ഗൂഗിള്‍ 2026 വിദ്യാര്‍ഥി ഗവേഷക ഇന്റേണ്‍ഷിപ്പ്, അപ്രന്റിസ് പ്രോഗ്രാം എന്നിവയിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ലോകത്ത് സമൂഹത്തിന്റെ ശ്രദ്ധ ആവശ്യപ്പെടുന്ന വലിയതോതിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി ഗവേഷണം നടത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന ഈ പ്രോഗ്രാമില്‍ ബിരുദ, ബിരുദാനന്തരബിരുദ, പിഎച്ഡി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഗൂഗിള്‍ കരിയേഴ്‌സ് എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

To advertise here,

2026 ഫെബ്രുവരി 26 വരെ അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ സയന്‍സ്, ഭാഷാശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, ഓപ്പറേഷന്‍ റിസര്‍ച്ച്, എക്കണോമിക്സ്, നാച്ചുറല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക.

മുകളില്‍ നല്‍കിയ വിഷയങ്ങളെക്കൂടാതെ കമ്പ്യൂട്ടര്‍ സയന്‍സിലെ ഒരു മേഖലയിലും പരിജ്ഞാനം ഉണ്ടായിരിക്കണം എന്ന് പറയുന്നുണ്ട്. നാച്ചുറല്‍ ലാംഗ്വേജ് അണ്ടര്‍സ്റ്റാന്‍ഡിങ്, ഹ്യുമന്‍ കമ്പ്യൂട്ടര്‍ ഇന്ററാക്ഷന്‍സ്, ജനറേറ്റീവ് മീഡിയ, കമ്പ്യൂട്ടര്‍ വിഷന്‍, മെഷീന്‍ ലേണിങ്, ഡീപ് ലേണിങ്, ഒപ്റ്റിമൈസേഷന്റെ അല്‍ഗോറിഥമിക് ഫൗണ്ടേഷന്‍സ്, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡാറ്റാ സയന്‍സ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ സമാന മേഖലകളിലാണ് പരിചയം ഉണ്ടാകേണ്ടത്.

മുന്‍ഗണന ലഭിക്കുന്ന യോഗ്യതകള്‍

  • യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നീ മേഖലകളില്‍ മുഴുവന്‍ സമയ ബിരുദ പ്രോഗ്രാമില്‍ പഠിക്കുന്നതും ഇന്റേണ്‍ഷിപ്പിന് ശേഷം പ്രോഗ്രാമിലേക്ക് മടങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും.
  • മുന്‍കാല ഗവേഷണ പരിചയം, ഇന്റേണ്‍ഷിപ്പുകള്‍, മുഴുവന്‍സമയ ജോലികള്‍, അല്ലെങ്കില്‍ ലബോറട്ടറി സെറ്റിങ്ങിലെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ പരിഗണിക്കപ്പെടും.
  • പ്രമുഖ കോണ്‍ഫറന്‍സുകളില്‍ ജേണലുകളോ പേപ്പറുകളോ പ്രസിദ്ധീകരിക്കുകയോ ഗവേഷണസംരംഭങ്ങളിലേക്കോ നല്‍കിയ സംഭാവനകള്‍
  • C/C++, Java, MATLAB, Go, Python എന്നിങ്ങനെയുള്ള ഒന്നോ അതിലധികമോ പൊതുവായ പ്രോഗ്രാമിങ് ഭാഷകളിലുള്ള പ്രാവീണ്യം.

എങ്ങനെ അപേക്ഷിക്കാം

  • Google Careers വെബ്‌സൈറ്റ് സന്ദര്‍ശിച്ച് 'Apply' വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക.
  • Resume വിഭാഗത്തില്‍, പുതുക്കിയ CV അല്ലെങ്കില്‍ റെസ്യൂമെ അപ്‌ലോഡ്‌ ചെയ്യുക.
  • വിദ്യാഭ്യാസ വിഭാഗത്തില്‍, ഇംഗ്ലീഷിലുള്ള നിലവിലെ അല്ലെങ്കില്‍ സമീപകാല ഔദ്യോഗികമായോ അനൗദ്യോഗികമായോ ഉള്ള ട്രാന്‍സ്‌ക്രിപ്റ്റ് അപ്‌ലോഡ്‌ ചെയ്യുക.
  • Degree Status എന്നതിന് താഴെ, നിങ്ങളുടെ ട്രാന്‍സ്‌ക്രിപ്റ്റ് സമര്‍പ്പിക്കാന്‍ 'Now attending' തിരഞ്ഞെടുക്കുക.