മലപ്പുറം: കൊണ്ടോട്ടി വാഴക്കാട് മുണ്ടുമുഴിയിലെ വി. മുഹമ്മദ് കോയയ്ക്കും ഭാര്യ സി.ടി. സുഹറയ്ക്കും ഇപ്പോൾ ഞായറാഴ്ചകൾ വിശ്രമിക്കാനുള്ളതല്ല. രാവിലെ എഴുന്നേറ്റ് വീട്ടുജോലികൾ തീർത്ത് അമ്പത്തഞ്ചുകാരൻ മുഹമ്മദ് കോയയും അമ്പതുകാരി സുഹറയും ഒരുമിച്ചിറങ്ങും. 34 വർഷമായി ജീവിതപങ്കാളികളായ ഇരുവരും കൃത്യസമയത്ത് ചാലിയപ്പുറം ജി.എച്ച്.എസ്. തുല്യതാ പഠനകേന്ദ്രത്തിലെത്തും. പത്താംതരം തുല്യതാ പാഠപുസ്തകത്തിലെ താളുകളോരോന്നും ഒരുമിച്ചിരുന്ന് പഠിക്കും. ഒക്ടോബർ 21-ന് നടക്കുന്ന പത്താംതരം പരീക്ഷയെഴുതി വിജയിച്ച് തങ്ങളുടെ വലിയ സ്വപ്നം സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ദമ്പതിമാർ.

To advertise here,

പത്താംക്ലാസ് തോറ്റ് ജീവിതപ്രാരബ്ദം കൊണ്ട് സൗദിയിലേക്ക് ചേക്കേറിയ മുഹമ്മദ് കോയ 28 വർഷം പ്രവാസിയായിരുന്നു.

ആളുകളുമായുള്ള സംസാരത്തിലൂടെ വിവിധ ഭാഷകൾ പഠിച്ചെടുത്തു. എങ്കിലും ഓരോ ആവശ്യങ്ങൾക്കായി സൗദിയിലെ ഓഫീസുകൾ കയറിയിറങ്ങിയപ്പോഴാണ് പത്താംതരം ജയിക്കാത്തതിന്റെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞത്. അന്നേ മനസ്സിൽ കുറിച്ചിട്ട മോഹമായിരുന്നു എങ്ങനെയെങ്കിലും പത്താംക്ലാസ് വിജയിക്കണമെന്നത്.

അങ്ങനെയിരിക്കെ നാട്ടിൽ തിരിച്ചെത്തിയപ്പോൾ അവിചാരിതമായി സുഹറ മുഹമ്മദ് കോയയോട് ഒരാഗ്രഹം പങ്കുവെച്ചു.

വിവാഹത്തോടെ പഠനം മുടങ്ങിയ സുഹറയ്ക്ക് പത്താംക്ലാസ് പാസാകണമെന്ന്. അങ്ങനെ സുഹറയെ ചേർക്കാൻ പഠനകേന്ദ്രത്തിലെത്തിയപ്പോൾ കോഡിനേറ്റർ ലീല രാധാകൃഷ്ണന്റെ പിന്തുണ കൂടി കിട്ടിയതോടെയാണ് മുഹമ്മദ് കോയയും പഠനക്കളത്തിലിറങ്ങിയത്. അങ്ങനെ തുടങ്ങിയ ഇരുവരുടെയും പഠനമിപ്പോൾ ഒരു വർഷം പിന്നിടുകയാണ്. പാലിയേറ്റീവ് വൊളന്റിയർ കൂടിയായ സുഹറയുടെയും ആശാരിപ്പണിക്കാരനായ മുഹമ്മദ് കോയയുടെയും ആഗ്രഹങ്ങൾക്ക് മക്കളായ മിഥിലാജ്, സുഹൈല, മിൻഹാജ് എന്നിവരും മരുമകൾ അനീസ നഫറിനും പരിപൂർണ പിന്തുണയുമായി കൂടെയുണ്ട്.