‘വടക്കേ വയനാട്ടിലെ ഏജൻസിവഴി ബെംഗളൂരുവിൽ നഴ്‌സിങ്, ബി.സി.എ. കോളേജ് പഠനത്തിനുപോയ എട്ടുപേരിൽ ഒരാളായിരുന്നു വരയാൽ സ്വദേശി. ജനറൽ നഴ്‌സിങ്ങിനാണ് ചേർന്നത്. ഫീസടക്കുന്നത് മുടങ്ങിയതോടെ ക്ലാസിൽനിന്ന് പുറത്താക്കി. സർട്ടിഫിക്കറ്റുകളും പിടിച്ചുവെച്ചു. കോഴ്സ് ഫീ പൂർണമായിത്തന്നാലേ സർട്ടിഫിക്കറ്റ് നൽകാനാവൂ എന്നാണ് കോളേജുകാർ പറഞ്ഞത്. ഇപ്പോഴും പ്ലസ് ടു സർട്ടിഫിക്കറ്റ് ആ കോളേജിലാണ്.’ -(പഠനക്കുരുക്കിൽപ്പെട്ട യുവാവിന്റെ വാക്കുകൾ)
വയനാട്ടിലെ പ്രധാന ടൗണുകളിലൊന്നിൽ പ്രവർത്തിക്കുന്ന എജുക്കേഷൻ ഓഫീസിൽനിന്ന് ബഹളംകേട്ടാണ് ആളുകൾ ഓടിക്കൂടിയത്. സ്ഥാപനം മുൻകൈയെടുത്ത് കർണാടകയിലെ കോളേജിൽ പഠിക്കാൻവിട്ട വിദ്യാർഥിനി തിരികെയെത്തി ബഹളം വെക്കുകയാണ്. ആദ്യംകാണിച്ചുതന്ന കോളേജിലല്ല ക്ലാസ് തുടങ്ങിയപ്പോൾ പോകേണ്ടിവന്നത്. സൗകര്യങ്ങളൊന്നുമില്ല, പഠിത്തംനിർത്തി തിരികെയെത്തിയ കുട്ടി, കോളേജുകാർ പിടിച്ചുവെച്ച സർട്ടിഫിക്കറ്റുകളും ഏജൻസിയിൽ അടച്ച പണവും ആവശ്യപ്പെട്ട് ബഹളമായി. നാട്ടുകാർകൂടി ഇടപെട്ടതോടെ ഏജൻസിക്കാർ ഒത്തുതീർപ്പിനുതയ്യാറായി.
ഉന്നതവിദ്യാഭ്യാസസൗകര്യങ്ങളിൽ പിന്നാക്കംനിൽക്കുന്ന വയനാട്ടിൽനിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് പഠനത്തിനായി പോയി വഞ്ചിക്കപ്പെട്ടവർ ഏറെയാണ്. നഴ്സിങ്, ഐ.ടി. കോഴ്സുകളുടെ മറവിലാണ് തട്ടിപ്പുകളേറെയും. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ കോളേജുകളിലേക്കാണ് പ്രവേശനം. അംഗീകാരമില്ലാത്ത കോളേജ്, ഇരട്ടിഫീസ് ഈടാക്കൽ, വിദ്യാഭ്യാസ വായ്പയുടെ പേരിലുളള ക്രമക്കേടുകൾ തുടങ്ങി പലതലത്തിലാണ് തട്ടിപ്പുകൾ. പ്ലസ് ടു പരീക്ഷാഫലം വന്നതിനുപിന്നാലെ ജില്ലയിൽ വിദ്യാഭ്യാസക്കച്ചവടക്കാർ വീണ്ടും സജീവമായിട്ടുണ്ട്. കരിയർ ഗൈഡൻസിന്റെ മറവിലാണ് പല ഏജൻസികളും തങ്ങളുടെ ഇരകളെ കണ്ടെത്തുന്നതും.
പലയിടത്തും അംഗീകാരമുള്ള കോളേജിന്റെ മറവിൽ പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത സ്ഥാപനത്തിലേക്കാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. അഡ്മിഷൻ നടപടികൾ പൂർത്തിയാകുന്നതുവരെ നഗരങ്ങളിലെ പ്രധാനകോളേജിലും ക്ലാസ് തുടങ്ങുമ്പോൾ യാതൊരു സൗകര്യവുമില്ലാത്ത മറ്റൊരിടത്തെ കെട്ടിടത്തിലുമായിരിക്കും പഠനം. വാഗ്ദാനംചെയ്ത സൗകര്യങ്ങൾ ഒന്നുമുണ്ടാകില്ല. പ്രൈവറ്റായി പരീക്ഷയുമെഴുതണം. ലാബും പ്രായോഗിക പരിശീലനസൗകര്യങ്ങളുമൊരുക്കാതെയാണ് കോഴ്സുകൾ നടത്തുന്നത്.
കോഴ്സ് ഫീയുടെ പേരിലും തട്ടിപ്പുകൾ നടക്കുന്നു. യഥാർഥ തുകയേക്കാൾ ഇരട്ടിയോളം തുകവാങ്ങുന്നവരുമുണ്ട്. വിദ്യാഭ്യാസ വായ്പയ്ക്കായി കുട്ടികൾ സമീപിക്കുമ്പോഴാണ് ഇതുതിരിച്ചറിയുക. പ്രവേശനംനേടുമ്പോൾ ഏജൻസികൾതന്നെ ബാങ്ക് വായ്പയ്ക്കുള്ള സൗകര്യവും ഒരുക്കുമെന്ന് പറയും. വിദ്യാഭ്യാസ വായ്പയ്ക്കായി കോളേജിൽനിന്നുള്ള ഫീസിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കും.
പക്ഷേ കോളേജ് വെബ്‌സൈറ്റ് പരിശോധിച്ചാൽ കുട്ടികൾ ഹാജരാക്കിയ രേഖകളിലെ തുകയിലും കുറവായിരിക്കും ഫീസ്. ബാങ്ക് അന്വേഷിച്ചാൽ കോളേജ് ഒരു വിശദീകരണവും നൽകില്ല. ബാങ്ക് സ്വാഭാവികമായും വെബ്‌സൈറ്റിലെ തുകയായിരിക്കും അംഗീകരിക്കുന്നതും ലോൺ അനുവദിക്കുന്നതും. ശേഷിക്കുന്ന തുക കണ്ടെത്താനാവാതെ കുട്ടികൾ പ്രയാസത്തിലാകും. പഞ്ചാബിൽ നഴ്സിങ്ങിനുചേർന്ന വിദ്യാർഥിനി സ്ഥിരംവിളിച്ചു കരയുകയാണ്. പക്ഷേ ഞങ്ങൾ നിസ്സഹായരാണ്. ഇത്തരത്തിൽ ഒരുപാട് പരാതികളുണ്ട്. -പ്രമുഖ ബാങ്കിന്റെ കല്പറ്റയിലെ മാനേജർ പറഞ്ഞു.ഏജൻസികളടക്കമുള്ള ഇടനിലക്കാർക്കെല്ലാംകൂടി പകുത്തുനൽകേണ്ട തുകയാണ് വിദ്യാർഥികളിൽനിന്ന് അധികമായി ഈടാക്കുന്നത്. വിദ്യാഭ്യാസ വായ്പയുടെ തുടർഗഡുക്കൾ അനുവദിക്കുന്നതിനും കോളേജിൽനിന്ന് കത്തുനൽകണം. ഇതിലുംകൂടുതൽ തുക ക്വാട്ട് ചെയ്യുന്നതും പതിവാണ്.
വായ്പയുണ്ടെങ്കിലും അധികതുക കണ്ടെത്തേണ്ട ബാധ്യത രക്ഷിതാക്കൾക്കാവും. തുക അടയ്ക്കാനാവാതെ പലരും പഠനമുപേക്ഷിക്കുന്ന സ്ഥിതിയാവും. ആറുമാസത്തിനുള്ളിൽ സ്കൂളുകളിൽ പ്ലസ് ടു സർട്ടിഫിക്കറ്റ് നഷ്ടമായി, ഡ്യൂപ്ലിക്കേറ്റ് അനുവദിക്കണമെന്നും പറഞ്ഞ് കുട്ടികളെത്തും. അധ്യാപകർ ചൂഴ്ന്നു ചോദിച്ചാൽ പറയുന്നത് തട്ടിപ്പിന്റെ കഥകളായിരിക്കും.
കുട്ടികളുടെ അഭിരുചി, പഠനമികവ്, വിഷയാടിത്തറ ഇതൊന്നും പരിഗണിക്കാതെയാണ് പ്രവേശനം. പ്ലസ് ടു ഹ്യുമാനിറ്റീസ് പഠിച്ച കുട്ടികൾക്ക് ജനറൽ നഴ്‌സിങ്ങിന് ചേരാം. ഇതാണ് ന്യായം. ബി.എസ്.സി. നഴ്‌സിങ് കഴിഞ്ഞിറങ്ങുന്നവരുടെ സാധ്യതകളാണ് ഇവരെ ധരിപ്പിക്കുന്നത്. ഇതുംകേട്ട് ഇല്ലാത്ത തുക ഫീസായടച്ച് കുട്ടികൾ പഠിക്കാൻ ചേരും, പക്ഷേ പഠിക്കാനാവാതെ കുട്ടികൾ പലരും ബുദ്ധിമുട്ടുകയാണ്. സമാനമാണ് മറ്റുള്ള കോഴ്‌സുകളുടെ കാര്യവും. ഇതിനൊപ്പം ഭാഷാപ്രശ്നവും കൂടിയാകുമ്പോൾ വിദ്യാർഥികൾക്ക് മനസ്സുമടക്കും.
നിയന്ത്രണം വേണം, ഏജൻസികൾക്ക്
ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസികളെ നിരീക്ഷിക്കാൻ സംസ്ഥാനത്ത് സംവിധാനങ്ങളില്ലാത്തതാണ് വിദ്യാഭ്യാസത്തട്ടിപ്പുകൾക്ക് സഹായമാകുന്നത്.സംഘടിതരീതിയിലുള്ള തട്ടിപ്പുകൾ മാത്രമേ പുറംലോകമറിയൂ. ഭൂരിഭാഗത്തിലും വിദ്യാർഥിയുടേയോ രക്ഷിതാക്കളുടെയോ ശ്രദ്ധക്കുറവായിക്കണ്ട് വീട്ടുകാർ പരാതിപ്പെടാൻ മടിക്കും. ഇതാണ് ഏജൻസികൾക്ക് സഹായമാകുന്നത്. സ്കൂളുകൾക്കുമുമ്പിൽ വിതരണംചെയ്യുന്ന നോട്ടീസുകൾ വഴിയാണ് പലരും ഏജൻസികളെ സമീപിക്കുന്നത്. അല്ലെങ്കിൽ രക്ഷിതാക്കളുടെ നമ്പറുകൾ ശേഖരിച്ച് വിളിക്കുന്നവരും ഉണ്ട്.
സ്കൂളുകളിലെ കരിയർസെല്ലുകളെ ആശ്രയിക്കാം
ജില്ലയിലെ എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് സെല്ലുണ്ട്. അവിടത്തെ കരിയർ ഗൈഡുമാരുടെ സേവനം ഉപയോഗപ്പെടുത്തണം. റിക്രൂട്ട്‌മെന്റ് ഏജൻസികളും ഉത്തരവാദിത്തതോടെ ഇടപെടുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള സംവിധാനവും വേണം. - കെ.ബി. സിമിൽ ജില്ലാ കൺവീനർ, കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് സെൽ
Content Highlights: Education scam in wayanad kerala
Published: 25 May 2024, 05:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented