തിരുവനന്തപുരം: എ.കെ.ജി. സെന്ററിനുവേണ്ടി കേരള സർവകലാശാലയുടെ ഭൂമി കൈയേറിയെന്ന പരാതിയിൽ കോടതി ഇടപെട്ടതിനെത്തുടർന്ന് സർവകലാശാലയുടെ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നു. ചൊവ്വാഴ്ച രാവിലെ 10-ന് നടക്കുന്ന ഭൂമി സർവേയിൽ സർവകലാശാലയുടെ പ്രതിനിധികളോടു ഹാജരാകണമെന്നു കാണിച്ച് റവന്യൂ അധികൃതർ നോട്ടീസ് അയച്ചു. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് റവന്യൂ വകുപ്പ് തഹസിൽദാർക്ക് അടിയന്തര നിർദേശം നൽകിയത്.

To advertise here,

സേവ് യൂണിവേഴ്‌സിറ്റി കാംപെയ്‌ൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ആർ.എസ്.ശശികുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാരിനു നിർദേശം നൽകിയത്. രണ്ട്‌ സർവേ നമ്പരുകളിലായുള്ള എ.കെ.ജി. പഠന ഗവേഷണകേന്ദ്രത്തിന്റെ ഭൂമി അളക്കണമെന്നാണ് നിർദേശം. എന്നാൽ, ചൊവ്വാഴ്ച സർവകലാശാലയുടെ ഭൂമി മാത്രമേ അളക്കുകയുള്ളൂവെന്ന് തഹസിൽദാർ ‘മാതൃഭൂമി’യോടു പറഞ്ഞു.

1977-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് എ.കെ.ജി. പഠന ഗവേഷണകേന്ദ്രത്തിനുവേണ്ടി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. അന്ന് 15 സെന്റ് ഭൂമിയാണ് അനുവദിച്ചിരുന്നത്. തുടർന്ന് സർവകലാശാല 15 സെന്റ് ഭൂമികൂടി നൽകിയെന്ന് ജില്ലാ കളക്ടർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. നിലവിൽ 55 സെന്റ് ഭൂമി സെന്ററിന്റെ കൈവശമുണ്ടെന്നാണ് പരാതിക്കാരന്റെ വാദം.

സി.പി.എം. സംസ്ഥാന കമ്മിറ്റി ഓഫീസ് അടുത്തകാലംവരെ എ.കെ.ജി. സെന്ററിലാണ് പ്രവർത്തിപ്പിച്ചിരുന്നത്. ഇതു നിയമവിരുദ്ധമാണെന്നും കൈയേറിയ ഭൂമി സർവകലാശാലയ്ക്കു തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ടാണ് ആർ.എസ്.ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്. 1992-ൽ കോൺഗ്രസ് നേതാവായിരുന്ന ചെറിയാൻ ഫിലിപ്പ് നൽകിയ പരാതിയെത്തുടർന്ന് അന്നത്തെ വൈസ് ചാൻസലർ ഡോ. ജെ.വി. വിളനിലം ഭൂമി അളക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.

എന്നാൽ, അദ്ദേഹത്തിനെതിരേ വ്യാജ ഡിഗ്രി ആരോപണമുന്നയിച്ച് ഓഫീസിൽപ്പോലും പ്രവേശിക്കാൻ അനുവദിക്കാതെ ഉപരോധം സൃഷ്ടിച്ചതോടെ, ഭൂമി അളക്കാനുള്ള നീക്കം സർവകലാശാലയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു. ഇതേ ആവശ്യം ഉന്നയിച്ച് ആർ.എസ്.ശശികുമാർ നൽകിയ പരാതി നിലവിലെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സിൻഡിക്കേറ്റിൽ ചർച്ച ചെയ്യുകയും സർവകലാശാലയുടെ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുകയും ചെയ്തിരുന്നു.