
ഫറോക്ക്: ‘മലയാളം പേശും, എഴുതാൻ തെരിയാത്...’ -13വർഷം മുൻപ് തമിഴ്നാട് നീലഗിരി ജില്ലയിലെ ബിതൃക്കാട്ടുനിന്ന് ചെറുവണ്ണൂർ മധുരബസാറിലെ പാറായിൽ വീട്ടിൽ മുഹമ്മദ് സനീറിന്റെ ജീവിതസഖിയായി എത്തിയപ്പോൾ മുർഷിദയുടെ അവസ്ഥ ഇതായിരുന്നു. നീലഗിരി ബിതൃക്കാട്ട് സർക്കാർവിദ്യാലയത്തിൽ എട്ടാംക്ലാസുവരെയാണ് മുർഷിദ പഠിച്ചത്. തമിഴ് മാത്രമേ എഴുതാനറിയുമായിരുന്നുള്ളൂ.
വിവാഹശേഷം മലയാളം പഠിക്കണമെന്ന വലിയ ആഗ്രഹമായി. അത് ഭർത്താവിനോട് പറഞ്ഞപ്പോൾ മലയാളം അക്ഷരമാലാപുസ്തകങ്ങൾ മുഹമ്മദ് സനീർ ഭാര്യയ്ക്ക് വാങ്ങിച്ചുനൽകി. ചിത്രങ്ങൾ നോക്കി മലയാള അക്ഷരങ്ങൾ മുർഷിദ വശമാക്കി. പിന്നെ എഴുതിപ്പഠിച്ചു. മൂത്തമകൾ ഇസഫാത്തിമയെ സ്കൂളിൽ ചേർത്തതോടെ മകളെ പഠിപ്പിക്കുന്നതിനായി തനിക്ക് തുടർന്നുപഠിക്കണമെന്ന മോഹം മുർഷിദയുടെ മനസ്സിൽ മൊട്ടിട്ടു. അക്കാര്യം ഭർത്താവിനോട് പറഞ്ഞു. എന്നാൽ, പഠനമോഹം പിന്നെയും ഓരോകാരണങ്ങളാൽ നീണ്ടുപോയി.
ഒടുവിൽ കഴിഞ്ഞവർഷം സാക്ഷരതാമിഷന്റെ ഫറോക്ക് ഗവ. ഗണപത് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ തുടർപഠനകേന്ദ്രത്തിൽ പത്താംക്ലാസ് തുല്യതാപഠനത്തിനായി ചേർന്നു.
ഞായറാഴ്ചയും മറ്റ് അവധിദിനങ്ങളിലുമാണ് ക്ലാസ്. ഇതോടെ മുഹമ്മദ് സനീറും തന്റെ പൊട്ടിയ അക്ഷരനൂലുകൾ തുന്നിച്ചേർക്കാൻ തിരുമാനിച്ചു. പത്താംക്ലാസിൽ പരാജയപ്പെട്ട് പഠനത്തോട് വിടപറഞ്ഞിറങ്ങിയതായിരുന്നു. എന്നാൽ, ഇപ്പോൾ ഭാര്യക്കൊപ്പം പഠിതാവായി.
കടലുണ്ടി ചാലിയം റൂട്ടിൽ സർവീസ് നടത്തുന്ന ‘സൽ സബിൽ’ ബസ് ഡ്രൈവറായിരുന്നു സനീർ. പഠനം മുന്നോട്ടുകൊണ്ടുപോവാൻ ബസിലെ ഡ്രൈവർപണി ഉപേക്ഷിച്ച് ഇപ്പോൾ സ്വകാര്യകമ്പനിയിൽ ഡ്രൈവറായി പോവുകയാണ്. പത്താം ക്ലാസിനുശേഷം തുടർന്നുപഠിക്കണമെന്നാണ് ഈ ദമ്പതിമാരുടെ ആഗ്രഹം.
മൂന്നുമക്കളെയും പഠിപ്പിച്ചശേഷം ഇരുവരും പഠിക്കാനിരിക്കും. അറിവുനേടാനുള്ള ആഗ്രഹത്തിനുമുന്നിൽ പ്രയാസങ്ങൾ വഴിമാറുമെന്നാണ് ഇവർ പറയുന്നത്. വീട്ടുകാരുടെയും അധ്യാപകരുടെയും പൂർണപിന്തുണയുമുണ്ട്. വരാൻപോകുന്ന പരീക്ഷ മുന്നിൽക്കണ്ട് പഠനത്തിരക്കിലാണിവർ.
പഠനത്തോട് വലിയ താത്പര്യം പുലർത്തുന്ന ദമ്പതിമാരാണ് മുഹമ്മദ് സനീറും മുർഷിദയുമെന്നും അവധിയില്ലാതെവരുന്ന പഠിതാക്കളാണ് ഇവരെന്നും ഫറോക്ക് ഗവ. ഗണപത് ഹയർസെക്കൻഡറി സ്കൂളിലെ സാക്ഷരതാമിഷൻ സെന്റർ കോഡിനേറ്റർ ഷീജ ചിറ്റാരിക്കൽ പറഞ്ഞു.
Content Highlights: feature on murshidha international literacy day
Published: 08 Sept 2024, 09:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented