അനീതിക്കും അടിച്ചമര്‍ത്തലിനും അയിത്തത്തിനുമെതിരെ സമരമുഖം തീര്‍ത്ത, സമത്വത്തിനായി ഭരണഘടനാ നിര്‍മ്മാണ സഭയില്‍ വരെ തീക്ഷ്ണവാദങ്ങളുയര്‍ത്തിയ ദാക്ഷായണി വേലായുധന്‍, പതിറ്റാണ്ടുകള്‍ക്കിപ്പുറം താന്‍ പഠിച്ചിറങ്ങിയ കലാലയ മണ്ണിലേക്ക് മടങ്ങിയെത്തുകയാണ്. അന്ന് ജാതിവ്യവസ്ഥ ഒരുമിച്ചിരിക്കാന്‍ വിലക്കിയ ക്ലാസ്മുറികളില്‍ ഇനി ദാക്ഷായണിയുടെ വീരചരിത്രം പാഠ്യവിഷയമാകും.

To advertise here,

നിരന്തരമായ അവകാശപോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ് ദാക്ഷായണിയുടെ ജീവിതം. ആ ധീരചരിത്രമാണ് മഹാരാജാസ് കോളേജിലെ ബി.എ ഓണേഴ്‌സ് ചരിത്ര വിദ്യാര്‍ത്ഥികളുടെ സിലബസാകുന്നത്. ഇവരെ കൂടാതെ പൂര്‍വ്വ വിദ്യാര്‍ഥികളായ മറ്റ് പലരും സിലബസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിനിമാനടന്‍ മമ്മൂട്ടിയും മുസ്ലീം സമുദായത്തില്‍ നിന്നുള്ള ആദ്യ വനിതാ അഭിഭാഷകയായ ഫാത്തിമ്മ റഹ്‌മാനും ഇടം പിടിച്ചിട്ടുണ്ട്.

താഴ്ന്ന ജാതിയിലുള്ളവര്‍ക്ക് വഴി നടക്കാന്‍ പോലും അവകാശം ഇല്ലാതിരുന്ന കാലത്ത്, കടത്തുവഞ്ചിയില്‍ കായല്‍ കടന്ന് വിജ്ഞാനത്തിന്റെ തീരത്തെത്തിയ പെണ്‍കുട്ടി. പ്രതിബന്ധങ്ങളെ പിന്നാക്കം നീക്കി. ഒടുവില്‍ ആ യാത്ര അവളെ കൊണ്ടുചെന്നെത്തിച്ചത് ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ദളിത് വനിതയെന്ന ചരിത്ര നേട്ടത്തിലേക്കായിരുന്നു. 34 വയസായിരുന്നു അവര്‍ക്കന്ന്. ഇന്ത്യന്‍ റിപബ്ലിക്കിന്റെ നിര്‍മ്മാണത്തില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച 15 വനിതാ അംഗങ്ങളില്‍ ഒരാളായിരുന്നു ദാക്ഷായണി. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ദളിത് വനിതാ നിയമസഭാംഗം.

1912 ല്‍ എറണാകുളം ജില്ലയിലെ മുളവുകാട് എന്ന ചെറിയ ദ്വീപിലാണ് ദാക്ഷായണി വേലായുധന്റെ ജനനം. കൃഷ്ണാദി ആശാന്റെ സഹോദരപുത്രിയും അഭിഭാഷകനും എംപിയും വീക്ഷണം (കോണ്‍ഗ്രസ് ദിനപത്രം) എഡിറ്ററുമായ കെ.കെ മാധവന്റെ സഹോദരിയുമാണ്. കരയില്‍ സമ്മേളിക്കാന്‍ വിലക്കപ്പെട്ട ഇവര്‍ ഒത്തുകൂടിയത് കേരളത്തിലെ കായലോരങ്ങളിലായിരുന്നു. കല്ലച്ചമുരി കൃഷ്ണാദി ആശാന്‍, പണ്ഡിറ്റ് കറുപ്പന്‍, ടി.കെ. കൃഷ്ണ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച പുലയ മഹാജന്‍ സഭ, കെ.പി. വള്ളോണുമായി ചേര്‍ന്ന് വേമ്പനാട് കായലില്‍ സമ്മേളനം സംഘടിപ്പിച്ചു . അനീതിക്കെതിരായുള്ള പല പോരാട്ടങ്ങള്‍ക്കും തുടക്കമിട്ടത് ഈ സമ്മേളനങ്ങളാണ്. ഇതാണ് പിന്നീട് കായല്‍ സമ്മേളനം എന്ന പേരില്‍ അറിയപ്പെട്ടത്. ദാക്ഷായണി വേലായുധന്റെ സമരപഥത്തെ ഈ കായല്‍ സമ്മേളനങ്ങള്‍ വലിയ രീതിയില്‍ സ്വാധീനിച്ചുവെന്ന് ചരിത്രരേഖകള്‍ പറയുന്നുണ്ട്.

തൊട്ടുകൂടായ്മയും മാറ് മറയ്ക്കാനുള്ള അവകാശ നിഷേധവും കൊടിക്കുത്തിവാണിരുന്ന കാലത്ത്, മേല്‍ വസ്ത്രം ധരിച്ച് സ്‌കൂള്‍ വിദ്യാഭ്യാസംനേടിയെടുത്ത ഏക പെണ്‍ക്കുട്ടിയായിരുന്നു ദാക്ഷായണി. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ദാക്ഷായണി എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി. ക്ലാസിലെ ഏക ദളിത് പെണ്‍കുട്ടിയായ അവര്‍ക്ക് അവിടെയും ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തലുകളും വിവേചനങ്ങളും നേരിടേണ്ടി വന്നു. എന്നാല്‍, അധിക്ഷേപങ്ങള്‍ വകവയ്ക്കാതെ അവള്‍ തന്റെ ലക്ഷ്യത്തെ പിന്തുടര്‍ന്നു.

1935 ല്‍ നല്ല മാര്‍ക്കോടെ ദാക്ഷായണി ബിരുദ പഠനം പൂര്‍ത്തിയാക്കി.സംസ്ഥാനത്തെ ബിരുദധാരിയായ ആദ്യ ദളിത് യുവതിയായി. പിന്നീട് മദ്രാസ് സര്‍വകലാശയില്‍ നിന്ന് അധ്യാപക പരിശീലനവും നേടി. തുടര്‍ന്ന് തൃശ്ശൂരിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായി നിയമിതയായപ്പോള്‍ കേള്‍ക്കേണ്ടി വന്നത് 'പുലയ അധ്യാപിക' എന്ന വിളിപേരായിരുന്നു. പ്രതികൂല സാഹചര്യത്തിലും തന്റെ നിലപാടുകള്‍ തുറന്ന് പറയാനും പ്രകടിപ്പിക്കാനും അവര്‍ മടിച്ചില്ല. അങ്ങനെ, 1945-ല്‍ അവര്‍ കൊച്ചിന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രവേശിച്ചു. പിന്നീട് 1946 മദ്രാസില്‍ നിന്ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയിലേക്ക് ദാക്ഷായണി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയോട് എതിര്‍ത്ത് നിന്നായിരുന്നു ദാക്ഷായണിയുടെ ആ രംഗപ്രവേശനം. 1977 ല്‍ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ഡല്‍ഹിയില്‍ മഹിളാ ജാഗ്രതി പരിഷത്ത് എന്ന വനിതാ അവകാശസംഘടന സ്ഥാപിക്കുകയും ചെയ്തു.

ഭരണഘടനാ അസംബ്ലി തൊട്ടുകൂടായ്മ നിര്‍ത്തലാക്കാന്‍ തീരുമാനിച്ച ചരിത്രദിനമായിരുന്നു 1948 നവംബര്‍ 29. കാലക്രമേണ അയിത്തമുള്ള ഒരു സമൂഹം ഉണ്ടാകില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് അന്ന് ദാക്ഷായണി പറഞ്ഞു. ആലംമ്പഹീനരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗത്തിന് ഭരണഘടനയിലൂടെ സാമൂഹിക നീതി ഉറപ്പാക്കുകയായിരുന്നു ദാക്ഷായണിയുടെ ലക്ഷ്യം.

ദാക്ഷായണിയുടെ ജീവിതരേഖകളും നിയമനിര്‍മ്മാണ ചര്‍ച്ചകളും മുന്‍നിര്‍ത്തി ചെറായി രാമദാസ് 'കലാ ശാസനകള്‍ക്ക് കീഴടങ്ങാത്ത ദാക്ഷായണി വേലായുധന്‍'  എന്ന പുസ്തകം പുറത്തിറക്കിയിരുന്നു. ദളിത് ക്ഷേമത്തിലും അധഃസ്ഥിതരുടെ ശാക്തീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അവരുടെ സമൂഹ പ്രവര്‍ത്തനങ്ങള്‍ക്ക്, 2019 ല്‍ കേരള സര്‍ക്കാര്‍ ദാക്ഷായണി വേലായുധന്‍ അവാര്‍ഡ്  ഏര്‍പ്പെടുത്തി. ധീരപോരാട്ടത്തിന്റെ ഈ ചരിത്രം മഹാരാജാസിന്റെ മണ്ണില്‍ ഇന്ന് പുനര്‍ജനിക്കുന്നു.