ന്യൂഡൽഹി: ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ (ജെ.എൻ.യു.), അടൽ ബിഹാരി വാജ്‌പേയ്‌ സ്കൂൾ ഓഫ് മാനേജ്മെന്റ്‌ ആൻഡ്‌ ഓൺട്രപ്രനേർഷിപ്പ് (എ.ബി.വി.എസ്.എം.ഇ.), 2024-26ലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

To advertise here,

അപേക്ഷകർക്ക്, പ്ലസ് ടു/തത്തുല്യം കഴിഞ്ഞ് കുറഞ്ഞത് മൂന്നുവർഷത്തെ പഠനത്തിലൂടെ നേടിയ ഏതെങ്കിലും അംഗീകൃത ബാച്ച്‌ലർ ബിരുദം/തത്തുല്യ യോഗ്യതവേണം. യോഗ്യതാ പ്രോഗ്രാമിന്റെ എല്ലാ വർഷത്തിലും/സെമസ്റ്ററിലും കൂടി മൊത്തം 50 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം)/തത്തുല്യ സി.ജി.പി.എ. ഉണ്ടായിരിക്കണം.

യോഗ്യതാ കോഴ്സിന്റെ അന്തിമവർഷ പരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും ജെ.എൻ.യു. അറിയിക്കുന്ന കട്ട് ഓഫ് തീയതിയിൽ, യോഗ്യതനേടിയതിന്റെ രേഖ നൽകണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി അപേക്ഷിക്കാം.

അപേക്ഷകർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (ഐ.ഐ. എം.) നടത്തിയ കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) 2023 അഭിമുഖീകരിച്ചിരിക്കണം. കാറ്റ് 2023 രജിസ്ട്രേഷൻ നമ്പർ, സ്കോർ എന്നിവ അപേക്ഷിക്കുമ്പോൾ നൽകണം.

വിശദാംശങ്ങൾ അടങ്ങുന്ന എം.ബി.എ. പ്രോഗ്രാം ബ്രോഷർ, https://www.jnu.ac.in/admissions ൽ ലഭിക്കുംഅപേക്ഷ, ബ്രോഷറിൽ നൽകിയിട്ടുള്ള ലിങ്ക് വഴി ഫെബ്രുവരി 28 വരെ നൽകാം.

കാറ്റ് 2023 സ്കോർ പരിഗണിച്ച് അപേക്ഷകരെ ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇൻറർവ്യൂ എന്നിവയ്ക്കായി ഷോർട് ലിസ്റ്റ് ചെയ്യും. അന്തിമ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കാൻ കാറ്റ് സ്കോർ (70 ശതമാനം വെയ്റ്റേജ്), ഗ്രൂപ്പ് ഡിസ്കഷൻ സ്കോർ (10 ശതമാനം), പേഴ്സണൽ ഇൻറർവ്യൂ സ്കോർ (20 ശതമാനം) എന്നിവ പരിഗണിക്കും.

മൊത്തം ഫീസ് 12 ലക്ഷം രൂപയാണ്. ഒ.ബി.സി.- 8 ലക്ഷം, പട്ടിക/ഭിന്നശേഷി വിഭാഗം- 6 ലക്ഷം.വെബ്സൈറ്റ്: https://www.jnu.ac.in/abvsme. ഇ-മെയിൽ വിലാസം: dean.abvsme@mail.jnu.ac.in