
തിരുവനന്തപുരം: കൊറോണ രോഗബാധ സംസ്ഥാനത്തെ അക്കാദമിക കലണ്ടറിന്റെ താളംതെറ്റിക്കും. വാര്‍ഷികപരീക്ഷകള്‍ മുടങ്ങിയതുമാത്രമല്ല പ്രശ്നം.
സ്ഥിതി ഈനിലയില്‍ തുടര്‍ന്നാല്‍ ജൂണില്‍ പുതിയ അധ്യയനവര്‍ഷം തുടങ്ങാനാകുമോയെന്ന ആശങ്കയുമുണ്ട്. ചിലപ്പോള്‍ അടുത്തവര്‍ഷം ക്ലാസുകള്‍ തുടങ്ങുന്നത് ജൂലായിലേക്കോ ഓഗസ്റ്റിലേക്കോ നീണ്ടേക്കാം.
പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ പൂര്‍ത്തിയായിട്ടില്ല. രോഗവ്യാപനം നിലച്ച് സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് വന്നാലേ ബാക്കിയുള്ള പരീക്ഷകള്‍ എന്നു നടത്താനാകുമെന്ന് നിശ്ചയിക്കാനാകൂ. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തീരുന്ന ഏപ്രില്‍ 14 വരെ ഒരു തീരുമാനവും ഉണ്ടാകില്ല. തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയേ കര്‍ഫ്യൂ തുടരണോയെന്ന കാര്യത്തില്‍ തീരുമാനമാകൂ. നീണ്ടാല്‍ പരീക്ഷാനടത്തിപ്പും അതനുസരിച്ച് നീളും.
കഴിഞ്ഞ പരീക്ഷകളുടെ ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം തുടങ്ങിയിട്ടില്ല. കേന്ദ്രീകൃത മൂല്യനിര്‍ണയമാണ് സാധാരണ നടത്തുക. ഇപ്രാവശ്യം അതില്‍ വ്യത്യാസം വരുത്തണോയെന്ന് പരിഗണിക്കുന്നുണ്ട്. ഐ.സി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഉത്തരപ്പേപ്പര്‍ അധ്യാപകര്‍ വീട്ടിലിരുന്ന് നോക്കിയാല്‍മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്.
ബിരുദ, ബിരുദാനന്തര പരീക്ഷകളും മാറ്റിവച്ചത് തുടര്‍പഠനത്തെയും ബാധിക്കും. കാലിക്കറ്റില്‍ ബിരുദപരീക്ഷകള്‍ കഴിഞ്ഞിരുന്നു. മറ്റു സര്‍വകലാശാലകളില്‍ തുടങ്ങിയിരുന്നു. ഇവ പൂര്‍ത്തിയാക്കി ഫലംവന്നാലേ ഉപരിപഠനത്തിന് കഴിയൂ. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും സമാനമാണ് എന്നതാണ് ആശ്വാസം. പി.ജി.ക്ക് സംസ്ഥാനത്തിന് പുറത്തേക്കുപോകുന്ന കുട്ടികള്‍ ഏറെയായതിനാല്‍ ഡിഗ്രി ഫലം എല്ലായിടത്തും വൈകുന്നതിനാല്‍ അവസരനഷ്ടം ഉണ്ടാകില്ലെന്നാണ് കരുതുന്നത്.
എന്‍ട്രന്‍സ് പരീക്ഷയും വൈകും
പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശന പരീക്ഷകളും ഇപ്രാവശ്യം വൈകുമെന്ന് ഉറപ്പായി. ഏപ്രില്‍ 20, 21 തീയതികളിലാണ് എന്‍ജിനീയറിങ്, മെഡിക്കല്‍ ഒഴികെയുള്ള മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ തീയതികളില്‍ അത് നടത്താനാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കരുതുന്നില്ല. മേയ് മൂന്നിന് നടത്താനിരുന്ന അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റും മാറ്റി വച്ചതോടെ എന്‍ട്രന്‍സ് പരീക്ഷകളെല്ലാം അനിശ്ചിതത്വത്തിലാകും.
Content Highlights: Curriculam calender will collapse due to corona virus outbreak
Published: 28 Mar 2020, 12:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented