ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് -കോഴിക്കോട് (ഐ.ഐ.എം.-കെ.) കൊച്ചി കാമ്പസിൽ നടത്തുന്ന നാലുവർഷ ബാച്ച്ലർ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ബി.എം.എസ്.) (ഓണേഴ്‌സ് വിത്ത് റിസർച്ച്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. വ്യാവസായിക വാണിജ്യ രംഗങ്ങളിലെ എല്ലാ മേഖലകളിലും നേതൃത്വം നൽകാൻ പ്രാപ്തരായ, ആഗോള കാഴ്ചപ്പാടുള്ളതും നൂതന ആശയങ്ങളുള്ളതുമായ ന്യൂ ജനറേഷൻ ലീഡർമാരെ വാർത്തെടുക്കാൻ പ്രോഗ്രാം ലക്ഷ്യമിടുന്നു.

To advertise here,

മാനേജ്‌മെന്റ്, ഇന്റർ ഡിസിപ്ലിനറി പഠനം

മാനേജ്‌മെന്റ് പഠനത്തോടൊപ്പം, ഇന്റർ ഡിസിപ്ലിനറി പഠനങ്ങൾക്കും പ്രോഗ്രാം പ്രാധാന്യം നൽകുന്നു. മാനേജ്മെന്റിലെ മേജറിനൊപ്പം ഇക്കണോമിക്സ് ആൻഡ് പബ്ലിക് പോളിസി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സൈക്കോളജി ആൻഡ് ബിഹേവിയറൽ സയൻസസ്, ഫിനാൻസ് ആൻഡ് ബിഗ് ഡേറ്റാ, ലിബറൽ സ്റ്റഡീസ് ഇൻ മാനേജ്‌മെന്റ്, മാർക്കറ്റിങ്, സെയിൽസ് ആൻഡ് ഡിജിറ്റൽ പ്രമോഷൻ തുടങ്ങിയ മൈനറുകളും പഠിക്കാം. എക്സ്‌ചേഞ്ച് സെമസ്റ്ററുകൾ, ഗവേഷണ/ഇന്റേൺഷിപ്പ് അവസരങ്ങൾ എന്നിവയുമുണ്ട്.

എട്ട് സെമസ്റ്റർ നീളുന്ന പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുമ്പോൾ ബാച്ച്‌ലർ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് - ഓണേഴ്‌സ് ബിരുദം ലഭിക്കും. ഒരു ഫാക്കൽറ്റിയുടെ മേൽനോട്ടത്തിൽ ഗവേഷണ പ്രോജക്ട് ചെയ്യാനും അവസരമുണ്ട്. ഗവേഷണ ആവശ്യകതകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബാച്ച്‌ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് - ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം ലഭിക്കും. മൂന്നുവർഷ പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബാച്ച്‌ലർ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ബിരുദവുമായി പുറത്തുവരാനുള്ള എക്സിറ്റ് ഓപ്ഷനും ഉണ്ട്.

യോഗ്യത

എച്ച്.എസ്.സി./ക്ലാസ് 12/ഐ.ബി./തത്തുല്യ പരീക്ഷ ജയിച്ചിരിക്കുകയോ പത്താം ക്ലാസിനുശേഷമുള്ള ഏതെങ്കിലും സ്ട്രീമിലെ അംഗീകൃത ഡിപ്ലോമ പ്രോഗ്രാം ജയിച്ചിരിക്കുകയോ വേണം. പ്രസ്തുത പരീക്ഷകളുടെ 2026-ലെ അന്തിമഫലം കാത്തിരിക്കുന്നവർക്കും പ്രവേശനത്തിനായി ഐ.ഐ.എം.കെ. നടത്തുന്ന ബി.എം.എസ്. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് അപേക്ഷിക്കാം. ഇവർക്ക് അപേക്ഷാ പോർട്ടൽ വഴി യോഗ്യതാ പരീക്ഷാ മാർക്ക് അപ് ലോഡ് ചെയ്യാൻ ടെസ്റ്റിനുശേഷം അവസരം ലഭിക്കും. പ്രവേശനത്തിന് പ്രായപരിധിയില്ല.

തിരഞ്ഞെടുപ്പ്

പ്രവേശനത്തിന്റെ ഭാഗമായി കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ മേയ് 19-ന് രാവിലെ ഒൻപതുമുതൽ 11 വരെ രാജ്യത്തെ 25 കേന്ദ്രങ്ങളിൽ വെച്ച് ഐ.ഐ.എം.കെ. ബി.എം.എസ്. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (എ.ടി.) നടത്തും. അപേക്ഷ നൽകുമ്പോൾ സെന്റർ ലിസ്റ്റ് കാണാം. തിരഞ്ഞെടുക്കാം. പരീക്ഷയ്ക്ക്, രണ്ട് സെക്ഷനുകൾ ഉണ്ടാകും. സെക്ഷൻ I -വെർബൽ എബിലിറ്റിയിൽ ഗ്രാമർ, വൊക്കാബുലറി, റീഡിങ് കോംപ്രിഹൻഷൻ എന്നിവയിൽനിന്നും സെക്ഷൻ Il -ക്വാണ്ടിറ്റേറ്റീവ് എബിലിറ്റിയിൽ ന്യൂമറിക്കൽ സിസ്റ്റംസ്, ഓൾജിബ്ര, ജ്യോമട്രി (ബേസിക്സ്, കോർഡിനേറ്റ് ജ്യോമട്രി, ട്രിഗനോമട്രി); മെൻസുറേഷൻ; സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോബബിലിറ്റി എന്നിവയിൽനിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം. മാതൃകാ ചോദ്യങ്ങൾ വെബ്‌സൈറ്റിലുണ്ട്. കാൽകുലേറ്റർ അനുവദിക്കില്ല.

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌ പെർസന്റൈൽ സ്‌കോർ (40 ശതമാനം വെയ്‌റ്റേജ്), ക്ലാസ് 12/ഡിപ്ലോമ/തത്തുല്യ തല അക്കാദമിക് പെർഫോമൻസ് (30), ക്ലാസ് 10-ൽ ലഭിച്ച മാർക്ക് (30) എന്നിവ പരിഗണിച്ചു തയ്യാറാക്കുന്ന അഗ്രിഗേറ്റ് ഇൻഡക്സ് സ്‌കോർ (എ.ഐ.എസ്.) അടിസ്ഥാനമാക്കി അപേക്ഷകരെ പേഴ്‌സണൽ ഇന്റർവ്യൂവിന് ഷോർട്‌ലിസ്റ്റ് ചെയ്യും.

പേഴ്‌സണൽ ഇന്റർവ്യൂവിൽ അക്കാദമിക് ശ്രമങ്ങൾ/നിർവഹണം, ജനറൽ അവയർനസ്, സാമൂഹ്യ ഇടപെടലുകൾ, മനോഭാവം, വ്യക്തിത്വം, ആശയവിനിമയശേഷി, പ്രോഗ്രാമിനുള്ള അനുയോജ്യത തുടങ്ങിയവ വിലയിരുത്തപ്പെടും. പേഴ്‌സണൽ ഇന്റർവ്യൂ സ്‌കോർ (25 ശതമാനം), ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പെർസന്റൈൽ സ്‌കോർ (70)

ജെൻഡർ ഡൈവേഴ്‌സിറ്റി സ്‌കോർ (5) എന്നിവ അടിസ്ഥാനമാക്കിയാകും അന്തിമ തിരഞ്ഞെടുപ്പ്.

അപേക്ഷ

പ്രോഗ്രാം വിശദാംശങ്ങൾ www.iimk.ac.in ൽ ലഭിക്കും (പ്രോഗ്രാംസ് > അക്കാദമിക് പ്രോഗ്രാംസ് > ബി.എം.എസ്. ലിങ്കുകൾ വഴി)

അപേക്ഷ ഈ ലിങ്ക് വഴി ഏപ്രിൽ 15 വരെ നൽകാം. അപേക്ഷാ ഫീ പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 2125 രൂപയും മറ്റുള്ളവർക്ക് 4250 രൂപയുമാണ്. പ്രതിവർഷ ഫീസ് ഏഴുലക്ഷം രൂപയാണ്. മറ്റു ഫീസുകളും ഉണ്ടാകും. സംശയങ്ങൾക്ക്: bmsathelpdesk@iimk.ac.in