തിരുവനന്തപുരം: കേവലം ഡിഗ്രിക്ക് മാത്രം ഇന്ന് യാതൊരു വിലയുമില്ലാത്ത അവസ്ഥയാണെന്നും, നൂതന ആശയങ്ങളുള്ള കേരളത്തിലെ വിദ്യാർഥികളെ മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൊഴിൽ നേടുന്നതിനപ്പുറം അവരെ മികച്ച സംരംഭകരും ക്രിയേറ്റർമാരുമായി മാറ്റാൻ ഇതിലൂടെ സാധിക്കും. മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന 'സ്കിൽ കേരളം- എമർജിങ് ടെക്നോളജി സ്കില്ലിങ് പ്രോഗ്രാമി'ന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ നേതൃത്വത്തിൽ 'ആക്സിലറേറ്റ് കേരള'യുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
സർവകലാശാലാ കാമ്പസുകൾ വെറുതെ തല്ലുകൂടാനുള്ള സ്ഥലമല്ലെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം. അങ്ങനെ തല്ലുകൂടുന്നവരെ പുതിയ ജെൻ സി (Gen Z) സമൂഹം ഒറ്റപ്പെടുത്തും. അതുകൊണ്ടുതന്നെ പുതിയ വിദ്യാഭ്യാസ സാഹചര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയക്കാരും മാറേണ്ടതുണ്ട്. ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും സജ്ജമാണ്. ഐ.ടി മേഖലയിലെ മാറ്റങ്ങൾ യുവാക്കൾ കാണുന്നുണ്ട്. കഴിവുകൾ വികസിപ്പിക്കാനുള്ള സാഹചര്യങ്ങൾ നാട്ടിൽ തന്നെയുണ്ടാകുമെന്ന ആത്മവിശ്വാസം അവരിലുണ്ടായാൽ പിന്നെ യുവാക്കളെ പിടിച്ചാൽ കിട്ടില്ല. യുവാക്കളുടെ വികാരങ്ങളെ മാനിച്ചുകൊണ്ടേ ഏത് സർക്കാരിനും മുന്നോട്ട് പോകാനാകൂവെന്നും മന്ത്രി വ്യക്തമാക്കി. എമേർജിങ് ടെക്നോളജിയിലെ വൻ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സർവകലാശാലകളും സർക്കാരും ഒന്നിച്ചുചേർന്നുള്ള ദൗത്യമാണ് സ്കിൽ കേരള പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഐ.സി.ടി അക്കാദമി ഓഫ് കേരളയുടെ സി.ഇ ഓ മുരളീധരൻ മണ്ണിങ്കൽ സ്വാഗതം ആശംസിച്ചു.
തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി റോജി എം. ജോൺ പദ്ധതിയുടെ പോർട്ടൽ പ്രകാശനം ചെയ്തു. വ്യവസായമേഖലയുമായി സഹകരിച്ചുള്ള സർട്ടിഫിക്കേഷനും ഇതിലൂടെ ഉറപ്പുനൽകുന്നു.
പദ്ധതിയിലൂടെ സംസ്ഥാനത്തെ പതിനായിരം വിദ്യാർഥികൾക്ക് 17 എമർജിങ് ടെക്നോളജി ഡൊമെയ്‌നുകളിലായി 70-ലധികം കോഴ്സുകൾ പഠിക്കാൻ അവസരം ലഭിക്കും. വിദ്യാർഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ, പൂർണമായും സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് പരിശീലനം നൽകുന്നത്. വിദ്യാർഥികൾക്കുള്ള പരിശീലനത്തിന് പുറമെ അധ്യാപകർക്കുള്ള ഫാക്കൽറ്റി ഡെവലപ്‌മെൻ്റ് പ്രോഗ്രാം, വ്യവസായമേഖലയുമായി ചേർന്നുള്ള ശിൽപശാലകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യാ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെ.ടി.യു) വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സിസ തോമസ്, സംസ്ഥാനത്തെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഡയറക്ടർമാർ, ഡീനുകൾ, പ്രിൻസിപ്പൽമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Content Highlights: Skill Kerala Emerging Technology Skilling Program launched by the government for higher education students
Published: 09 Oct 2026, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented