ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നടത്തിയ പ്രസംഗത്തിനെതിരേ ഇന്ത്യന്‍ നയതന്ത്രജ്ഞയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയുമായ പെറ്റല്‍ ഗഹ്ലോത്ത് വെള്ളിയാഴ്ച ൽകിയ മറുപടി ശ്രദ്ധനേടിയിരുന്നു.
ആരാണ് പാകിസ്താന് മറുപടി നൽകിയ ഇന്ത്യന്‍ നയതന്ത്രജ്ഞ?
യുഎൻ പൊതുസഭയിൽ (UNGA) ഇന്ത്യയുടെ ശക്തമായ മറുപടി നൽകി ശ്രദ്ധേയയായ നയതന്ത്രജ്ഞയായ പേറ്റൽ ഗഹ്‌ലോട്ട് നിലവിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയാണ്.
2023 ജൂലൈയിലാണ് പേറ്റൽ ഗഹ്‌ലോട്ട് യുഎൻ-ലെ ഇന്ത്യയുടെ സ്ഥിരം മിഷന്റെ ഫസ്റ്റ് സെക്രട്ടറിയായി ചുമതലയേറ്റത്. യുഎൻ അഡ്വൈസർ എന്ന പദവിയും പെറ്റൽ വഹിക്കുന്നു. 2024 സെപ്റ്റംബറിലാണ് അഡ്വൈസർ പദവി ഏറ്റെടുത്തത്.
ന്യൂയോർക്കിലേക്ക് സ്ഥാനമാറ്റം ലഭിക്കുന്നതിന് മുമ്പ് ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിൽ അണ്ടർസെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ജൂൺ മുതൽ 2023 ജൂലൈ വരെയാണ് വിദേശകാര്യ മന്ത്രാലയത്തിൽ അണ്ടർസെക്രട്ടറിയായി പ്രവർത്തിച്ചത്.
അക്കാദമിക് പശ്ചാത്തലം
- സെൻ്റ് സേവിയേഴ്സ് കോളേജിൽ നിന്നാണ് പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഫ്രഞ്ച് സാഹിത്യം എന്നിവയിൽ ബിരുദം പൂർത്തിയാക്കിയത്.
- ഡൽഹിയിലെ ലേഡി ശ്രീറാം കോളേജ് ഫോർ വിമണിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് ബിരുദവും നേടി.
- ഇതിന് പുറമെ, യുഎസിലെ മൊണ്ടെറിയിലുള്ള മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ നിന്ന് ലാഗ്വേജ് ഇന്റർപ്രെട്ടേഷൻ ആൻഡ് ട്രാൻസ്ലേഷനിൽ മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായ 'ദി റെസിസ്റ്റന്റ് ഫ്രണ്ട്' എന്ന ഭീകര സംഘടനയെ സംരക്ഷിക്കുകയും ഒസാമ ബിന്‍ ലാദന് അഭയം നല്‍കുകയും ചെയത കാര്യവും ഗഹ്ലോത്ത് വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റെസിസ്റ്റന്റ് ഫ്രണ്ടിനെ കഴിഞ്ഞ ഏപ്രിലില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്താന്‍ സംരക്ഷിച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മറുപടി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിൽ ദീര്‍ഘകാല പാരമ്പര്യമുള്ള രാജ്യമാണ് പാകിസ്താന്‍. ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ പങ്കാളികളാണെന്നത് നാട്യം മാത്രമാണെന്നും ഒരു ദശാബ്ദത്തോളം ഒസാമ ബിന്‍ ലാദന് അഭയം നല്‍കിയ രാജ്യമാണെന്നത് ഓര്‍ക്കണമെന്നും അവർ പറഞ്ഞു. പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്ന് പാക് മന്ത്രിമാര്‍ തന്നെ മുന്‍പ് സമ്മതിച്ച കാര്യവും ഗഹ്ലോത്ത് ഓര്‍മിപ്പിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും ഗഹ്ലോത്ത് പരാമര്‍ശിച്ചു. ഇന്ത്യ ലക്ഷ്യമിട്ട ഭീകരരെ പാക് സൈനിക-സിവിലിയന്‍ ഉദ്യോഗസ്ഥര്‍ മഹത്വവത്കരിക്കുകയും ആദരാഞ്ജലികളര്‍പ്പിക്കുകയും ചെയ്തത് ഈ ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ എന്തെന്ന് മനസ്സിലാക്കിത്തരുന്നതാണ്. മേയ് ഒന്‍പത് വരെ ഇന്ത്യക്കെതിരേ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് പാകിസ്താന്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ മേയ് 10-ന് പോരാട്ടം അവസാനിപ്പിക്കാന്‍ പാക് സൈന്യം അഭ്യര്‍ഥിക്കുകയായിരുന്നെന്നും ഗഹ്ലോത്ത് പറഞ്ഞു.
കഴിഞ്ഞദിവസമാണ് യുഎന്നില്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് 'ഓപ്പറേഷന്‍ സിന്ദൂറി'നെക്കുറിച്ച് പരാമര്‍ശിച്ചത്. നാലുദിവസം നീണ്ട സംഘര്‍ഷത്തില്‍ ഏഴ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്ന് അദ്ദേഹം അവകാശപ്പെട്ടു. ട്രംപ് ഇടപെട്ടാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ഒഴിവായതെന്നും അദ്ദേഹത്തിന്റെ സമാധാനശ്രമങ്ങള്‍ക്ക് പാകിസ്താന്‍ നൊബേലിന് നാമനിര്‍ദേശം ചെയ്‌തെന്നും ഷരീഫ് പറഞ്ഞു. വ്യാഴാഴ്ച അദ്ദേഹം ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനൊപ്പം വൈറ്റ് ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Published: 27 Sept 2025, 01:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented