കൊല്ലം: ഇംഗ്ലീഷിന് പുറമെ മൂന്ന് വിഷയങ്ങൾ പാസാകണമെന്ന നിലവിലെ രീതിക്ക് പകരം നാലു വിഷയങ്ങളാക്കി ഐ.എസ്.സി. പുതിയ പരിഷ്കാരങ്ങൾ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) പ്രഖ്യാപിച്ചു. 2027 ൽ പരീക്ഷ എഴുതുന്നവർക്കാണ് പഠനവിഷയമുൾപ്പടെയുള്ളവയിൽ മാറ്റം വരുന്നത്. ഏപ്രിൽ 25 -നാണ് അക്കാദമിക് സെഷൻ ആരംഭിക്കുന്നത്.  ഐ.എസ്.സിയുടെ (ക്ലാസ് പന്ത്രണ്ട് ) പുതിയ മാറ്റങ്ങളുമായി  സ്കൂളുകളും പൊരുത്തപ്പെടേണ്ടതുണ്ട്. പ്രായോഗിക ഗണിതം (അപ്ലൈഡ് മാത്തമാറ്റിക്സ് ) ഉൾപ്പെടെ പുതിയ വിഷയങ്ങളുടെ കോംബിനേഷനുകൾ വന്നതാണ് പ്രധാന മാറ്റം. 

To advertise here,

2027 മുതൽ ഇംഗ്ലീഷിലും മറ്റ് നാല് വിഷയങ്ങളിലും പാസാകണമെന്ന നിബന്ധനയുണ്ട്. നിലവിൽ ഇത് ഇംഗ്ലീഷും മറ്റ് മൂന്ന് വിഷയങ്ങളും പാസാകണമെന്ന്  മാത്രമായിരുന്നു.  പുതിയ സംവിധാനത്തിൽ വിദ്യാർഥികൾക്ക് ഗണിതവും പ്രായോഗിക ഗണിതവും(അപ്ലൈഡ് മാത്തമാറ്റിക്സ് ) ഇംഗ്ലീഷും മോഡേൺ ഇംഗ്ലീഷും തമ്മിൽ ഒരു കോംബിനേഷൻ തിരഞ്ഞെടുപ്പ് വേണ്ടി വരും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ പുതിയ വിഷയങ്ങൾ സ്കൂളുകളിൽ അവതരിപ്പിക്കുവാനും അവസരമുണ്ട് .

ഇതിനായി ടൈംടേബിളുകൾ തയ്യാറാക്കുകയും കൂടുതൽ അധ്യാപകരെ നിയമിക്കുകയും ചെയ്യേണ്ടത് സ്കൂൾ മാനേജ്മെന്റിന് അധിക ജോലിയാകും. പതിനൊന്നാം ക്ലാസ് മാസങ്ങൾക്കകം ആരംഭിക്കുന്നതിനാൽ പത്താം ക്ലാസ് വിദ്യാർഥികളുടെ നിലവിലെ ബാച്ചിനെ ബോധവത്കരിക്കുകയും മാറ്റങ്ങൾ നടപ്പിലാക്കുകയും വേണമെന്നതും പ്രധാനമാണ്. പുതിയ മാറ്റങ്ങൾ ദേശീയതലത്തിൽ ഫെബ്രുവരി 12 നാണ്  സി.ഐ.എസ്.സി.ഇ  പ്രഖ്യാപിച്ചത്.

ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് സ്കൂളുകൾക്ക് വിദ്യാർഥികളെ ബോധവത്കരിക്കേണ്ടതുണ്ടെന്നും ഇംഗ്ലീഷിലും ഗണിതശാസ്ത്രത്തിലുമുള്ള  അവരുടെ താത്പര്യങ്ങൾ അവലോകനം ചെയ്യേണ്ടിവരുമെന്നുമാണ് പ്രിൻസിപ്പൽമാർ പറയുന്നത്.

പന്ത്രണ്ടാംക്ലാസ്സിൽ  ഗണിതശാസ്ത്രം  ഒരു വിഷയമായി ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ രാജ്യത്തെ ചില ഉന്നതനിലവാരത്തിലുള്ള  പല കോളേജുകളും ബിരുദാനന്തര കൊമേഴ്സ് പഠിക്കാൻ വിദ്യാർത്ഥികളെ അനുവദിക്കുന്നില്ല. ഐ.എസ്.സി യിലെ പുതിയ മാറ്റങ്ങൾ ഈ അയോഗ്യത ഒഴിവാക്കാൻ സഹായകമാകും. പുതിയ മാറ്റങ്ങൾ നടപ്പിൽവരുത്തുന്നതിന് മുമ്പ് വിദ്യാർഥികളുടെ പ്രതികരണങ്ങൾ തേടേണ്ടതുണ്ടെന്നും സി.ഐ.എസ്.സി.ഇ അധികൃതർ നിഷ്കർഷിച്ചിട്ടുണ്ട്.