തിരുവനന്തപുരം: എസ്എസ്എല്‍സി,ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ തീയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിച്ച് 30-ന് അവസാനിക്കും. 4.25 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതും. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
പരീക്ഷകള്‍ രാവിലെ 9.30-ന് ആരംഭിക്കും. ജനുവരി 12 മുതല്‍ 22 വരെ ഐടി മോഡല്‍ പരീക്ഷ നടക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കും. മേയ് എട്ടിന് ഫലം പ്രഖ്യാപിക്കാന്‍ സാധിക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

To advertise here,

ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ തീയതിയും പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ഒന്നാം വര്‍ഷ പൊതുപരീക്ഷകള്‍ 2026 മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 27 വരെയാണ് നടക്കുക. രണ്ടാം വര്‍ഷത്തിന്റെ പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ മാര്‍ച്ച് 28 വരെ നടക്കും. പ്ലസ് വണ്‍ പൊതു പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷം 1.30 നും പ്ലസ് ടു പൊതു പരീക്ഷകള്‍ രാവിലെ 9.30 നും ആരംഭിക്കും.

വെള്ളിയാഴ്ചകളില്‍ രാവിലെ 9.15 ന് തുടങ്ങി ഉച്ചയ്ക്ക് 12.00 മണിക്കാണ് പരീക്ഷ അവസാനിക്കുക.മാര്‍ച്ച് 27 നുള്ള ഒന്നാം വര്‍ഷ പൊതു പരീക്ഷകളില്‍ ഒരു സെഷന്‍ രാവിലത്തെ സമയക്രമത്തിലും മറ്റൊരു സെഷന്‍ ഉച്ചക്കുള്ള സമയക്രമത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. പൊതു പരീക്ഷകള്‍ക്ക് മുന്നോടിയായിട്ടുള്ള മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ ഫെബ്രുവരി 26 വരെയുള്ള ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്.