തിരുവനന്തപുരം: പുതുക്കിയ കീം റാങ്ക് ലിസ്റ്റിൽ പ്രതികരിച്ച് ഒന്നാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശി ജോഷ്വാ ജേക്കബ് തോമസ്. മുൻപത്തെ റാങ്ക് ലിസ്റ്റിൽ അഞ്ചാമതായിരുന്നു. അന്ന് ഒന്നാം റാങ്ക് കിട്ടുമെന്നായിരുന്നു പ്രതീക്ഷ. പുതുക്കിയ ഫലം സന്തോഷം നൽകുന്നതാണ്. മുൻപത്തെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെയെല്ലാം അഭിനന്ദിക്കാനാണ് ഈയവസരം ഉപയോ​ഗിക്കുന്നത്. അവർ എല്ലാവരും നന്നായി അധ്വാനിച്ചവരാണ്. ഇത്തവണത്തെ റാങ്ക് ജേതാക്കളേയും അഭിനന്ദിക്കുന്നുവെന്നും ജോഷ്വാ ജേക്കബ് തോമസ് പറഞ്ഞു.

To advertise here,

ജെഇഇയ്ക്ക് തയ്യാറെടുത്തിരുന്നുവെന്നും പുതുക്കിയ റാങ്ക് ലിസ്റ്റ് തനിക്കും കുടുംബത്തിനും എക്സൈറ്റഡ് എന്നുപറയാവുന്ന അനുഭവമാണ് സമ്മാനിച്ചതെന്നും ജോഷ്വാ പറഞ്ഞു. 

പുതിയ റാങ്ക് ലിസ്റ്റിൽ ഒന്നാമതാവുമെന്ന് തീരെ പ്രതീ​ക്ഷിച്ചില്ല. പക്ഷേ വളരെയേറെ സന്തോഷമുണ്ട്. ആദ്യത്തെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയപ്പോൾ വിദ്യാർത്ഥികളുടെ ഭാവി എന്താകുമെന്നോർത്ത് ആശങ്കപ്പെട്ടിരുന്നു. എന്നാൽ റാങ്കിനെക്കുറിച്ചോർത്ത് ടെൻഷനൊന്നും ഉണ്ടായിരുന്നില്ല. വളരെയടുത്ത ദിവസംതന്നെ പുതിയ റാങ്ക് ലിസ്റ്റ് വന്നതിൽ സന്തോഷമുണ്ട്. 

ബോർഡ് എക്സാമിനും ജെഇഇയ്ക്കും പ്രത്യേകം സമയം കണ്ടെത്തിയാണ് പഠിച്ചത്. പ്രതീക്ഷിച്ചതുപോലെത്തന്നെ ഫലം വന്നു. റാങ്ക് കിട്ടുമെന്ന് തന്നെ പ്രതീക്ഷിച്ചിരുന്നുവെന്നും ജോഷ്വാ കൂട്ടിച്ചേർത്തു.