പത്തനംതിട്ട: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മത്സരിച്ച് പിന്നിൽ പോയവർക്ക് ഹയർ അപ്പീൽ നൽകാൻ ഇക്കൊല്ലം മുതൽ ടോക്കൺ സംവിധാനം വരുന്നു. ഫലം വന്ന് ഒരുമണിക്കൂറിനകം അപ്പീൽ നൽകണമെന്ന വ്യവസ്ഥ കുട്ടികൾക്ക് അസൗകര്യമുണ്ടാക്കുന്നതിന് പരിഹാരമെന്ന നിലയിലാണ് ടോക്കൺ സംവിധാനം.

To advertise here,

മത്സരശേഷം ഫലപ്രഖ്യാപനം വൈകിയാൽ കാത്തു നിൽക്കാതെ ചില കുട്ടികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇങ്ങനെ മടങ്ങുന്നവർക്ക് ഒരുമണിക്കൂറിനകം ഹയർ അപ്പീൽ നൽകാനും കഴിഞ്ഞിരുന്നില്ല. രചനാ മത്സരങ്ങളുടെ ഫലം ഏറെ വൈകിയാണ് വരാറുള്ളത്. മത്സരാർഥികൾ കൂടുതലുള്ള ഇനങ്ങളിൽ ആദ്യം ക്ലസ്റ്ററുകളിൽ പങ്കെടുക്കുന്ന ചില കുട്ടികൾക്കും ഹയർ അപ്പീലിന് അവസരം കിട്ടാതെപോകുന്നുണ്ട്.

കുട്ടികൾക്ക് ഹയർ അപ്പീൽ നൽകാനുള്ള അവകാശം നിഷേധിക്കുന്നതിന് തുല്യമായി ഇത് മാറിയിരുന്നു.

കലോത്സവത്തിന്റെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലുമാണ് ടോക്കൺ എടുക്കാനുള്ള ലിങ്ക് ഉണ്ടാകുക. മത്സരത്തിന്റെ ഫലം വെബ്‌സൈറ്റിൽ വന്നശേഷം രജിസ്റ്റർനമ്പർ ഉപയോഗിച്ച് ടോക്കൺ എടുക്കാം. പിന്നീട് മത്സരാർഥിയുടെ ജില്ലാ ടീമിന്റെ മാനേജർ കലോത്സവ നഗരിയിലെ ഹയർ അപ്പീൽ ഓഫീസിലെത്തി അപേക്ഷ നൽകണം. ഇത് ഒരുമണിക്കൂറിനകം ആയിരിക്കണം. ബി ഗ്രേഡ് കിട്ടുന്ന കുട്ടികളാണ് എ ഗ്രേഡിലേക്ക് എത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഹയർ അപ്പീൽ നൽകുന്നത്. 5000 രൂപയാണ് കെട്ടിവെക്കേണ്ടത്. ഗ്രേഡ് ഉയർന്നാൽ തുക തിരികെ കൊടുക്കും.

ഇക്കൊല്ലത്തെ കലോത്സവം ഉത്തരവാദിത്വത്തോടെ, സ്‌നേഹത്തോടെ

തൃശ്ശൂരിൽ ജനുവരി 14-ന് തുടങ്ങുന്ന 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം 'ഉത്തരവാദിത്വത്തോടെ, സ്‌നേഹത്തോടെ' എന്ന ആപ്തവാക്യത്തോടെയായിരിക്കും നടക്കുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും പുറത്തിറക്കി.

വിജയിച്ച ആളിനെ അഭിനന്ദിക്കാനുള്ള മനസ്സ് ഉണ്ടാക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കാൻ അധ്യാപകർ ശ്രമിക്കണം. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കരുത്.

ജീവിതശൈലി രോഗമുണ്ടാക്കാത്ത ഭക്ഷണരീതി വേണം നടപ്പാക്കാൻ. ഉത്തരവാദിത്വമുള്ള ഉപഭോഗം, പെരുമാറ്റം എന്നിവയും ഈ കലോത്സവത്തിലൂടെ കുട്ടികളിൽ വളർത്തിയെടുക്കണമെന്നും നിർദേശിക്കുന്നു.