തിരുവനന്തപുരം: ഗവർണർ സംസ്ഥാനത്തിന്റെ നാമമാത്ര തലവനാണെന്ന് വിവരിച്ച് സ്‌കൂൾ പാഠഭാഗം. പത്താം ക്ലാസിൽ പഠിപ്പിക്കാനുള്ള സാമൂഹ്യശാസ്ത്രം രണ്ടാംഭാഗത്തിലെ ‘ജനാധിപത്യം; ഒരു ഇന്ത്യൻ അനുഭവം’ എന്ന ഭാഗത്തിലാണ് ഇത് ഉൾപ്പെടുത്തിയിട്ടുള്ളത്. ഏറെക്കാലമായി ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെയാണിത്. ഗവർണറുടെ അധികാരങ്ങളും പരിധിയും സംബന്ധിച്ച് ദിശാബോധം പകരാനുള്ള പുസ്തകം സ്‌കൂളുകളിലെത്തി.

To advertise here,

 

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സംഘർഷങ്ങൾ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും സജീവരാഷ്ട്രീയക്കാരെ ഗവർണർമാരായി നിയമിക്കരുതെന്ന് സർക്കാരിയ കമ്മിഷൻ 1983-ൽ ശുപാർശചെയ്തിട്ടുണ്ടെന്നും പാഠത്തിൽ പറയുന്നു. മാറിമാറിവരുന്ന കേന്ദ്രസർക്കാരുകൾ നേരിട്ടും ഗവർണർമാർ മുഖേനയും സംസ്ഥാനങ്ങളുടെ അവകാശത്തിൽ ഇടപെടുന്നു.

 

കേന്ദ്രത്തിലേതുപോലെ സംസ്ഥാനങ്ങളിലും പാർലമെന്ററി വ്യവസ്ഥയാണ് ഭരണഘടന വിഭാവനംചെയ്യുന്നത്. അതിനാൽ സംസ്ഥാനത്തിന്റെ നാമമാത്ര തലവനാണ് ഗവർണർ. കാര്യനിർവഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയിലാണ്. ഗവർണർ അധികാരങ്ങൾ നിർവഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണമെന്നും ഉള്ളടക്കത്തിൽ പറയുന്നു.

 

‘കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സംഘർഷങ്ങൾ ജനാധിപത്യത്തിന് വെല്ലുവിളിയാകുന്നത് എങ്ങനെ’ എന്ന വിഷയത്തിൽ പാനൽ ചർച്ചയായാണ് ഈ പഠനപ്രവർത്തനം ഉൾപ്പെടുത്തിയിരിക്കുന്നത്.

കുട്ടികള്‍ ശരിയായതു പഠിക്കട്ടെ-

 

‘ഗവര്‍ണര്‍സ്ഥാനത്തിരുന്നു ചെയ്യാന്‍പാടില്ലാത്തതു ചെയ്യുന്ന കാലഘട്ടമാണിത്. ഭരണഘടനയനുസരിച്ച് ഗവര്‍ണര്‍ക്ക് എന്തധികാരമുണ്ടെന്ന് കുട്ടികളെ പഠിപ്പിക്കാനാണ് ഈ പുസ്തകം’- മന്ത്രി ശിവന്‍കുട്ടി