സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ മതിയായ പൊതുവിദ്യാലയങ്ങളുണ്ടെന്ന് സൂക്ഷ്മമായി ഉറപ്പാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ അധിഷ്ഠിതമായ സ്‌കൂള്‍ മാപ്പിങ് ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ 'കൈറ്റ്' നിലവില്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ അധിഷ്ഠിതമായ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് (ഒഎസ്എം) പ്രയോജനപ്പെടുത്തി സ്‌കൂള്‍ വിക്കിയില്‍ പൊതുവിദ്യാലയങ്ങളെ മാപ്പ് ചെയ്യുന്നുണ്ട്. ഇനി ഒഎസ്എം പ്രവര്‍ത്തകരുടെ വൈദഗ്ധ്യംകൂടി പ്രയോജനപ്പെടുത്തി സ്‌കൂള്‍ മാപ്പിങ് നടത്തുമെന്ന് അധികൃതര്‍ 'മാതൃഭൂമി'യോടു പറഞ്ഞു.

To advertise here,

സുപ്രീംകോടതി വിധിയില്‍, നിശ്ചിത പരിധിയില്‍ സ്‌കൂളുകള്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അതിനു മുന്‍പേ പൊതുവിദ്യാലയങ്ങള്‍ ഡിജിറ്റല്‍ ഭൂപടത്തിന്റെ ഭാഗമാക്കുന്ന സ്‌കൂള്‍ മാപ്പിങ്ങുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയതായി അധികൃതര്‍ പറഞ്ഞു.

2009-ല്‍ സ്‌കൂള്‍ വിക്കിയില്‍ സ്‌കൂളുകളെ ചേര്‍ക്കുമ്പോഴാണ് സ്‌കൂളുകളുടെ മാപ്പുകള്‍ കൈറ്റ് അടയാളപ്പെടുത്തിത്തുടങ്ങിയത്. വിദ്യാഭ്യാസ അവകാശ നിയമം (ആര്‍ടിഇ) വന്നപ്പോള്‍ 2010-ല്‍ ഓരോ പ്രദേശത്തും മതിയായ സ്‌കൂളുകള്‍ ഉണ്ടോയെന്നു സൂക്ഷ്മപരിശോധന നടത്തി ഉറപ്പാക്കാനും മാപ്പിങ് നടത്തി. ഇതിന് ഉപയോഗിച്ചത് ഗൂഗിള്‍ മാപ്പായിരുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'സമേതം' പോര്‍ട്ടലിലും 16,000 സ്‌കൂളുകളുടെ മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ സൂക്ഷ്മതയും കൃത്യതയും ഉറപ്പാക്കാനാണ് ഒഎസ്എം അധിഷ്ഠിതമായ പുതിയ സ്‌കൂള്‍ മാപ്പിങ്. ഒഎസ്എം മാപ്പിങ് വരുന്നതോടെ, ഭൂപ്രദേശം തിരിച്ചുള്ള വിദ്യാലയങ്ങള്‍ക്കു പുറമേ, അവ തമ്മിലുള്ള ദൂരമടക്കമുള്ള വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാനാവും.

കേരളത്തില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്കില്ല

24 കോടിയിലേറെ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ രണ്ടരലക്ഷം സ്‌കൂളുണ്ടെങ്കിലും പഠിക്കുന്ന കുട്ടികളുടെ എണ്ണംനോക്കിയാല്‍ വലിയ സമ്മര്‍ദമാണ്. എന്നാല്‍, മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിലാവട്ടെ 16,000 സ്‌കൂളുണ്ട്

-മന്ത്രി വി. ശിവന്‍കുട്ടി