കാഴ്ചപരിമിതിയെ അപ്രസക്തമാക്കി സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് കോഴിക്കോട് വടകര സ്വദേശിനി ജസീല ജന്നത്ത് പി. കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ (യു പി എസ് സി) പ്രസിദ്ധീകരിച്ച സിവിൽ സർവീസ് റാങ്ക് പട്ടികയിൽ 397-ാം റാങ്ക് നേടിയാണ് ഈ മിടുക്കി തന്റെ സ്വപ്നനേട്ടം സ്വന്തമാക്കിയത്.
സിവിൽ സർവീസ് എന്ന ലക്ഷ്യത്തിനായി മൂന്ന് തവണയാണ് ജസീല പരീക്ഷ എഴുതിയത്. ഓരോ തവണയും നേരിട്ട തിരിച്ചടികളിൽ തളരാതെ, തന്റെ കുറവുകളെ കരുത്താക്കി മാറ്റിയ ജസീലയ്ക്ക് സോഷ്യോളജി ആയിരുന്നു ഐച്ഛിക വിഷയം. സ്ത്രീ കേന്ദ്രീകൃത വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജസീല തന്നെപോലെ അരികുവത്കരിക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കാനും ക്രിയാത്മകമായി ഇടപെടാനും സാധിക്കുമെന്ന വിശ്വാസത്തിലാണ് സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്ക് നടന്നുകയറുന്നത്.
തന്റെ വിജയത്തിന്റെ വലിയൊരു പങ്ക് സൈലം ഐഎഎസിലെ ഒരു വർഷത്തെ പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ ഗൈഡൻസ് പഠനത്തിനാണെന്ന് ജസീല കരുതുന്നു. 2025 മാർച്ചിൽ ആരംഭിച്ച സൈലത്തിന്റെ സിവിൽ സർവീസ് ബാച്ചിലായിരുന്നു ജസീല ചേർന്നത്. തന്റെ തയ്യാറെടുപ്പിൽ, സിലബസ് പഠിച്ചെടുക്കുന്നതിനായി ഓഡിയോ അധിഷ്ഠിത പഠന രീതികൾ, വോയിസ്-ടു-ടെക്സ്റ്റ് ടൂളുകൾ, സഹപാഠികളുമായി ചേർന്നുള്ള ചർച്ചകൾ എന്നിവ പ്രയോജനപ്പെടുത്തിയതായി ജസീല വ്യക്തമാക്കി.
ജസീറ മൻസിലിലെ പരേതനായ കുഞ്ഞബ്ദുള്ളയുടെയും സൈനബയുടെയും മകളായ ജസീല, ജന്മനായുള്ള കാഴ്ചപരിമിതികളെ പഠനമികവ് കൊണ്ടാണ് നേരിട്ടത്. 40 ശതമാനത്തിലേറെ കാഴ്ചപരിമിതിയുള്ള വ്യക്തി എന്ന നിലയിൽ വലിയ വെല്ലുവിളികൾ മുന്നിലുണ്ടായിരുന്നിട്ടും അതെല്ലാം മറികടന്ന് മുന്നേറാൻ ജസീലയ്ക്ക് സാധിച്ചു.
സ്‌കൂൾ കാലഘട്ടം മുതൽക്കേ പഠനത്തിൽ മികവ് പുലർത്തിയിരുന്ന ജസീല, വില്ല്യാപ്പള്ളി സ്കൂളിൽ നിന്നും മികച്ച വിജയത്തോടെയാണ് പത്താം ക്ലാസും ഹയർ സെക്കണ്ടറിയും പൂർത്തിയാക്കിയത്. തുടർന്ന് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, മുംബൈയിലെ പ്രശസ്തമായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (TISS) നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും നേടി.
പഠനത്തിൽ മാത്രമല്ല, കലാരംഗത്തും ജസീല തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ മിമിക്രി, വഞ്ചിപ്പാട്ട്, നാടൻപാട്ട്, മലയാളം പദ്യപാരായണം എന്നിവയിൽ എ ഗ്രേഡ് നേടിയ ജസീല, പൊതുവേദികളിലെ മികച്ച പ്രസംഗക കൂടിയാണ്. കാഴ്ചയിലല്ല, കാഴ്ചപ്പാടിലാണ് കാര്യം എന്ന് തെളിയിക്കുന്ന ഈ വിജയം കേരളത്തിലെ ഒട്ടേറെ ഭിന്നശേഷിക്കാർക്ക് വലിയ പ്രചോദനമാകും. ജസീല ജന്നത്തിന്റെ ഈ നേട്ടം നാടിനും നാട്ടുകാർക്കും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ്.
ജസീല ഉൾപ്പെടെ സൈലത്തിൽ നിന്നുള്ള 29 വിദ്യാർത്ഥികളാണ് ഇത്തവണ റാങ്ക് കരസ്ഥമാക്കിയത്.
Content Highlights: Jaseela Jannath secured 397th rank in UPSC Civil Services., Overcame 40% visual impairment using audio-based study tools.
Published: 06 Mar 2026, 09:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented