വിദേശത്തുനിന്ന്‌ എംബിബിഎസ് ബിരുദമെടുത്ത ഇന്ത്യക്കാർക്കായി നടത്തുന്ന, ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്എംജിഇ) 2025 ഡിസംബർ സെഷൻ സ്‌ക്രീനിങ് ടെസ്റ്റിന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) അപേക്ഷ ക്ഷണിച്ചു.

To advertise here,

2002-ലെ സ്‌ക്രീനിങ് ടെസ്റ്റ് റെഗുലേഷൻസ് പ്രകാരം 2002 മാർച്ച് 15-നോ ശേഷമോ ഇന്ത്യക്കു പുറത്തുള്ള മെഡിക്കൽ സ്ഥാപനത്തിൽനിന്ന്‌ എംബിബിഎസ് ബിരുദംനേടിയ ഭാരതീയർ/ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) വിഭാഗക്കാർക്ക്, ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെയോ (ഇപ്പോൾ നാഷണൽ മെഡിക്കൽ കമ്മിഷൻ) ഏതെങ്കിലും സംസ്ഥാന മെഡിക്കൽ കൗൺസിലിന്റെയോ താത്‌കാലിക/സ്ഥിരം രജിസ്ട്രേഷൻ ലഭിക്കാൻ നിശ്ചിത അതോറിറ്റി (ഇപ്പോൾ, എൻബിഇഎംഎസ്) നടത്തുന്ന സ്‌ക്രീനിങ് ടെസ്റ്റിൽ യോഗ്യത നേടണം.

എന്നാൽ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസീലൻഡ്, യുകെ, യുഎസ്എ എന്നിവിടങ്ങളിൽനിന്ന്‌ അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ ബിരുദവും പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ബിരുദവും നേടിയ, ആ രാജ്യത്ത് ഒരു മെഡിക്കൽ പ്രാക്ടീഷണറാകാൻ അർഹതയുള്ളവർ, എഫ്എംജിഇ യോഗ്യത നേടേണ്ടതില്ല. പാകിസ്താനിൽനിന്ന് പ്രാഥമിക മെഡിക്കൽ യോഗ്യത നേടിയവരുടെ അർഹത, ഭാരത സർക്കാരിന്റെ ആഭ്യന്തരമന്ത്രാലയത്തിന്റെ സെക്യൂരിറ്റി ക്ലിയറൻസിനും മറ്റ് വ്യവസ്ഥകൾക്കും വിധേയമായിരിക്കും.

യോഗ്യത

അപേക്ഷകർ ഭാരതീയരോ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ വിഭാഗക്കാരോ ആയിരിക്കണം. എംബിബിഎസ് ലഭിച്ച സ്ഥാപനം സ്ഥിതിചെയ്യുന്ന രാജ്യത്ത് ഒരു മെഡിക്കൽ പ്രാക്ടീഷണറാകാൻ അർഹതയുള്ളതാണു പ്രസ്തുത യോഗ്യതയെന്ന് ആ രാജ്യത്തെ ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തിയിരിക്കണം.

പ്രോഗ്രാമിന്റെ അന്തിമപരീക്ഷയുടെ ഫലം 2025 ഒക്ടോബർ 31-നകം പ്രഖ്യാപിച്ചിരിക്കണം.

വ്യവസ്ഥകൾ

• 2002-ലെ റെഗുലേഷൻ അനുസരിച്ച് 2002 മാർച്ച് 15-നുമുൻപ്‌ വിദേശത്ത് ഒരു മെഡിക്കൽ കോഴ്‌സിൽ പ്രവേശനം നേടിയ/മെഡിക്കൽ ബിരുദം നേടിയവർ, 2013 മേയ് 15-നും 2014 ജനുവരി മൂന്നിനും ഇടയ്ക്ക് (രണ്ടു ദിവസങ്ങളും ഉൾപ്പെടെ) പ്രവേശനം നേടിയവർ എന്നിവർ ഒഴികെയുള്ളവർക്ക് എഫ്എംജിഇ അഭിമുഖീകരിക്കാൻ നാഷണൽ മെഡിക്കൽ കമ്മിഷൻ (പഴയ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ) നൽകിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

• 2018 മേയിലോ അതിനു ശേഷമോ വിദേശത്ത് മെഡിക്കൽ പഠനം നടത്തുന്നവർ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് -അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യുജി) യോഗ്യത നേടിയിരിക്കണം. അവരുടെ കാര്യത്തിൽ നീറ്റ്-യുജി ഫലം, എലിജിബിലിറ്റി സർട്ടിഫിക്കറ്റായി പരിഗണിക്കും. 2019 മാർച്ച് 14-ലെ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം നീറ്റ്-യുജി ഫലത്തിന് റിസൽട്ട് പ്രഖ്യാപനത്തീയതിമുതൽ മൂന്നുവർഷത്തെ സാധുത ഉണ്ട്.

• എഫ്എംജിഇ അഭിമുഖീകരിക്കാൻ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), എംബിബിഎസ് യോഗ്യതയുടെ ഡിഗ്രി സർട്ടിഫിക്കറ്റ്/ പ്രൊവിഷണൽ പാസ് സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട ഇന്ത്യൻ എംബസിയുടെ അറ്റസ്റ്റേഷനോടെയുള്ളത് എന്നിവ നിർബന്ധമാണ്.

• അർഹതയ്ക്കു വിധേയമായി ഒരാൾക്ക് എത്രതവണ വേണമെങ്കിലും അഭിമുഖീകരിക്കാം. ഒരിക്കൽ യോഗ്യത നേടിയാൽ വീണ്ടും അഭിമുഖീകരിക്കാൻ കഴിയില്ല.

പരീക്ഷ

2026 ജനുവരി 17-നു നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് രണ്ടു ഭാഗങ്ങളിലായി മൊത്തം 300 മൾട്ടിപ്പിൾ ചോയ്സ് ചോദ്യമുള്ള ഒരു പേപ്പറാണുള്ളത് (150 ചോദ്യങ്ങൾ വീതം). രണ്ടരമണിക്കൂർവീതം ദൈർഘ്യമുള്ള രണ്ടു സെഷനുകളിലായി പരീക്ഷ നടത്തും. രാവിലെ ഒൻപതുമുതൽ 11.30 വരെയും ഉച്ചയ്ക്ക് രണ്ടുമുതൽ 4.30 വരെയും.

ഓരോ പാർട്ടിലെയും ചോദ്യങ്ങൾ, സമയ അധിഷ്ഠിതമായ ഭാഗങ്ങളിലായി തിരിച്ചിരിക്കും. ഉദാ: ഓരോ പാർട്ടിലും മൂന്ന് സമയ അധിഷ്ഠിത ഭാഗങ്ങൾ ഉണ്ടെങ്കിൽ (എ, ബി, സി) 50 മിനിറ്റിൽ ഉത്തരം നൽകേണ്ട 50 ചോദ്യങ്ങൾ വീതം ഓരോ ഭാഗത്തും ഉണ്ടാകും.

ഒരു ഭാഗത്തെ ചോദ്യങ്ങൾക്ക് അനുവദിച്ച മൊത്തം സമയപരിധി കഴിഞ്ഞേ പരീക്ഷാർഥികൾക്ക് അടുത്ത ഭാഗത്തേക്ക് കടക്കാൻ കഴിയൂ. ആദ്യ ഭാഗത്തിന് അനുവദിച്ച മൊത്തം സമയപരിധി പൂർത്തിയാകുന്നമുറയ്ക്ക്, രണ്ടാം ഭാഗത്തെ ചോദ്യങ്ങൾ സ്വയമേവ ലഭ്യമാകും.

ഒരു ഭാഗത്തെ ചോദ്യങ്ങൾ റിവ്യൂചെയ്യാനും പ്രതികരണങ്ങൾ ഭേദഗതിചെയ്യാനും ആ ഭാഗത്തിന് അനുവദിച്ച സമയപരിധിയിൽ സൗകര്യം ഉണ്ടാകും. എന്നാൽ, ഒരു ഭാഗത്തിന് അനുവദിച്ച സമയപരിധി കഴിഞ്ഞ് ആ ഭാഗത്തെ ചോദ്യങ്ങൾ പുനഃപരിശോധിക്കാനോ അവയുടെ പ്രതികരണങ്ങൾ ഭേദഗതി ചെയ്യാനോ കഴിയില്ല.

ചോദ്യങ്ങൾ ഇംഗ്ലീഷിലായിരിക്കും. ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്ക് ഇല്ല. യോഗ്യത നേടാൻ 300-ൽ 150 മാർക്ക് നേടണം.

കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷിക്കുമ്പോൾ നാലു കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.

അപേക്ഷ

natboard.edu.in വഴി ഡിസംബർ നാലിന് രാത്രി 11.55 വരെ അപേക്ഷിക്കാം. പരീക്ഷയുടെ സിലബസ് വെബ്സൈറ്റിലെ ‘എക്സാമിനേഷൻസ്’ ലിങ്കിലുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്. അപേക്ഷാ ഫീസ് 6195 രൂപ. ഓൺലൈൻ ആയി അടയ്ക്കാം.

വിജയകരമായി ഫീസ് അടച്ചവർക്ക് ഡിസംബർ ഒൻപതുമുതൽ ഡിസംബർ 11 വരെ എഡിറ്റ് വിൻഡോ തുറന്നുനൽകും. പേര്, നാഷണാലിറ്റി, ഇ-മെയിൽ, മൊബൈൽ നമ്പർ, ടെസ്റ്റ് സിറ്റി എന്നിവ ഒഴികെയുള്ള വിവരങ്ങൾ എഡിറ്റ് ചെയ്യാം.

ഇമേജിലെ (ഫോട്ടോ, ഒപ്പ്, തംബ് ഇംപ്രഷൻ) തിരുത്തലുകൾക്ക് 29 മുതൽ 31 വരെ അവസരമുണ്ടാകും.

അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്ത രേഖകളിലെ ന്യൂനതകൾ പരിഹരിക്കാൻ ജനുവരി രണ്ടിന് രാത്രി 11.55 വരെ അവസരം ലഭിക്കും.