തിരുവനന്തപുരം : വിദേശരാജ്യങ്ങളിലേക്ക് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥി കുടിയേറ്റം ഇരട്ടിയായെന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 2018-ല്‍ 1,29,763 കുടിയേറ്റവിദ്യാര്‍ഥികളായിരുന്നത് 2023-ലെ കണക്കില്‍ രണ്ടര ലക്ഷമായി.
നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലുമായി 20,000 വീടുകള്‍ കേന്ദ്രീകരിച്ചു നടന്ന സര്‍വേയുടെ റിപ്പോര്‍ട്ട് ലോക കേരളസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.
കുടിയേറ്റം 17 വയസ്സുമുതല്‍
പഠനത്തിനായി വിദ്യാര്‍ഥികള്‍ നാടു കടന്നതോടെ, വിദേശരാജ്യങ്ങളിലെ പ്രവാസിമലയാളികളുടെ എണ്ണം 22 ലക്ഷമായി വര്‍ധിച്ചു. 2018-ല്‍ ഇത് 21 ലക്ഷമായിരുന്നു. പുതിയ കണക്കനുസരിച്ച്, പ്രവാസി മലയാളികളില്‍ 11.3 ശതമാനമാണ് വിദ്യാര്‍ഥികള്‍. 17 വയസ്സു മുതല്‍ വിദ്യാര്‍ഥികുടിയേറ്റം തുടങ്ങുന്നെന്നാണ് വെളിപ്പെടുത്തല്‍. 182 രാജ്യങ്ങളില്‍ മലയാളികളുടെ സാന്നിധ്യമുണ്ടെന്നും സര്‍വേയില്‍ പറയുന്നു.
വനിതാകുടിയേറ്റം കൂടി
വനിതാകുടിയേറ്റം വര്‍ധിച്ചതാണ് മറ്റൊരു പ്രത്യേകത. 2018-ല്‍ 15.8 ശതമാനമായിരുന്നത് 2023-ല്‍ 19.1 ശതമാനമായി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്കും മറ്റു പാശ്ചാത്യനാടുകളിലേക്കും വനിതാ കുടിയേറ്റം മാറുന്നെന്നതാണ് മറ്റൊരു സവിശേഷത. വനിതാ കുടിയേറ്റക്കാരില്‍ 71.5 ശതമാനവും ബിരുദധാരികളാണ്.
അയക്കുന്ന പണത്തിലും വര്‍ധന
സംസ്ഥാനത്തേക്ക് പ്രവാസികള്‍ അയയ്ക്കുന്ന പണത്തിലുമുണ്ട് വര്‍ധന. 2018-ല്‍ 85,092 കോടി രൂപയായിരുന്നത് 2023-ലെ കണക്കില്‍ 2.16 ലക്ഷം കോടിയായി. ഒരു കുടുംബത്തിന് ശരാശരി കിട്ടുന്ന പ്രവാസി പണം 2018-ല്‍ 96,185 രൂപയുള്ളത് 2023-ല്‍ 2.23 ലക്ഷമായി. പ്രവാസികളയയ്ക്കുന്ന പണം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 23.2 ശതമാനം വരും. പ്രവാസികള്‍ അയക്കുന്ന പണത്തില്‍ 14 ശതമാനം ബാങ്ക് വായ്പയടയ്ക്കാനും പത്തുശതമാനം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമാണ് വിനിയോഗിക്കുന്നതെന്നുമാണ് വിലയിരുത്തല്‍.
പ്രവാസികളില്‍ 76.9 ശതമാനവും തൊഴിലാളികളായതിനാല്‍ മികച്ച വേതനവും അവസരങ്ങളും ഉറപ്പാക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും സര്‍വേ ശുപാര്‍ശ ചെയ്തു.
മറ്റു കണ്ടെത്തലുകള്‍
- കേരളത്തിലെ അഞ്ചില്‍ രണ്ടു വീടുകളിലും പ്രവാസികള്‍
- കുടുംബത്തോടെ കുടിയേറിയവര്‍: 4.2 ലക്ഷം
- ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മലപ്പുറം തിരൂരില്‍: ഒരു ലക്ഷത്തോളം പേര്‍
- ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ല: മലപ്പുറം (7.7 ലക്ഷം പേര്‍)
- നാട്ടിലേക്കു മടങ്ങിയ പ്രവാസികള്‍: 18 ലക്ഷം
- മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികള്‍: അഞ്ചു ലക്ഷം (പത്തു വീടുകളില്‍ ഒന്ന്)
- മറ്റു സംസ്ഥാനങ്ങളില്‍നിന്നു മടങ്ങിയവര്‍: മൂന്നു ലക്ഷം
- 15-59 പ്രായപരിധിയുള്ള പ്രവാസികള്‍: 62 ശതമാനം
- 60 വയസ്സില്‍ കൂടുതലുള്ള പ്രവാസികള്‍: 21.8 ശതമാനം
- 14 വയസ്സു വരെയുള്ള പ്രവാസികള്‍: 16.2 ശതമാനം
Content Highlights: migration of students from kerala to outside
Published: 15 Jun 2024, 06:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented