തിരുവനന്തപുരം : വിദേശ സര്‍വകലാശാലകളുമായി സഹകരിക്കാനുള്ള ക്രമീകരണങ്ങള്‍ ലളിതമാക്കിയ യു.ജി.സി. നടപടി ഈ വഴിക്ക് സഞ്ചരിച്ചുതുടങ്ങിയ സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ക്ക് ഗുണകരമാകും.

To advertise here,

യു.ജി.സി.യുടെ പുതുക്കിയ നടപടിക്രമങ്ങളനുസരിച്ച് കേരളത്തിലെ നാലു സര്‍വകലാശാലകള്‍ക്ക് വിദേശ സര്‍വകലാശാലകളുമായി നേരിട്ട് സഹകരണത്തിലേര്‍പ്പെടാം. എന്നാല്‍, ഇതിന് സര്‍ക്കാരിന്റെ നയപരമായ തീരുമാനം വേണം. ഇക്കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടുള്ള പുതിയ ഉന്നതവിദ്യാഭ്യാസ നിലപാടുകള്‍ വിദേശ സര്‍വകലാശാല സഹകരണത്തിന് അനുകൂലമാണ്.

വിദേശ സര്‍വകലാശാലകളുമായി സഹകരണമുണ്ടാക്കുന്നതിന് മുന്‍കാലങ്ങളില്‍ യു.ജി.സി.യുടെ അനുമതി ആവശ്യമായിരുന്നു. ഇനിമുതല്‍ നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) 3.01 ഗ്രേഡിന് മുകളിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കിന്റെ (എന്‍.ഐ.ആര്‍.എഫ്.) ആദ്യത്തെ 100 സര്‍വകലാശാലയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവയ്ക്കും യു.ജി.സി.യുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശ സര്‍വകലാശാലകളുമായി സഹകരണമുണ്ടാക്കാനാകും.

കേരളത്തില്‍ നിന്ന് കേരള, എം.ജി., കുസാറ്റ്, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവയായതിനാല്‍ ഇതിന്റെ ഗുണം കിട്ടും. ക്യു.എസ്. വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിലോ ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ റാങ്കിങ്ങിലോ ആദ്യത്തെ 1000 സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്ന വിദേശ സര്‍വകലാശാലകളുമായിട്ടാണ് സഹകരണമുണ്ടാക്കാനാവുക.

കൂടുതല്‍ കരിയര്‍/ വിദ്യാഭ്യാസ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

യു.ജി.സി. നിര്‍ദേശിക്കുന്ന നാക് റാങ്കിങ് ഉള്ള സ്വയംഭരണകോളേജുകള്‍ ഉള്‍പ്പെടെയുള്ളവ സംസ്ഥാനത്തുണ്ട്. ഇവയ്ക്ക് നേരിട്ട് വിദേശസഹകരണം യു.ജി.സി. അനുവദിക്കുന്നുണ്ട്. എന്നാല്‍, സംസ്ഥാനത്തുള്ള ഇത്തരം സ്ഥാപനങ്ങള്‍ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നവയായതിനാല്‍ സര്‍വകലാശാലകളുടെ അനുമതി ആവശ്യമാണ്.

ഇരട്ടബിരുദത്തിന് സാധ്യതയേറും

വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണം വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമാകും. നിലവില്‍ രണ്ട് സര്‍വകലാശാലകള്‍ തമ്മില്‍ സഹകരണത്തിലേര്‍പ്പെട്ടാലും സംസ്ഥാനത്തെ സര്‍വകലാശാല ബിരുദം നല്‍കുന്നതാണ് രീതി. ഇനി നിശ്ചിത ക്രെഡിറ്റ് വിദേശത്തുനിന്ന് പൂര്‍ത്തിയാക്കിയാല്‍ അവിടെനിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അതോടെ ഇരട്ട ബിരുദംതന്നെ ലഭിക്കുന്ന രീതിയിലേക്ക് നീങ്ങാനാകുമെന്നാണ് കരുതുന്നത്.