തിരുവനന്തപുരം: നാലുവര്‍ഷബിരുദത്തില്‍ താളപ്പിഴയുടെ ലക്ഷണം ആദ്യവര്‍ഷം പ്രകടമായതോടെ, കോളേജ് അധ്യാപകര്‍ക്ക് അതിതീവ്ര പരിശീലനം നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അധ്യാപകര്‍ക്കു വഴികാട്ടാന്‍ പ്രത്യേക കൈപ്പുസ്തകം തയ്യാറാക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തി. പ്ലസ്ടു വിദ്യാര്‍ഥികളെ നാലുവര്‍ഷ ബിരുദത്തിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു.

To advertise here,

നാലുവര്‍ഷബിരുദത്തിന്റെ പുരോഗതി വിലയിരുത്താന്‍ മന്ത്രി ആര്‍. ബിന്ദുവിന്റെ സാന്നിധ്യത്തില്‍ചേര്‍ന്ന സര്‍വകലാശാലാ പ്രതിനിധികളുടെ യോഗത്തിലാണ് ഈ തീരുമാനം.

നാലുവര്‍ഷബിരുദം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാനാണ് അധ്യാപകര്‍ക്കുള്ള തീവ്രപരിശീലനം. ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള പരിശീലനം സര്‍വകലാശാലകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംഘടിപ്പിക്കണം. ഇതിനായി ശാസ്ത്രം, സാമൂഹികശാസ്ത്രം, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ കൈപ്പുസ്തകം തയ്യാറാക്കിനല്‍കും.

പ്ലസ്ടു വിദ്യാര്‍ഥികളെ കോളേജുകളിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും. എസ്.സി.ഇ.ആര്‍.ടി.യുമായി സഹകരിച്ച് ജനുവരിയില്‍ ശില്പശാലകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കും.

അധ്യാപകര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആദ്യസെമസ്റ്ററില്‍ പരീക്ഷ തുടങ്ങുന്നത് രണ്ടാഴ്ച നീട്ടിയെങ്കിലും അടുത്ത സെമസ്റ്റര്‍മുതല്‍ ഏകീകൃത അക്കാദമിക് കലണ്ടര്‍ കര്‍ശനമായി നടപ്പാക്കാനാണ് നിര്‍ദേശം.