തൃശ്ശൂർ: ‘‘11 വയസ്സായിരുന്നു അന്നെനിക്ക്. ഗുരുവായൂർ സത്യാഗ്രഹസമരം മൂർധന്യത്തിലേക്ക് കടക്കുകയാണ്. കെ. കേളപ്പൻ മരണംവരെ ഉപവാസം തുടങ്ങിയിരിക്കുന്നു. സത്യാഗ്രഹസമരവേദിയിലേക്ക് പോകണമെന്ന് ആഗ്രഹം. വല്യേട്ടൻ നാരായണൻ സോമയാജിപ്പാടിന് ഗാന്ധിജിയോടും കേളപ്പനോടും കടുത്ത ആരാധനയായിരുന്നു. അതെന്റെ മനസ്സിനെ സ്പർശിച്ചു. ഇതിനെല്ലാമപ്പുറം പ്രസിദ്ധീകരിച്ച് മൂന്നാംനാൾ കോഴിക്കോട്ടുനിന്ന് തപാലിൽ വീട്ടിലെത്തിയിരുന്ന മാതൃഭൂമി പത്രത്തിൽനിന്ന് വായിച്ചറിഞ്ഞ സത്യാഗ്രഹവാർത്തകൾ പകർന്ന ആവേശവും’’ - ഗുരുവായൂർ സത്യാഗ്രഹത്തിന് നവതി തികയുന്നതിന് ഏതാനും ദിവസം മുൻപ് ചെമ്പുക്കാവിലെ മുക്തിയെന്ന വീട്ടിലെ പൂമുഖത്തിരുന്ന് പി. ചിത്രൻ നമ്പൂതിരിപ്പാട് പറഞ്ഞതാണിത്.
കിഴക്കേനടയിലെ സത്യാഗ്രഹവേദിയിലും പരിസരത്തും പതിനൊന്നുവയസ്സിൽ കണ്ട സത്യാഗ്രഹക്കാഴ്ചകൾ നൂറു പിന്നിട്ട അദ്ദേഹം ഇടമുറിയാതെ ഓർത്ത് പറഞ്ഞുകൊണ്ടിരുന്നു. സത്യാഗ്രഹവേദിയിലെത്തിയ ഗാന്ധിജിയെ ആദ്യം കണ്ട സന്ദർഭത്തെക്കുറിച്ച് പറയുമ്പോൾ കണ്ണുകളിൽ തിളക്കം. കെ. കേളപ്പനും ഗാന്ധിജിയും മനസ്സിൽപ്പകർന്ന നവോത്ഥാനചിന്തകൾ തന്നെ വളർത്തിയതെങ്ങനെയെന്ന് ആവേശത്തോടെ അദ്ദേഹം വിശദീകരിച്ചു.
ഐ.പി.സി. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ മൂക്കുതലയിൽ പന്തിഭോജനം നടന്നപ്പോൾ ആദ്യഘട്ടത്തിൽ ആരും വരാൻ തയ്യാറായില്ല. ചിത്രനും ജ്യേഷ്ഠൻ നീലകണ്ഠനും മുന്നിട്ടിറങ്ങി. പതിനഞ്ചുപേരാണ് അന്ന് പന്തിഭോജനത്തിനായി ഒത്തുചേർന്നത്. ഇല്ലത്തെ അകത്തളത്തിലെ ഭക്ഷണം നിഷേധിക്കപ്പെടലായിരുന്നു അനന്തരഫലം. ഇത് അവസാനിച്ചത് കാരണവരുടെ മരണത്തിനുശേഷമായിരുന്നു.
ഗുരുവായൂർ ക്ഷേത്രഗോപുരം എല്ലാവർക്കുമായി തുറന്നിട്ട് ഏതാനും വർഷങ്ങൾക്കുശേഷം പകരാവൂർ മനവകയുള്ള മൂക്കോല ക്ഷേത്രത്തിലേക്ക് ചിത്രൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ എല്ലാവരെയും വിളിച്ചുകയറ്റി. ഏട്ടന്മാരുടെ കടുത്ത എതിർപ്പുണ്ടായിരുന്നു. ഏറെക്കാലം ഇല്ലത്തിനകത്തേക്ക് പ്രവേശനമുണ്ടായില്ല. ‘‘ജീവിതത്തിൽ നവോത്ഥാന ചിന്തകൾ മുളപൊട്ടിയതിന് ഗുരുവായൂർ സത്യാഗ്രഹവേദിയിലെ കാഴ്ചകൾതന്നെയാണ് കാരണം. ആ കാഴ്ചകൾ കാണാൻ എന്റെ കണ്ണ് തുറപ്പിച്ചത് മാതൃഭൂമി വായനയും’’ - ചിത്രൻ നമ്പൂതിരിപ്പാട് അന്ന് പറഞ്ഞു.
രാജ്യം സ്വാതന്ത്ര്യംനേടിയ അർധരാത്രിയിൽ ആവേശപൂർവം ഒത്തൂകൂടിയ ചിത്രൻ നമ്പൂതിരിപ്പാടടക്കമുള്ള ചെറുപ്പക്കാർ തീരുമാനിച്ചു, ആർപ്പുവിളിച്ച് ആഘോഷിക്കാം. മൂക്കുതലയുടെ സ്വാതന്ത്ര്യാഘോഷം അങ്ങനെയായിരുന്നു. കുഞ്ഞുപിറന്നാൽ ഇങ്ങനെ ആർപ്പുവിളിക്കുന്ന ആചാരമുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ആർപ്പുവിളികേട്ട് നാട്ടിലെ പലരും തെറ്റിദ്ധരിച്ചത് ഇല്ലത്ത് ഉണ്ണിപിറന്നുവെന്നായിരുന്നു എന്നും അദ്ദേഹം ഓർത്തുപറഞ്ഞു.
Content Highlights: Chithran namboothirippad about guruvayur satyagraha and Indian independence
Published: 28 Jun 2023, 11:58 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented