വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്

എടപ്പാൾ: എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ അർധവാർഷിക പരീക്ഷയിൽ എല്ലാ വിഷയത്തിലും മിനിമം യോഗ്യത നേടാത്ത 20 ശതമാനത്തോളം കുട്ടികൾ ഉള്ളപ്പോഴും എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയം 98 ശതമാനം കടക്കുന്നതായി വിവരാവകാശ രേഖ.
മലപ്പുറം ജില്ലയിലെ സ്കൂളുകളിലെ അർധവാർഷിക പരീക്ഷയിലെ വിജയശതമാനത്തിന്റെ കണക്കാണ് ശേഖരിച്ചത്. എട്ടാം ക്ലാസ്സിൽ 72.9, ഒൻപതിൽ 81.2, പത്തിൽ 82.79 ശതമാനം എന്നിങ്ങനെയാണ് ജില്ലയിലെ സ്കൂളുകളിൽ അർധവാർഷിക പരീക്ഷയിലെ വിജയശതമാനമെന്ന് രേഖയിൽ വ്യക്തമാകുന്നു. ഇക്കുറി എസ്.എസ്.എൽ.സി. പരീക്ഷയിൽ 98.72 ശതമാനം പേരാണ് ഇവിടെനിന്ന് വിജയിച്ചത്.
എസ്.എസ്.എൽ.സി. പരീക്ഷയോട് അടുപ്പിച്ച് സ്കൂളുകളിൽ നടപ്പാക്കുന്ന തീവ്രപരിശീലന പദ്ധതികളാകാം വിജയശതമാനം കൂട്ടാൻ ഇടയാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ വിജയഭേരി, വിദ്യാലയങ്ങൾ നടപ്പാക്കുന്ന പഠനപിന്തുണ തുടങ്ങിയ പരിപാടികൾ പഠനത്തിൽ പിന്നാക്കംനിന്ന കുട്ടികളെ മുന്നിലെത്തിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പ്രഥമാധ്യാപകർ പറയുന്നു. എന്നാൽ, ഇതിനൊപ്പം കുട്ടികളുടെ യഥാർത്ഥ അക്കാദമിക് ശേഷിയേക്കാൾ, ഉയർന്ന വിജയശതമാനമെന്ന ലക്ഷ്യം സംസ്ഥാനത്തെ മൂല്യനിർണയത്തിൽ പ്രതിഫലിക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന അഭിപ്രായക്കാരുമുണ്ട്.
2025-ലെ അർധവാർഷിക പരീക്ഷയിൽ എട്ടാം ക്ലാസിൽ ആകെയുണ്ടായിരുന്ന വിദ്യാർഥികളുടെ എണ്ണം 9,35,048 ആയിരുന്നു. എല്ലാ വിഷയത്തിലും മിനിമം മാർക്കിനുമേൽ നേടി വിജയിച്ചവർ 8,81,996 ആണ്. 2,53,052 കുട്ടികൾക്ക് എല്ലാ വിഷയത്തിലും മിനിമംമാർക്ക് പോലും നേടാനായില്ല.
ഒൻപതിൽ ഇത് 9,19,385, 7,46,758 ആണ്. പരാജയപ്പെട്ടത് 1,72,627 കുട്ടികൾ. പത്താംതരത്തിൽ അരക്കൊല്ലപ്പരീക്ഷയിൽ ആകെ കുട്ടികളുടെ എണ്ണം- 6,75,656. വിജയം- 5,59,261. പരാജയപ്പെട്ടത് 1,16,395 കുട്ടികൾ. എസ്.എസ്.എൽ.സി. ആയപ്പോഴേക്കും വിജയം 6,73,631 ആയി ഉയർന്നു. പരാജയം 2,027 കുട്ടികളിൽ ഒതുങ്ങി.
അർധവാർഷിക പരീക്ഷയിൽ എല്ലാ വിഷയത്തിലും ജയിക്കാനുള്ള മിനിമം മാർക്ക് നേടാതെ പരാജയപ്പെട്ട 1,14,370 കുട്ടികൾ എസ്.എസ്. എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിലും വിജയിക്കാനുള്ള മാർക്ക് നേടിയെടുത്തു. വിവരാവകാശ പ്രവർത്തകനായ പി.എൻ. കൃഷ്ണകുമാർ മൂന്നുമാസത്തോളം നടത്തിയ പോരാട്ടത്തിനൊടുവിലാണ് വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഈ കണക്ക് ലഭിച്ചത്. അപ്പീൽ ഫയൽ ചെയ്ത ശേഷമാണ് മറുപടി ലഭിച്ചത്.
ഓൾ പ്രമോഷൻ നിർത്തലാക്കണം
ഓൾ പ്രമോഷൻ രീതി നിർത്തലാക്കണമെന്ന നിലപാടാണ് എന്നും കെ.പി.എസ്.ടി.എ.യ്ക്ക്. വിദ്യാർഥികളുടെ അറിവിനനുസരിച്ചു വേണം വിജയം നൽകാൻ. സർക്കാരുകളുടെ പൊതുനയത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഇത്തരത്തിൽ വിജയശതമാനമുയരുന്നത്. പുതിയ സർക്കാരിനെയും സംഘടനയുടെ നിലപാട് അറിയിക്കും.
-സുനിൽകുമാർ (സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.എസ്.ടി.എ)
പ്രത്യേക പരിശീലനത്തിലൂടെ നേടിയെടുക്കുന്നത്
അരക്കൊല്ലപ്പരീക്ഷയ്ക്കുശേഷം നിലവാരം കുറഞ്ഞ കുട്ടികളെക്കണ്ടെത്തി പ്രത്യേക പരിശീലനം നൽകി അവരുടെ നിലവാരമുയർത്തുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. കേന്ദ്ര സർക്കാരിൻ്റെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് ഇതെല്ലാം നടക്കുന്നത്. അടിസ്ഥാന അറിവുകൾ നൽകി വിജയത്തിലെത്തിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ, പരാജയപ്പെടുന്നവരെ എന്നും ആ ക്ലാസിൽത്തന്നെ ഇരുത്തിയതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകില്ല.
-ടി.കെ.എ. ഷാഫി (സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.ടി.എ)
Content Highlights: An RTI document obtained by PN Krishnakumar shows over one lakh students who failed the tenth-standard half-yearly exams managed to pass the final SSLC exam, raising debates on intensive training and evaluation standards.
Published: 23 May 2026, 09:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented