച്ച് മാധ്യമങ്ങള്‍ രംഗത്ത് ഉണ്ട്. ഡ്രൈവര്‍ ദൂരയാത്ര കഴിഞ്ഞു വന്നതാണ്, അമിത വേഗത്തില്‍ ആയിരുന്നു എന്നിങ്ങനെ. ഡ്രൈവര്‍ ജീവനോടെ ഉണ്ട്, അപ്പോള്‍ സമൂഹത്തിന് ഒരു വില്ലനെ കിട്ടിക്കഴിഞ്ഞു.
ഇനിയിപ്പോള്‍ പ്രതീക്ഷിക്കാവുന്ന ചിലതുണ്ട്.
1. ഡ്രൈവറെ അറസ്റ്റ് ചെയ്യുന്നു.
2. കേരളത്തിലെ ഏതൊരു വാഹനത്തിലും സൂക്ഷിച്ചു നോക്കിയാല്‍ എന്തെങ്കിലും ഒക്കെ നിയമലംഘനം കാണും വണ്ടിയെ അറസ്റ്റ് ചെയ്യാന്‍ അത് മതി, വേണമെങ്കില്‍ വണ്ടി ഉടമയേയും
3. എന്തെങ്കിലും ഒക്കെ കാരണം ഉണ്ടെങ്കില്‍ സ്‌കൂളിനും അധ്യാപകര്‍ക്കും എതിരെ കേസ് എടുക്കുന്നു
അടുത്ത ഒരു മാസത്തേക്ക് വിനോദയാത്രക്ക് പോകുന്ന ബസുകളില്‍ അമിതമായ പരിശോധന.
കഴിഞ്ഞു കാര്യം. സമൂഹത്തിന്റെ രോഷം അടങ്ങി, മാധ്യമങ്ങളുടെ താല്പര്യം മറ്റു വിഷയങ്ങളിലേക്ക് മാറി, കാര്യങ്ങള്‍ ഒക്കെ പതിവ് പോലെ ആയി.
ഇതാണ് യഥാര്‍ത്ഥ ദുരന്തം.
രണ്ടായിരത്തി ഏഴില്‍ ഭൂതത്താന്‍ കെട്ടില്‍ വിനോദയാത്രക്ക് വന്ന ഒരു സംഘം കുട്ടികള്‍ മുങ്ങിമരിച്ച ഒരു സംഭവം ഉണ്ടായിരുന്നു. അന്നും ഇതുപോലെ ഉള്ള പ്രതികരണങ്ങള്‍ ഉണ്ടായി.
പക്ഷെ വിനോദയാത്രകള്‍ വീണ്ടും ദുരന്തങ്ങള്‍ ആകുന്നു.റോഡിലും പുഴയിലും ഒക്കെ വീണ്ടും നമ്മുടെ വിദ്യാര്‍ഥികള്‍ മരിക്കുന്നു.ഇത് ഒഴിവാക്കാനാവില്ലേ?തീര്‍ച്ചയായിട്ടും.
രണ്ടായിരത്തി ഏഴിലെ അപകടത്തിന് ശേഷം എങ്ങനെയാണ് സുരക്ഷിതമായി വിനോദയാത്രകള്‍ സംഘടിപ്പിക്കേണ്ടത് എന്നതിനെ പറ്റി മാത്രം ഞാന്‍ ഒരു പുസ്തകം എഴുതിയിരുന്നു. അന്നത്തെ ഡി.ജി.പി ആയിരുന്ന ജേക്കബ് പുന്നൂസ് സാര്‍ ആണ് അത് പ്രകാശനം ചെയ്തത്. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി അന്ന് എം.എല്‍.എ ആണ്, അദ്ദേഹമാണ് ചടങ്ങില്‍ അധ്യക്ഷനായിരുന്നത്. ശ്രീമതി പാര്‍വതി ദേവിയും അബുബേക്കറും ആണ് ആ പുസ്തകം പ്രസിദ്ധീകരിക്കാന്‍ മുന്നില്‍ നിന്നത്.
പുസ്തകം ഇറക്കുക മാത്രമല്ല ഞങ്ങള്‍ ചെയ്തത്. അന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായിരുന്ന ശ്രീ മുഹമ്മദ് ഹനീഷിന്റെ സഹായത്തോടെ കേരളത്തിലെ എല്ലാ സ്‌കൂള്‍ ലൈബ്രറികള്‍ക്കും ഓരോ കോപ്പി സൗജന്യമായി നല്‍കി. ആ പുസ്തകം പ്രസിദ്ധീകരിച്ചവരോ ഞാനോ അതില്‍ നിന്നും യാതൊരു സാമ്പത്തിക ലാഭവും ഉദ്ദേശിച്ചില്ല, എടുത്തതുമില്ല. യാതൊരു കോപ്പി റൈറ്റും ഇല്ലാതെ ആ പുസ്തകം ഇപ്പോഴും ഓണ്‍ലൈന്‍ ആയി ലഭ്യമാണ് (ലിങ്ക് ഒന്നാമത്തെ പേജില്‍).
ആ പുസ്തകത്തിലെ ചില താളുകള്‍ ഇവിടെ സ്‌ക്രീന്‍ ഷോട്ട് ഇട്ടിട്ടുണ്ട്. വായിക്കുമ്പോള്‍ സങ്കടം വരും. എത്ര നിസ്സാരമായ കാര്യങ്ങള്‍ ആണ്, എളുപ്പത്തില്‍ നടപ്പിലാക്കാവുന്നതാണ്. പക്ഷെ ആര് ശ്രദ്ധിക്കുന്നു?
വിനോദ യാത്രക്ക് പോകുമ്പോള്‍ മാത്രമല്ല നമ്മുടെ കുട്ടികള്‍ അപകടത്തില്‍ പെടുന്നത്. സ്‌കൂളിലേക്കുള്ള യാത്രയില്‍, സ്‌കൂളില്‍, സ്‌പോര്‍ട്ട്‌സ് സമയത്ത്, ആര്‍ട്‌സ് ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ ഒക്കെ അപകടങ്ങള്‍ ഉണ്ടാകുന്നു, കുട്ടികള്‍ മരിക്കുക വരെ ചെയ്യുന്നു.ഇതോരോന്നും ഒഴിവാക്കാവുന്നതാണ്. സുരക്ഷ എന്നത് നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗം ആകണം. ഇതും ഏറെ നാളായി പറയുന്നതാണ്. അതിനൊക്കെ സമയം എടുക്കും.
അതുവരെ നമ്മുടെ കുട്ടികളെ നമ്മള്‍ തന്നെ നോക്കുക.
വിനോദയാത്രകള്‍ സംഘടിപ്പിക്കുമ്പോള്‍ വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഇല്ല എന്ന് തോന്നിയാല്‍ കുട്ടികളെ അതില്‍ നിന്നും ഒഴിവാക്കുക. രാത്രിയില്‍ ടൂര്‍ തുടങ്ങുന്നത് നിശ്ചയമായും അപായ സൂചനയാണ്, അത് മാത്രമല്ല, മറ്റുള്ള കാര്യങ്ങള്‍ ബുക്കില്‍ ഉണ്ട്. വായിക്കുമല്ലോ.
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി
മരിച്ചവരുടെ പേരും സ്‌ക്രോള്‍ ചെയ്ത് ദുരന്തം റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ ദുരന്തത്തില്‍ പെട്ടവരെ കൈകാര്യം ചെയ്യുന്നതില്‍ വരെ ഉള്ള കാര്യത്തിലും നമ്മള്‍ ഇപ്പോഴും പഴയ രീതിയില്‍ തന്നെയാണ്. എഴുതി മടുത്തതാണ്, എന്നാലും പിന്നീടൊരിക്കല്‍ വീണ്ടും എഴുതാം.
Content Highlights: Muralee Thummarukudy on vadakkanchery tour accident
Published: 07 Oct 2022, 03:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented