കേരളത്തിൽ സർക്കാർ, സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജുകളിലെ മാസ്റ്റർ ഓഫ് ഡെന്റൽ സർജറി (എംഡിഎസ്) പ്രോഗ്രാമിലേക്ക്, പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന കേന്ദ്രീകൃത അലോട്മെന്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു. മൂന്ന് സർക്കാർ (കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം), 13 സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജുകളാണ് പ്രക്രിയയിൽ ഉൾപ്പെടുന്നത്.
സർക്കാർ കോളേജിലെ പ്രതിവർഷ ട്യൂഷൻഫീസ് 52,100 രൂപയാണ്. സ്വകാര്യ സ്വാശ്രയ വിഭാഗത്തിൽ 85 ശതമാനം സീറ്റിൽ എട്ടരലക്ഷം രൂപയും 15 ശതമാനം സീറ്റിൽ (എൻആർഐ) 15 ലക്ഷം രൂപയുമാണ് ട്യൂഷൻഫീസ്. ഈ ഫീസുകൾ താത്‌കാലികമാണ്. സർക്കാർ/അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി നിർദേശങ്ങൾ/തീരുമാനങ്ങൾക്കു വിധേയമാണിവ. കോളേജുകളുടെ പൂർണ പട്ടിക വെബ് സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്. അലോട്‌മെന്റ് പ്രക്രിയയിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ ഹോംപേജിൽ ലോഗിൻ ചെയ്യണം. അവിടെ ‘ഓപ്ഷൻ രജിസ്‌ട്രേഷൻ’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത്, ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ജൂലായ് ആറിന് രാത്രി 11.59 വരെ രജിസ്റ്റർ ചെയ്യാം.
സെക്യൂരിറ്റി ഡിപ്പോസിറ്റ്
ഓപ്ഷൻ രജിസ്‌ട്രേഷൻ വേളയിൽ ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീ/ സെക്യൂരിറ്റി ഡിപ്പോസിറ്റായി 10,000 രൂപ അടയ്ക്കണം. പട്ടിക/ഒഇസി/ഫീസ് സൗജന്യത്തിന് അർഹതയുള്ളവർ എന്നിവർ 5000 രൂപയാണ് അടയ്ക്കേണ്ടത്. തുക അടച്ചുകഴിഞ്ഞാൽ അതിൽ മാറ്റംവരുത്താൻ കഴിയില്ല.
ശ്രദ്ധിക്കേണ്ടകാര്യങ്ങൾ
• അലോട്‌മെന്റ് ലഭിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾമാത്രം രജിസ്റ്റർ ചെയ്യുക.
• സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജുകളിലെ മൈനോറിറ്റി/എൻആർഐ സീറ്റിൽ പ്രവേശനം തേടുന്ന അർഹതയുള്ളവർ അവയിലേക്കുളള ഓപ്ഷനുകളും ഇപ്പോൾ രജിസ്റ്റർ ചെയ്യണം.
• ആദ്യ റൗണ്ടിൽ ഉണ്ടായിരുന്ന ഓപ്ഷനുകൾ രണ്ടാംറൗണ്ടിൽ ഓപ്ഷൻ പട്ടികയിൽ പുതുതായി ചേർക്കാൻപറ്റില്ല.
• രണ്ടാംറൗണ്ടിലേക്കു പരിഗണിക്കപ്പെടാനുള്ള ഓപ്ഷൻ കൺഫർമേഷൻ (ഇത് നിർബന്ധമാണ്) നടത്താനും അവശേഷിക്കുന്ന ഓപ്ഷനുകളുടെ ഒഴിവാക്കൽ, പുനഃക്രമീകരണം എന്നിവ നടത്തുന്നതിനും മാത്രമേ അപ്പോൾ സൗകര്യം ലഭിക്കൂ.
• ആദ്യ റൗണ്ടിൽ ഇല്ലാതിരുന്ന ഓപ്ഷനുകൾ രണ്ടാംറൗണ്ടിൽ പുതുതായി വരുന്ന പക്ഷം, അവ പട്ടികയിൽ താത്‌പര്യമുള്ളിടത്ത് കൂട്ടിച്ചേർക്കാൻ കഴിയും.
• ആദ്യ റൗണ്ടിൽ സീറ്റ് അലോട്ചെയ്യപ്പെടുകയും അതിൽ പ്രവേശനം നേടുകയും ചെയ്യുന്നവരുടെ ഹയർ ഓപ്ഷനുകൾ (ലഭിച്ച ഓപ്ഷനെക്കാൾ ഉയർന്ന മുൻഗണനയുള്ളവ) നിലനിർത്തും. അലോട്ചെയ്യപ്പെട്ടതിന്റെ താഴെയുള്ളവ റദ്ദാക്കപ്പെടും. അതിനാൽ രണ്ടാംറൗണ്ടിൽ അപ്ഗ്രഡേഷൻ സൗകര്യമേ ഉണ്ടാകൂ. അപ്ഗ്രഡേഷൻ ലഭിക്കാത്തപക്ഷം പ്രവേശനം നേടിയ സീറ്റ് നിലനിർത്താം.
• സർവീസ്‌ക്വാട്ടയിലേക്കുള്ള അലോട്‌മെന്റ് ഇപ്പോൾ നടത്തില്ല. തുടർറൗണ്ടിൽ നടത്തും. എന്നാൽ, സർവീസ് ക്വാട്ട ഇതര സീറ്റിൽ അപേക്ഷിച്ച സർവീസ് ക്വാട്ട വിഭാഗക്കാർ, സർവീസ് ക്വാട്ട ഇതര സീറ്റുകളിലേക്കു പരിഗണിക്കപ്പെടാൻ ഇപ്പോൾ ഒാപ്ഷൻ നൽകണം.
അഖിലേന്ത്യാ നിയന്ത്രണസമിതികളുടെ അംഗീകാരം, സർവകലാശാലാ അഫിലിയേഷൻ തുടങ്ങിയവയ്ക്കു വിധേയമായിരിക്കും അലോട്‌മെന്റുകൾ.
Content Highlights: Kerala MDS Admission 2024: Online Allotment Started
Published: 04 Jul 2025, 05:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented