കൊല്ലം: കോവിഡിന്റെ പേരിൽ നിർത്തിയ പട്ടികവിഭാഗം വിദ്യാർഥികൾക്കുള്ള പ്രോത്സാഹനപദ്ധതികൾ പുനരാരംഭിക്കാതെ സർക്കാർ. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന വിദ്യാർഥികൾക്കുള്ള സ്വർണമെഡൽ പദ്ധതിയും സംസ്ഥാന കലോത്സവങ്ങളിൽ എ ഗ്രേഡുകാർക്കുള്ള സർഗോത്സവ പദ്ധതിയുമാണ് സർക്കാർ മറന്നത്.

To advertise here,

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള സ്വർണമെഡൽ പദ്ധതി ആറു വർഷമായി മുടങ്ങിക്കിടക്കുകയാണ്. 2019-ലാണ് അവസാനമായി മെഡലുകൾ വിതരണംചെയ്തത്. അരപ്പവൻ തൂക്കമുള്ള സ്വർണമെഡലാണ് വിദ്യാർഥികൾക്കു നൽകിയിരുന്നത്. അന്ന് പവന് 25,000 രൂപയ്ക്കടുത്തായിരുന്നത് ഇപ്പോൾ അഞ്ചിരട്ടിയെങ്കിലുമായിട്ടുണ്ട്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിലും വർധനയുണ്ട്. 2020 മുതൽ 2022 വരെ മാത്രം മെഡലിന് അർഹരായ 9954 വിദ്യാ‌ർഥികളുണ്ടായിരുന്നു. തുടർവർഷങ്ങളിൽ കണക്കെടുപ്പുണ്ടായില്ല.

സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ എ ഗ്രേഡ് നേടുന്ന പട്ടികജാതി വിദ്യാർഥികൾക്ക് 10,000 രൂപ നൽകുന്ന ‘സർഗോത്സവ പദ്ധതി’യുടെ സ്ഥിതിയും സമാനമാണ്. കോവിഡ് മൂലം 2021-ലും 2022-ലും കലോത്സവങ്ങൾ നടന്നില്ല. 2019, 2020, 2023, 2024, 2025 വർഷങ്ങളിലെ കലോത്സവ വിജയികൾക്കൊന്നും തുക നൽകിയിട്ടില്ല.

കഴിഞ്ഞ സർക്കാരിന്റെ ധനപ്രതിസന്ധിയെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിലും കഴിഞ്ഞ നിയമസഭാസമ്മേളനത്തിലും വിഷയം ചർച്ചയായിരുന്നു. പദ്ധതികൾ മുടങ്ങിക്കിടക്കുന്ന വിഷയം മന്ത്രിമാർ നിഷേധിച്ചില്ലെങ്കിലും കുടിശ്ശിക സഹിതം വിതരണംചെയ്യുമോയെന്ന കാര്യത്തിൽ രണ്ടവസരത്തിലും മറുപടിയുണ്ടായില്ല.