കൊച്ചി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും, അക്കാദമിക മികവ് പുലര്‍ത്തുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം എന്ന സ്വപ്നം യഥാര്‍ത്ഥ്യമാക്കുന്നതിനായി തുടക്കമിട്ട് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാൻ ഡോ. ആസാദ് മൂപ്പന്‍. വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്, ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്, ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസി  എന്നിവിടങ്ങളില്‍ പ്രവേശനം നേടുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി ഡോ. മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പ് ആന്‍ഡ് ഫെലോഷിപ്പ്‌സ് പ്രോഗ്രാം എന്ന പേരില്‍ ഒരു വാര്‍ഷിക സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. 

To advertise here,

എംബിബിഎസ്, ബിഎസ്സി. നഴ്സിംഗ്, ബി.ഫാം കോഴ്സുകളിലേക്ക് അപേക്ഷിക്കുന്ന യോഗ്യരായ 25 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഓരോ വര്‍ഷവും 5 എംബിബിഎസ്, 10 നഴ്‌സിംഗ്, 10 ബി.ഫാം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കും. എംബിബിഎസ് സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. മികച്ച അക്കാദമിക് ട്രാക്ക് റെക്കോര്‍ഡുകളും നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുകളുമുള്ള വിദ്യാര്‍ഥികളെയാണ് തെരഞ്ഞെടുക്കുക. നീറ്റില്‍ ഉയര്‍ന്ന റാങ്കുള്ള വിദ്യാര്‍ഥികള്‍ക്ക് പൊതുവെ പ്രവേശനത്തില്‍ മുന്‍ഗണന ലഭിക്കാറുണ്ടെങ്കിലും, അവര്‍ക്ക് കൂടുതല്‍ പിന്തുണയും പരിഗണനയും നല്‍കാനാണ് ഈ മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ബിഎസ്സി. നഴ്സിംഗ്, ബി.ഫാം കോഴ്‌സുകളിലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചവരുടെ അക്കാദമിക് മെറിറ്റിന് പുറമെ സാമ്പത്തികസ്ഥിതി കൂടി കണക്കിലെടുത്താകും സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കുക. പഠനകാലയളവില്‍ ഉടനീളം അക്കാദമിക മികവ് പുലര്‍ത്തുകയും സ്‌കോളര്‍ഷിപ്പിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പിന്തുടരുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ ട്യൂഷന്‍ ഫീസില്‍ നൂറുശതമാനം ഇളവ് ലഭിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 125 വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി പ്രതിവര്‍ഷം 3 കോടിയിലധികം രൂപയാണ് മൂപ്പന്‍സ് ലെഗസി നീക്കിവെയ്ക്കുന്നത്.  

നീതിയുക്തവും എല്ലാവരെയും ഒരുപോലെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണ് എന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും ഡോ. മൂപ്പന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 

സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ 2025 ജൂലൈ 28 മുതല്‍ സ്വീകരിച്ചുതുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്കും യോഗ്യതാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയുന്നതിനും www.dmscholarship.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.