കോഴിക്കോട്: എസ്.എസ്.എൽ.സി. പരീക്ഷയുടെ മാർക്കോ സ്കോറോ രേഖപ്പെടുത്താത്തതിനാൽ സംസ്ഥാനത്തെ ഐ.ടി.ഐ. പ്രവേശനം നടത്തുന്നത് ‘സാങ്കല്പിക’ മാർക്കിന്റെ അടിസ്ഥാനത്തിൽ.

To advertise here,

ഐ.ടി.ഐ. പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് കുട്ടികളുടെ കൃത്യമായ മാർക്ക് ആവശ്യമാണ്. എന്നാൽ, 2006-ന് ശേഷം എസ്.എസ്.എൽ.സി. പരീക്ഷകളുടെ കൃത്യമായ മാർക്കോ സ്‌കോറോ പരീക്ഷാഫലത്തിനൊപ്പം അറിയാൻ സാധിക്കുന്നില്ല. ഇതാണ് ഐ.ടി.ഐ പ്രവേശനരംഗത്ത് പ്രതിസന്ധിയുണ്ടാക്കുന്നത്.

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ സ്‌കോർ ഒഴിവാക്കി ഗ്രേഡ് മാത്രം രേഖപ്പെടുത്തുന്നത് മൂലം ഐ.ടി.ഐ. പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികൾക്ക് ഓരോ ഗ്രേഡിനും ഒരു സാങ്കൽപ്പിക മാർക്ക് നൽകിക്കൊണ്ടാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഒരുവിഷയത്തിൽ എ പ്ലസ് ഗ്രേഡ് ലഭിച്ച വിദ്യാർഥിക്ക് 95 മാർക്കാണ് സാങ്കൽപ്പികമായി നൽകുക. ആ വിഷയത്തിൽ 90 ശതമാനം മാർക്ക് വാങ്ങിയ കുട്ടിക്കും 100 ശതമാനം മാർക്ക് വാങ്ങിയ കുട്ടിക്കും ഒരേപോലെ 95 മാർക്കാണ്‌ ഇതുവഴി ലഭിക്കുന്നത്.

ഈ രീതി യഥാർഥ മെറിറ്റിനെ അട്ടിമറിക്കുന്നതാണെന്നും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് അർഹമായ പ്രവേശനം നഷ്ടമാകുന്നതിന് ഇത് കാരണമാകുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എ ഗ്രേഡിന് 85, ബി പ്ലസ് ഗ്രേഡിന് 75, ബി ഗ്രേഡിന് 65, സി പ്ലസ് ഗ്രേഡിന് 55, സി ഗ്രേഡിന് 45, ഡി പ്ലസ് ഗ്രേഡിന് 35, ഡി ഗ്രേഡിന് 25, ഇ ഗ്രേഡിന് 15 എന്നിങ്ങനെയാണ് ഐ.ടി.ഐ. പ്രവേശനത്തിനുള്ള സാങ്കല്പികമാർക്കുകൾ.

എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയവർക്ക് ഫലം പ്രഖ്യാപിച്ച് മൂന്നു മാസത്തിനകം യാതൊരു കാരണവശാലും സ്‌കോർ വിവരം നൽകില്ലെന്നാണ് പരീക്ഷാ വിജ്ഞാപനത്തിൽ നിഷ്‌കർഷിച്ചിട്ടുള്ളത്. 10 വിഷയങ്ങളിലും എ പ്ലസ് വാങ്ങുന്നവർമാത്രം അംഗീകരിക്കപ്പെടുകയും ഫുൾ എ പ്ലസ് ലഭിക്കാത്ത, എന്നാൽ അവരേക്കാൾ കൂടുതൽ മൊത്തം സ്കോർ കരസ്ഥമാക്കിയ വിദ്യാർഥികൾ അവഗണിക്കപ്പെടുകയും ചെയ്യുന്നു. പരീക്ഷാഫലം വന്ന് നിശ്ചിതസമയത്തിനു ശേഷം ഉയർന്ന ഫീസ് (500 രൂപയോ, 200 രൂപയോ) ഒടുക്കി അപേക്ഷിച്ചാൽ മാർക്ക് വിവരം നേരിട്ടു നൽകാമെന്ന് സർക്കാർ ഉത്തരവുകളുണ്ടെങ്കിലും ഇത് അഡ്മിഷൻ സമയത്ത് കുട്ടികൾക്ക് പ്രയോജനപ്പെടുന്നില്ല.

ജൂൺ 30-വരെയാണ് ഐ.ടി.ഐ.കളിൽ ഓൺലൈൻ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനാവുക. ജൂലായ് ഏഴിനാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. ജൂലായ് 13 മുതൽ പ്രവേശനം തുടങ്ങും.