കൊച്ചി: ജോലി നഷ്ടപ്പെട്ട ഒരു കൂട്ടം ജീവനക്കാർ ഒരുമിച്ചുനിന്ന് സ്വന്തം സ്ഥാപനം കെട്ടിപ്പടുത്ത കഥയാണ് സഹകരണ ചരിത്രത്തിലെ ഇന്ത്യൻ കോഫി ഹൗസ്. ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം, സമാനമായൊരു ആശയം പുതിയ കാലത്തെ ടെക് പ്രൊഫഷണലുകൾക്കിടയിൽ രൂപപ്പെടുകയാണ്. അന്ന് കോഫി ഹൗസ് ജീവനക്കാർ സ്വന്തം തൊഴിൽ നിലനിർത്താൻ ഒന്നിച്ചുനിന്നെങ്കിൽ, ഇന്ന് ഹെൽത്ത്‌കെയർ ഐ.ടി., മെഡിക്കൽ കോഡിങ് മേഖലകളിലെ പ്രൊഫഷണലുകൾ സ്വന്തം സംരംഭം കെട്ടിപ്പടുക്കാനാണ് ഒരുങ്ങുന്നത്. കോറോ ഹെൽത്തിൽ നിന്ന് ജോലി നഷ്ടപ്പെട്ട 800-ലധികം പ്രൊഫഷണലുകളെ ഉൾപ്പെടുത്തി ഹെൽത്ത്‌കെയർ ഐടി ആൻഡ് റവന്യൂ സൈക്ക്ൾ കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് രൂപീകരിക്കാനുള്ള പദ്ധതിരേഖ സഹകരണ വകുപ്പിന് സമർപ്പിച്ചു. പ്രാഥമിക സഹകരണ സംഘമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷയും നൽകിയിട്ടുണ്ട്. സ്വന്തം കഴിവുകളും പ്രവൃത്തിപരിചയവും ഒരുമിപ്പിച്ച് ജോലികൾ ഏറ്റെടുക്കുകയും സ്ഥാപനത്തിന്റെ ഉടമകളായി അതിന്റെ വളർച്ചയിൽ പങ്കാളികളാകുകയും ചെയ്യുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം.
സഹകരണ മേഖലയിലൂടെ പുതിയ സംരംഭങ്ങൾ വളർത്തിയെടുക്കാൻ പ്രവർത്തിക്കുന്ന കൊച്ചി ആസ്ഥാനമായ യു.എ.സി.സി.യുടെ സ്ഥാപകനും സി.ഇ.ഒ.യുമായ ജിജി ഫിലിപ്പാണ് ആശയം കോറോ ഹെൽത്തിലെ ജീവനക്കാർക്കു മുന്നിൽ വെച്ചത്. ജോലി നഷ്ടപ്പെട്ട ജീവനക്കാരുടെ സാഹചര്യം മനസ്സിലാക്കിയ അദ്ദേഹം, അവരുടെ തൊഴിൽപരിചയംതന്നെ പുതിയൊരു ബിസിനസ് സംരംഭത്തിന്റെ അടിത്തറയാക്കാമെന്ന നിർദേശം മുന്നോട്ടുവച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾ ഓൺലൈൻ യോഗത്തിൽ പങ്കെടുത്ത് പദ്ധതിയോട് താൽപ്പര്യം പ്രകടിപ്പിച്ചു. വിഷ്ണു ടി പി ചീഫ് പ്രൊമോട്ടറായി 26 പേരാണ് സ്ഥാപക അംഗങ്ങളാകാൻ മുന്നോട്ടുവന്നിരിക്കുന്നത്. മെഡിക്കൽ കോഡിങ്, ഹെൽത്ത്‌കെയർ ഐ.ടി., ബില്ലിങ്, റവന്യൂ സൈക്കിൾ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഇന്ത്യയിലെയും വിദേശത്തെയും ക്ലയന്റുകളിൽ നിന്ന് ജോലികൾ ഏറ്റെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഇതിനായി ഒരു അമേരിക്കൻ കമ്പനിയുടെ സഹായത്തോടെ വിപണനവും ക്ലയന്റുകളെ കണ്ടെത്തലും സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടക്കുന്നുണ്ട്.
ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തുക എന്നതിലുപരി, അവർക്ക് സ്വന്തമായി ഒരു സ്ഥാപനം കെട്ടിപ്പടുക്കാനുള്ള അവസരം സൃഷ്ടിക്കുക എന്നതാണ് ആശയത്തിന്റെ പ്രത്യേകത. മാതൃക വിജയിച്ചാൽ, മറ്റ് മേഖലകളിലെ പ്രൊഫഷണലുകൾക്കും യുവാക്കൾക്കും ഒരുമിച്ച് സംരംഭങ്ങൾ ആരംഭിക്കാനുള്ള പ്രചോദനമാകാം.
സഹകരണ മന്ത്രി എം. ലിജുവിന്റെ പിന്തുണ തേടി
പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി സഹകരണ മന്ത്രി എം. ലിജുവിന്റെ പിന്തുണ സംഘാടകർ തേടിയിട്ടുണ്ട്. മന്ത്രിയെ പദ്ധതിയെക്കുറിച്ച് ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുകൂലമായി പ്രതികരിച്ചുവെന്നും സംഘാടകർ അറിയിച്ചു. സഹകരണ വകുപ്പിന്റെ മാർഗനിർദേശവും ആവശ്യമായ പിന്തുണയും ലഭിച്ചാൽ സംരംഭത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
സഹകരണ മേഖല പരമ്പരാഗതമായി സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട് അറിയപ്പെടുന്നുണ്ടെങ്കിലും, ഐ.ടി., ആരോഗ്യസാങ്കേതികവിദ്യ, പ്രൊഫഷണൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിലും സഹകരണ സംരംഭങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഈ പദ്ധതി ചൂണ്ടിക്കാട്ടുന്നു. അംഗങ്ങൾ തന്നെയാണ് ഉടമകൾ എന്നതിനാൽ, അവരുടെ കഴിവുകൾ ഉപയോഗിച്ച് വരുമാനം കണ്ടെത്താനും സ്ഥാപനത്തിന്റെ വളർച്ചയിൽ നേരിട്ട് പങ്കാളികളാകാനും കഴിയും.
കോഫി ഹൗസ് നൽകിയ പാഠം, പുതിയ തലമുറയ്ക്ക് പുതിയ സാധ്യത
1950-കളിൽ കോഫി ബോർഡ് കോഫി ഹൗസുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചപ്പോൾ ജീവനക്കാർ സഹകരണ മാതൃകയിൽ അവ ഏറ്റെടുത്തു. 1958-ൽ തലശ്ശേരിയിൽ കേരളത്തിലെ ആദ്യ ഇന്ത്യൻ കോഫി ഹൗസ് തുറന്നു. തൊഴിലാളികളുടെ കൂട്ടായ്മയിൽ ആരംഭിച്ച ആ സംരംഭം പിന്നീട് കേരളത്തിന്റെ സുപരിചിതമായ സ്ഥാപനങ്ങളിലൊന്നായി വളർന്നു.
ഇപ്പോൾ മുന്നിലുള്ള വെല്ലുവിളി വ്യത്യസ്തമാണ്. കോഫി ഹൗസിന് പകരം ഇവിടെ സാങ്കേതികവിദ്യയും പ്രൊഫഷണൽ സേവനങ്ങളുമാണ് അടിസ്ഥാനം. എന്നാൽ അടിസ്ഥാന ആശയം ഒന്നുതന്നെ: സ്വന്തം കഴിവുകൾ ഒരുമിപ്പിച്ച് സ്വന്തം ഭാവി കെട്ടിപ്പടുക്കുക.
''സഹകരണ സംഘങ്ങളിലൂടെ യുവാക്കളെ സംരംഭകരാക്കുകയും പുതിയ തലമുറയെ സഹകരണ മേഖലയിലേക്ക് കൊണ്ടുവരികയുമാണ് ഞങ്ങളുടെ ലക്ഷ്യം. പുതിയ ആശയങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. ഈ സംരംഭം അതിനൊരു മാതൃകയാകുമെന്നാണ് പ്രതീക്ഷ,'' ജിജി ഫിലിപ്പ് പറഞ്ഞു.
യുഎസിസിയുടെ ലക്ഷ്യം ഇത്തരം സംരംഭങ്ങൾ ഒരു മേഖലയിൽ മാത്രം ഒതുക്കാതെ 40-ലധികം മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും കൂടുതൽ സഹകരണ സംഘങ്ങളിലൂടെ ആളുകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോഫി ഹൗസ് ജീവനക്കാർ ഒരുമിച്ച് സ്വന്തം സ്ഥാപനം കെട്ടിപ്പടുത്തതുപോലെ, ഇന്നത്തെ ടെക് പ്രൊഫഷണലുകൾക്കും ഒരുമിച്ച് സ്വന്തം സംരംഭം വളർത്തിയെടുക്കാനാകുമോ? അതിനുള്ള ഉത്തരമാകാം പുതിയ സഹകരണ സംരംഭം.
ഹെൽത്ത്‌കെയർ ഐ.ടി., മെഡിക്കൽ കോഡിങ്, ബില്ലിങ്, സാങ്കേതിക പിന്തുണ, ബാക്ക് ഓഫീസ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പദ്ധതിയിൽ ചേരാൻ താൽപ്പര്യമുള്ള പുതുബിരുദധാരികൾക്കും സംഘാടകരുമായി ബന്ധപ്പെടാം.
ആവശ്യമായ രേഖകളുടെ മൂന്ന് ഒറിജിനൽ സെറ്റുകൾ 2026 ഒക്ടോബർ 15-ന് കണയന്നൂർ താലൂക്കിലെ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ സമർപ്പിച്ചു.


 

To advertise here,