എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്‌സുകള്‍ക്ക് പ്രവേശനപരീക്ഷാ കമ്മിഷണര്‍ നടത്തുന്ന അലോട്‌മെന്റില്‍, മൂന്നാം ഘട്ടത്തിനുശേഷം ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനുള്ള സ്‌ട്രേ വേക്കന്‍സിഅലോട്മെന്റ് നടപടികള്‍ www.cee.kerala.gov.in ല്‍ തുടങ്ങി.

To advertise here,

കേരള മെഡിക്കൽ റാങ്ക്പട്ടികയിൽ ഉൾപ്പെട്ട, സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടിൽ പങ്കെടുക്കാൻ അർഹതയുള്ളവർ, ഈ റൗണ്ടിലേക്ക് പുതിയ ഓപ്ഷനുകൾ ഞായറാഴ്ച രാത്രി 11.59-നകം രജിസ്റ്റർചെയ്യണം.സ്ട്രേ വേക്കൻസി അലോട്മെൻറ് പ്രക്രിയയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളും ഈ ഘട്ടത്തിൽ നികത്തപ്പെടും.

അലോട്ട് ചെയ്യപ്പെടാതെ കിടക്കുന്ന കാറ്റഗറി സീറ്റുകൾ പ്രോസ്പെക്ടസ് വ്യവസ്ഥകൾപ്രകാരം ഈ റൗണ്ടിൽ പരിവർത്തനം ചെയ്ത് അലോട്ട് ചെയ്യും. അതിനാൽ, താത്‌പര്യമുള്ള, അലോട്മെൻറ് ലഭിച്ചാൽ പ്രവേശനം നേടുമെന്ന് ഉറപ്പുള്ള എല്ലാ ഓപ്ഷനുകളും രജിസ്റ്റർചെയ്യാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. ഈ അലോട്മെൻറിലൂടെ ലഭിക്കുന്ന സീറ്റുകളിൽ പിന്നീട് ഒരുമാറ്റവും അനുവദിക്കില്ല.

പങ്കെടുക്കാൻ അർഹതയില്ലാത്തവർ

(i) സംസ്ഥാന എം.ബി.ബി.എസ്./ബി.ഡി.എസ്. മൂന്നാം ഘട്ടത്തിൽ അലോട്മെൻറ്്‌ ലഭിച്ചവർ, പ്രവേശനം നേടിയവർ (ii) എം.ബി.ബി.എസ്./ബി.ഡി.എസ്. ആദ്യ മൂന്ന് അലോട്മെൻറുകൾവഴി പ്രവേശനം നേടി, ‘അഡ്മിറ്റഡ്’ സ്റ്റാറ്റസിൽ തുടരുന്നവർ (iii) പ്രവേശനം നേടിയ സീറ്റ് ഒക്ടോബർ 15-ന് ഉച്ചയ്ക്ക് രണ്ടിനുശേഷം വേണ്ടെന്നുവെച്ചവർ (ഒക്ടോബർ ഒൻപതിലെ വിജ്ഞാപനപ്രകാരം സീറ്റ് വേണ്ടെന്നു വെക്കാൻ സമയപരിധി നൽകിയിരുന്നു) (iv) എം.സി.സി. പങ്കുവെച്ച, എം.സി.സി. മൂന്നാംഘട്ട അഖിലേന്ത്യാക്വാട്ട കൗൺസലിങ്ങിനുശേഷമുള്ള, ‘അലോട്ടഡ് കാൻഡിഡേറ്റ്’ ലിസ്റ്റിൽ ഉൾപ്പെട്ടവർ - ഇവർ ഓപ്ഷഷൻ നൽകിയാലും അവ പരിഗണിക്കുന്നതല്ല.

അലോട്മെന്റ് ഫലം, പ്രവേശനം

താത്‌കാലിക അലോട്മെൻറ്്‌ ഫലം 28-നും അന്തിമ അലോട്മെൻറ് ഫലം 29-നും പ്രസിദ്ധീകരിക്കും. അലോട്മെൻറ് ലഭിക്കുന്നവർക്ക്, അലോട്മെൻറ്്‌ മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി ഫീസ് (ബാധകമെങ്കിൽ) അടച്ചശേഷം കോളേജിൽ പ്രവേശനംനേടാൻ 30 മുതൽ നവംബർ അഞ്ചിന് വൈകീട്ട് നാലുവരെ സമയമുണ്ടാകും.

പിഴനൽകേണ്ടിവരും

സ്ട്രേ വേക്കൻസി റൗണ്ടിലേക്ക് അനാവശ്യമായി ഓപ്ഷനുകൾ നൽകൽ അലോട്മെൻറ്‌ ലഭിച്ചശേഷം പ്രവേശനം നേടാതിരിക്കൽ, സ്ട്രേ അലോട്മെൻറിലൂടെയോ മുൻ അലോട്മെൻറുകളിലൂടെയോ പ്രവേശനം എടുത്തശേഷം സീറ്റ് ഉപേക്ഷിക്കൽ എന്നിവ വഴി പ്രവേശനപരീക്ഷാ കമ്മിഷണർ അലോട് ചെയ്യുന്ന ഗവൺമെൻറ്/മാനേജ്മെൻറ് സീറ്റുകൾ ലാപ്സ്ഡ് ആകുന്ന സാഹചര്യം സൃഷ്ടിക്കുന്നവർ, വേണ്ടെന്നുവെക്കുന്നത് എം.ബി.ബി.എസ്. സീറ്റ് എങ്കിൽ 10 ലക്ഷം രൂപയും ബി.ഡി.എസ്. സീറ്റ് എങ്കിൽ അഞ്ചുലക്ഷം രൂപയും പിഴയായി നൽകണം.

വാർഷിക കുടുംബവരുമാനം, നേറ്റിവിറ്റി, സംവരണ നില എന്നിവയൊന്നും ഇതിനായി പരിഗണിക്കില്ല. അവരുടെ കാൻഡിഡേച്ചറും റദ്ദാക്കും. കൂടാതെ, രണ്ടുവർഷത്തിൽക്കവിയാത്ത കാലയളവിലേക്ക് പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന പ്രവേശന പരീക്ഷകളിൽ/അലോട്മെൻറുകളിൽ (അല്ലെങ്കിൽ രണ്ടിലും) പങ്കെടുക്കുന്നതിൽനിന്ന്‌ അവരെ വിലക്കും. പിഴ അടയ്ക്കാത്തപക്ഷം, റവന്യു റിക്കവറി ആക്ട് പ്രകാരമുള്ള നടപടി സ്വീകരിക്കും. അലോട്മെൻറ് ലഭിച്ചാൽ പ്രവേശനം നേടുകയും പഠനം തുടരുകയും ചെയ്യും എന്നുറപ്പുള്ള കോളേജുകളിലേക്കും കോഴ്സുകളിലേക്കുംമാത്രം ഓപ്ഷൻ നൽകാൻ ശ്രദ്ധിക്കണം.