എം ജയരാജ് എഴുതിയ 'വൈക്കം സത്യഗ്രഹ ചരിത്രം മാതൃഭൂമി രേഖകള്‍' എന്ന പുസ്തകത്തില്‍ നിന്നും.
മഹാത്മജിയെ സന്ദര്‍ശിച്ച് വൈക്കത്തെ സാമ്പത്തികസ്ഥിതിയും നേതാക്കന്മാരുടെ അറസ്റ്റു സൃഷ്ടിച്ച നേതൃത്വക്കുറവും പരിഹരിക്കാന്‍ വേണ്ടി ബോംബെയിലേക്കു പോയ നിവേദകസംഘം, കെ. മാധവന്‍നായര്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, എന്‍. കുമാരപിള്ള എന്നിവരുടെ ദൗത്യം അവര്‍ ആഗ്രഹിച്ച ലക്ഷ്യം കണ്ടില്ലെങ്കിലും വൈക്കം സത്യഗ്രഹസമരവിജയത്തിന് പ്രയോഗികമായ ചില നിര്‍ദ്ദേശങ്ങള്‍ ഗാന്ധിജി മുന്നോട്ടുവെച്ചു. വെറും സത്യഗ്രഹസമരം കൊണ്ടുമാത്രം ലക്ഷ്യപ്രാപ്തിയിലെത്താന്‍ ആവില്ലെന്നും തിരുവിതാംകൂര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രദേശങ്ങളിലും സംഘടിതമായ പ്രചാരണപ്രവര്‍ത്തനത്തിലൂടെ സമരത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ബോധവത്കരണമാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും മഹാത്മജി അഭിപ്രായപ്പെട്ടു. സമരത്തിനു ശരിയായ ഒരു ദിശാബോധം ഉണ്ടാക്കുവാന്‍ ഈ സന്ദര്‍ശനം അത്യധികം പ്രയോജനപ്പെട്ടുവെന്ന് കെ. മാധവന്‍നായര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ജൂലായ് അഞ്ചാം തീയതി 'മഹാത്മജീസന്ദര്‍ശനം' എന്ന ശീര്‍ഷകത്തില്‍ കെ. മാധവന്‍നായര്‍ മാതൃഭൂമിയില്‍ എഴുതിയ സുദീര്‍ഘമായ ലേഖനത്തില്‍ മഹാത്മജിയുടെ ദൈനംദിനപ്രവര്‍ത്തികളെക്കുറിച്ചും ഇന്ത്യയുടെ രാഷ്ട്രീയ അവസ്ഥയെക്കുറിച്ചും അദ്ദേഹത്തിന്റെ തിരക്കിട്ട ജീവിതത്തെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ഒരു പ്രശ്‌നത്തിന്റെ എല്ലാവിധ വരുംവരായ്കകളും പരിശോധിച്ചു മാത്രമേ അദ്ദേഹം ഏതു പ്രശ്‌നത്തിലും അന്തിമതീരുമാനം പ്രഖ്യാപിക്കുകയുള്ളൂവെന്ന് നിവേദകസംഘത്തിന് ബോദ്ധ്യപ്പെട്ടു. അന്യമതസ്ഥന്മാരെ സമരത്തില്‍നിന്നു വിലക്കിയതും ആന്യസംസ്ഥാനക്കാരില്‍നിന്നു ധനസഹായം സ്വീകരിക്കരുതെന്ന താക്കീതും തുടക്കത്തില്‍ അല്‍പ്പം മനഃപ്രയാസമുണ്ടാക്കിയെങ്കിലും മഹാത്മജി അതിനുള്ള കാരണം വിശദമായി പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയപ്പോള്‍ അതാണു ശരിയായ തീരുമാനമെന്ന് നിവേദകസംഘത്തിനു ബോദ്ധ്യപ്പെട്ടതായി അവര്‍ പിന്നീടു പറയുകയുണ്ടായി.
വൈക്കത്തെ സമരം കൂടുതല്‍ ശക്തിപ്പെടുത്താനും വിജയത്തിലെത്തിക്കാനും മഹാത്മജി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ: ഒരു ലക്ഷം സവര്‍ണ്ണഹിന്ദുക്കളുടെ ഒപ്പോടുകൂടി ഒരു ഭീമഹരജി തയ്യാറാക്കി സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും അഞ്ഞൂറ് സവര്‍ണ്ണഹിന്ദുക്കളില്‍ കുറയാതെ ഉള്‍പ്പെട്ട ഒരു ജാഥ വൈക്കത്തുനിന്നും പുറപ്പെട്ട് കാല്‍നടയായി തിരുവനന്തപുരത്തെത്തി ആ ഭീമഹര്‍ജി മഹാറാണിക്കു സമര്‍പ്പിക്കണം. 1924 ഒക്ടോബര്‍ 11ന് വൈക്കത്തു കൂടിയ അയിത്തോച്ചാടന കമ്മിറ്റി യോഗത്തില്‍ ഗാന്ധിജിയുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയും നവംബര്‍ ഒന്നാം തീയതി വൈക്കത്തുനിന്നും ഗാന്ധിജിയുടെ നിര്‍ദ്ദേശമനുസരിച്ചുള്ള ജാഥ പുറപ്പെടണമെന്നും തീരുമാനിച്ചു. എ.കെ. പിള്ളയുടെ നേതൃത്വത്തിലുള്ള ഒരു സംഘം യാത്ര വിജയകരമാക്കുന്നതിന് അഹോരാത്രം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചു. സകല താലൂക്കുകളിലും സഞ്ചരിച്ച് അവര്‍ ഭീമഹര്‍ജിയിലേക്കു വേണ്ട ഒപ്പുകള്‍ സവര്‍ണ്ണഹിന്ദുക്കളില്‍നിന്നും ഏറ്റുവാങ്ങി. ജാഥ കടന്നുപോകേണ്ട സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ രൂപരേഖയുണ്ടാക്കി.
പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹത്തില്‍നിന്നും ലഭിച്ച വമ്പിച്ച സ്വീകാര്യത അയിത്തോച്ചാടന കമ്മിറ്റിയെ ആവേശഭരിതരാക്കി. ജാഥയില്‍ പങ്കുചേരുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിരവധിയാളുകള്‍ വൈക്കത്തെത്തി. ജാഥയുടെ ഘടന, അതിനെ നിയന്ത്രിക്കാനുള്ള നിര്‍വ്വാഹക മെമ്പര്‍മാര്‍, നേതാക്കള്‍ തിരുവനന്തപുരത്ത് എത്തിയശേഷം ജാഥയുടെ പ്രാതിനിദ്ധ്യം വഹിച്ച് മഹാറാണിയുടെ അടുത്തേക്കു പോകുന്നതിനുള്ള ഡപ്യൂട്ടേഷനെയും നിശ്ചയിച്ചു. കെ.പി. കേശവമേനോന്‍, മന്നത്തു പത്മനാഭന്‍, എ.കെ. പിള്ള, എസ്. പത്മനാഭമേനോന്‍ എന്നിവരെയാണ് ജാഥ നിയന്ത്രിക്കുന്നതിനു തിരഞ്ഞെടുത്തത്. വടക്കന്‍ താലൂക്കുകളില്‍നിന്നും ജാഥയില്‍ അംഗങ്ങളായിച്ചേരുവാന്‍ നൂറ്റിയിരുപത് സവര്‍ണ്ണ ഹിന്ദുക്കളും അവിടെ ഇതിനകം സന്നിഹിതരായിരുന്നു. ചേര്‍ത്തല, ആലങ്ങോട്, പറവൂര്‍ തുടങ്ങിയ താലൂക്കുകളില്‍നിന്ന് കളിവള്ളങ്ങളുടെ അകമ്പടിയോടുകൂടി എത്തിയ വളണ്ടിയര്‍മാരെ നാദസ്വരം തുടങ്ങിയ വാദ്യഘോഷങ്ങളോടുകൂടി വൈക്കം ബോട്ടുജെട്ടിയില്‍ വെച്ച് സത്യഗ്രഹ പ്രതിനിധികള്‍ സ്വീകരിച്ചു. സവര്‍ണ്ണഹിന്ദുനേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം ജാഥാംഗങ്ങളെ ഡോ. പി.സി. കേശവപിള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കു ക്ഷണിച്ച് ഒരു വിരുന്നുസത്കാരവും നടത്തി.
നവംബര്‍ ഒന്നാം തീയതി രാവിലെ കൃത്യം ആറുമണിക്ക് ജാഥ അണിനിരന്ന്, വൈക്കത്തു പടിഞ്ഞാറേ നടയിലുള്ള ബോട്ടുജെട്ടിയില്‍ എത്തി. അവിടെനിന്നാണ് യാത്ര പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നത്. കമാന്‍ഡര്‍ ചീഫ് ആയി മന്നത്തു പത്മനാഭന്‍പിള്ള, കമാന്‍ഡര്‍മാരായ ഇടവനാട്ട് എസ്. പത്മനാഭമേനോന്‍, കെ. കേളപ്പന്‍, എം.എന്‍. നായര്‍, ഡോ. എം.ഇ. നായിഡു, കെ.ജി. കുഞ്ഞികൃഷ്ണപിള്ള, ലെഫ്റ്റനന്റുമാരായി കണ്ണന്തോടത്തു വേലായുധമേനോന്‍, ഡോ. എസ്.കെ. നാരായണപിള്ള, വി.പി. ഗോവിന്ദന്‍ നായര്‍, എസ്. ബാലകൃഷ്ണപിള്ള, കെ.ജി. ശങ്കര്‍, ചിറ്റേടത്തു ശങ്കുപ്പിള്ള, എസ്. ചെല്ലപ്പന്‍പിള്ള, കെ.ജി. നായര്‍, എന്‍.കെ. കൃഷ്ണന്‍ നായര്‍, മന്നത്തു കൃഷ്ണന്‍നായര്‍, എന്‍.കെ. നാഥന്‍, ക്യാപ്റ്റന്‍മാരായ ഡോ. പി.സി. കേശവപിള്ള, ഡോ. കെ. ഗോവിന്ദപിഷാരോടി എന്നിവരാണ് ജാഥയെ നിയന്ത്രിച്ചിരുന്നവര്‍. ജാഥയ്ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുവാനായി വളണ്ടിയര്‍മാരെയും സജ്ജമാക്കിയിരുന്നു. 'സവര്‍ണ്ണജാഥ, തിരുവിതാംകൂര്‍' എന്നെഴുതിയ കൊടിവഹിച്ച് നൂറില്‍പ്പരം ജാഥാംഗങ്ങളും തയ്യാറായി നിലയുറപ്പിച്ചു. മേല്‍പ്പറഞ്ഞ കൊടിയില്‍ 'സഹോദരാവകാശ സംരക്ഷണ സ്വധര്‍മ്മ പരിപാലനം' എന്ന മുദ്രാവാക്യവും ഉള്‍പ്പെടുത്തിയിരുന്നു. കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ കുഴല്‍വിളി കേട്ട് ജാഥ മാര്‍ച്ചു ചെയ്യാന്‍ തുടങ്ങി. പടിഞ്ഞാറേ നടയില്‍ ജാഥാംഗങ്ങള്‍ ഭക്തിപൂര്‍വ്വം ചെന്നുനിന്നു-വൈക്കത്തപ്പനെ സ്തുതിച്ച് പ്രാര്‍ത്ഥന ആലപിച്ചു. 'മരണത്തെക്കാളും ഭയമാകും തീണ്ടല്‍പ്പലക നില്‍ക്കുന്ന നിലകണ്ടാല്‍, അവയെല്ലാം നീക്കിട്ടവമാനം ഭൂമിക്കൊഴിവാക്കീടേണം ശിവ ശംഭോ! ഭഗവാന്റെ ദാസപ്പടി വിട്ടങ്ങോട്ടു വിടകൊള്ളുവാനുള്ള മടികൊണ്ട് തിരുമുമ്പില്‍ വന്നു ഭജനം ചെയ്യുന്നു. തിരുവൈക്കത്തപ്പാ ശിവ ശംഭോ!'
കെ.പി. കേശവമേനോന്‍, ടി.കെ. മാധവന്‍ തുടങ്ങിയവര്‍ ഒരു കാറിലും മാദ്ധ്യമപ്രവര്‍ത്തകര്‍ മറ്റൊരു കാറിലും ജാഥയുടെ മുമ്പില്‍ സഞ്ചരിച്ചു. ആയിരത്തിലേറെ ജനങ്ങള്‍ പങ്കെടുത്ത ജാഥയില്‍ മഹാത്മാഗാന്ധിയെയും മഹാറാണിയെയും മഹാരാജാവിനെയും പ്രശംസിച്ചുള്ള മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിയത്. ജാഥക്കാര്‍ക്കാവശ്യമായ സാധനങ്ങള്‍ നിറച്ച കാളവണ്ടികളും ജാഥയുടെ പുറകിലായി ഉണ്ടായിരുന്നു. തലയോലപ്പറമ്പില്‍ ജാഥയെത്തിയപ്പോള്‍ ഈഴവസമുദായക്കാര്‍ ജാഥാംഗങ്ങള്‍ക്ക് കരിക്കും ലഘുഭക്ഷണവും നല്‍കി. കടുത്തുരുത്തിയിലെത്തിയപ്പോള്‍ പ്രജാസഭാ മെമ്പര്‍ തെക്കേടത്ത് നാരായണപ്പിള്ളയുടെ നേതൃത്വത്തില്‍ സ്ഥലത്തെ സവര്‍ണ്ണഹിന്ദുക്കള്‍ ജാഥാംഗങ്ങള്‍ക്ക് ആഹാരം വിതരണം ചെയ്തു. ഡി.എസ്.പി. ഗോമതിനായകം പിള്ള അവിടെ എത്തിയിരുന്നു. മൂന്നുമണിക്ക് അവിടെനിന്നും ജാഥ ഏറ്റുമാനൂര്‍ക്ക് പുറപ്പെട്ടു; ഏറ്റുമാനൂരില്‍ ജാഥ ആറുമണിക്കെത്തി. അവിടെ ഭക്ഷണത്തിനും വിശ്രമത്തിനും വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തത് കുമ്മനം ഗോവിന്ദപിള്ളയായിരുന്നു. നവംബര്‍ രണ്ടാം തീയതി കാലത്ത് ആറുമണിക്ക് ഏറ്റുമാനൂരില്‍നിന്ന് ജാഥ പ്രയാണമാരംഭിച്ചു. യാത്രയിലുടനീളം ജാഥാംഗങ്ങള്‍ക്ക് ആവശ്യമായ വെള്ളവും ലഘുഭക്ഷണവും നാട്ടുകാര്‍ നല്‍കിയിരുന്നു. മാന്നാനം മുതല്‍ ഒരു കിലോമീറ്റര്‍ ദൂരം ഹിന്ദുക്കളുടെ ഒരു ഘോഷയാത്രാസംഘം ബാന്‍ഡ് വാദ്യത്തോടെ ജാഥയെ പിന്തുടര്‍ന്നു. ഒമ്പതുമണിക്ക് ജാഥ കോട്ടയത്തെത്തി. പത്തുമണിക്ക് നാട്ടകത്ത് എത്തിയ ജാഥയെ അറക്കല്‍ പത്മനാഭപിള്ളുടെ നേതൃത്വത്തില്‍ വമ്പിച്ചൊരു ജനക്കൂട്ടം സ്വീകരിച്ചു. പ്രത്യേകം ഉണ്ടാക്കിയ പന്തലില്‍ പത്മനാഭപിള്ളയുടെ അദ്ധ്യക്ഷതയില്‍ ഒരു സമ്മേളനവും നടന്നു. ജാഥയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ജി. നാരായണപ്പിള്ള പ്രസംഗിച്ചു. സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കരുതെന്ന അഭിപ്രായം അവിടത്തെ ജനങ്ങള്‍ക്കില്ലെന്ന് അദ്ദേഹം അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്‌ഠേന അംഗീകരിച്ചു. അവിടെനിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം ജാഥ ചങ്ങനാശ്ശേരിയിലേക്കു പുറപ്പെട്ടു. യാത്രയിലുടനീളം വാദ്യമേളങ്ങളോടെയാണ് നാട്ടുകാര്‍ ജാഥയെ വരവേറ്റത്. പോകുന്ന സ്ഥലങ്ങളിലെല്ലാം ചേരുന്ന സമ്മേളനങ്ങളില്‍ സഞ്ചാരസ്വാതന്ത്ര്യം എല്ലാ ജനങ്ങള്‍ക്കും അനുവദിക്കണമെന്ന പ്രമേയവും മുറയ്ക്ക് പാസാക്കിക്കൊണ്ടിരുന്നു. ചങ്ങനാശ്ശേരിയില്‍ എത്തിയപ്പോള്‍ രാത്രി ഏഴുമണിയായി. അടുത്ത ദിവസം രാവിലെ ജാഥ തിരുവല്ലയെ ലക്ഷ്യംവെച്ച് നടന്നു. വാദ്യഘോഷങ്ങളോടെ മുന്നേറുന്ന ജാഥയെ വട്ടപ്പറമ്പില്‍ വല്യത്താന്‍, അദ്ദേഹത്തിന്റെ വീട്ടിലേക്കു നയിച്ചു. അവിടെനിന്ന് ഭക്ഷണം കഴിച്ചശേഷം വക്കീല്‍ നീലകണ്ഠകൈമളുടെ അദ്ധ്യക്ഷതയില്‍ ഒരു യോഗം ചേര്‍ന്നു. നവംബര്‍ മൂന്നിന് വൈകീട്ട് നാലരയ്ക്ക് ചെങ്ങന്നൂരിലെത്തി. നവംബര്‍ നാലിന് മാവേലിക്കരയ്ക്ക് യാത്രതുടങ്ങി. ചെങ്ങന്നൂരില്‍നിന്നും നാലു നാഴിക പിന്നിട്ടപ്പോള്‍ കനത്ത മഴ കാരണം രണ്ടു ഫര്‍ലോങ് ദൂരത്തില്‍ അരയ്‌ക്കൊപ്പം വെള്ളം കെട്ടിനിന്നിരുന്നു. ഇത് നീന്തിയാണ് ജാഥയും അനുയാത്രാസംഘവും മുന്നോട്ടു നീങ്ങിയത്. ഇടയ്ക്കിടയ്ക്കുള്ള കടത്തുകടവുകളില്‍ ജാഥാംഗങ്ങളെ കടത്തിവിടുന്നതിനായി അനേകം വഞ്ചികള്‍ ഏര്‍പ്പാടാക്കിയിരുന്നു. നവംബര്‍ നാലിന് വൈകുന്നേരം ജാഥ കായംകുളത്തെത്തിച്ചേര്‍ന്നു. ജാഥ ഇവിടെ എത്തുമ്പോള്‍ അതിലെ അംഗസഖ്യ വര്‍ദ്ധിച്ച് ഇരുനൂറ്റിയമ്പതായി. അവിടെച്ചേര്‍ന്ന യോഗത്തില്‍ ജി. രാമമേനോന്‍, തോപ്പില്‍ നീലകണ്ഠപ്പിള്ള, ഇ.എന്‍. കേശവപിള്ള തുടങ്ങിയ നേതാക്കള്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരേ ശക്തമായി പ്രതികരിച്ച് പ്രമേയം പാസാക്കി.
അവിടെനിന്ന് പുറപ്പെട്ട ജാഥ രാത്രി എട്ടരമണിക്ക് ഓച്ചിറ പടനിലത്തെത്തി. കരുനാഗപ്പള്ളിയിലേക്കാണ് അടുത്ത യാത്ര. യാത്ര പോകുന്ന സ്ഥലങ്ങളിലെല്ലാം പലതരത്തിലുള്ള മേളങ്ങളും കരിമരുന്നു പ്രയോഗങ്ങളും നടത്തി നാട്ടുകാര്‍ ജാഥയെ വലിയ ഒരു ഉത്സവമാക്കി മാറ്റി. കരുനാഗപ്പള്ളിയില്‍ വലിയൊരു യോഗവും സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രമേയവും പാസാക്കി. ഭക്ഷണത്തിനുശേഷം ജാഥ ചവറയിലേക്കു പുറപ്പെട്ടു. അടുത്ത ദിവസം രാവിലെ ചവറയില്‍നിന്നും ജാഥ തുടങ്ങുമ്പോള്‍ ജാഥാംഗങ്ങള്‍ വര്‍ദ്ധിച്ച് മുന്നൂറില്‍ എത്തി. തേവലക്കര, കോയ്വിള എന്നീ സ്ഥലങ്ങളില്‍നിന്നുള്ള സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയശേഷം അഷ്ടമുടിയിലെത്തി. അഷ്ടമുടിക്കായല്‍ കടക്കുന്നതിന് പ്രാക്കുളം പരമേശ്വരന്‍പിള്ള ആ കടവില്‍ ആവശ്യത്തിനു വഞ്ചികള്‍ ഒരുക്കിയിരുന്നു. ഒമ്പതുമണിയോടെ ജാഥ പ്രാക്കുളം എന്‍.എസ്.എസ്. ഇംഗ്ലീഷ് ഹൈസ്‌കൂളിന്റെ മുന്‍വശത്ത് ഏര്‍പ്പാടാക്കിയിരുന്ന പന്തലില്‍ എത്തി. ഈഴിരഴിയത്ത് ശങ്കരപ്പിള്ള, പാലിയഴികത്തു നാരായണപിള്ള എന്നിവരുടെ നേതൃത്വത്തില്‍ക്കൂടിയ വമ്പിച്ച പൊതുയോഗത്തില്‍ സഞ്ചാരസ്വാതന്ത്ര്യ പ്രമേയം ഐകകണ്‌ഠേന പാസാക്കി.
തുടര്‍ന്ന് ജാഥ കൊല്ലത്തേക്കു പുറപ്പെട്ടു. കൊല്ലത്ത് എന്‍. പത്മനാഭന്‍പിള്ള, കെ.സി. രാമന്‍ തമ്പി, എം.ആര്‍. മാധവവാര്യര്‍, എ.ആര്‍. ദാമോദരന്‍ നമ്പ്യാര്‍, കല്ലട രാമന്‍പിള്ള, ഇ.വി. കൃഷ്ണപിള്ള തുടങ്ങിയവര്‍ അയിത്തം അവസാനിപ്പിക്കാനും എല്ലാവര്‍ക്കും സഞ്ചാരസ്വാതന്ത്ര്യം അുവദിക്കാനും വേണ്ടി പ്രമേയം അവതരിപ്പിച്ചു പാസാക്കി. അടുത്ത ദിവസം രാവിലെ ആറുമണിക്ക് മയ്യനാട്ടേക്ക് പുറപ്പെട്ട ജാഥ ഒരു മണിയോടെ അവിടെയെത്തി. വരുന്ന വഴിയില്‍ എട്ടുമുറി, പണയിറ എന്നിവിടങ്ങളിലെല്ലാം ജാഥയ്ക്ക് ഗംഭീരസ്വീകരണം ലഭിച്ചിരുന്നു. ഈഴവ സ്ത്രീസമാജക്കാര്‍ ജാഥയെ ആദരിച്ച് സി.എന്‍. മീനാക്ഷിയമ്മയുടെ അദ്ധ്യക്ഷതയില്‍ ഒരു യോഗം കൂടുകയും സമാജം സെക്രട്ടറി ആര്‍. നാരായണിയമ്മ ഒരു പണക്കിഴി നല്‍കുകയും ചെയ്തു. മയ്യനാട്ടെ സ്വീകരണയോഗത്തില്‍ കോട്ടൂര്‍ പത്മനാഭപിള്ള, വക്കീല്‍ കുട്ടന്‍പിള്ള തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്നു.
സന്ധ്യയോടെ ജാഥ പരവൂര്‍ ഭഗവതിക്ഷേത്രത്തില്‍ ഉണ്ടാക്കിയ പന്തലിലെത്തി. പി.എസ്. ഗോവിന്ദപ്പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു പണക്കിഴി സര്‍വ്വസൈന്യാധിപനെ ഏല്‍പ്പിച്ചു. രാവിലെ ആറുമണിക്ക് പറവൂരില്‍നിന്നും പുറപ്പെട്ട ജാഥ വര്‍ക്കല ലക്ഷ്യംവെച്ച് യാത്ര തുടര്‍ന്നു. ആയിരക്കണക്കിനു സ്ത്രീപുരുഷന്മാര്‍ ജാഥയെ വരവേല്‍ക്കുവാനായി വര്‍ക്കലയില്‍ എത്തിയിരുന്നു. അവിടെനിന്ന് ശിവഗിരിയിലെത്തി ശാരദാ ക്ഷേത്രാരാധന നിര്‍വ്വഹിച്ചശേഷം ജാഥയിലെ പ്രധാന ഉദ്യോഗസ്ഥന്‍ ശ്രീനാരായണഗുരു സ്വാമികളെ ചെന്നുകണ്ടു നമസ്‌കരിച്ചു. വര്‍ക്കലയില്‍നിന്നും രാവിലെ ആറ്റിങ്ങലിലേക്കു പുറപ്പെട്ടു. റാണിക്കല്‍, വിളഭാഗം, നെടുങ്കണ്ടം, കായിക്കര, അഞ്ചുതെങ്ങ്, വക്കം എന്നീ സ്ഥലങ്ങളിലെല്ലാം ഗംഭീരസ്വീകരണമാണ് ജാഥയ്ക്കു ലഭിച്ചത്.
അഞ്ചുതെങ്ങില്‍ കായല്‍ കടക്കുന്നതിനുവേണ്ടി ഒരു ഫ്ളോട്ടിങ് ബ്രിഡ്ജ് താത്കാലികമായി ഉണ്ടാക്കിയത് തിരുവനന്തപുരം യാത്രയിലെ അവിസ്മരണീയ കാഴ്ചയായിരുന്നു. യുദ്ധകാലത്ത് ചില നദികള്‍ കടക്കാന്‍ സൈന്യങ്ങള്‍ ഉണ്ടാക്കിയിരുന്ന താത്കാലിക പാലങ്ങളെപ്പോലെയായിരുന്നു ഇത് (വൈക്കം സത്യഗ്രഹം എന്ന പുസ്തകത്തില്‍ സാധു എം.പി. നായര്‍ ഈ യാത്ര വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്). അനേകം വഞ്ചികള്‍ തമ്മില്‍ കൂട്ടിക്കെട്ടി അതിന്മേല്‍ പലക നിരത്തിയാണ് ഇതിന്റെ നിര്‍മ്മാണം. ഈ പാലത്തിന് ഒരു ഫര്‍ലോങ് ദൂരമുണ്ടായിരുന്നു. വൈക്കം സത്യഗ്രഹസമരത്തിനു പൊതുസമൂഹത്തില്‍ ഉണ്ടായിരുന്ന സ്വീകാര്യത എത്രമാത്രം ശക്തമായിരുന്നു എന്നതിന്റെ ഏറ്റവും ഹൃദ്യമായ ഓര്‍മ്മയാണ് ഈ താത്കാലിക പാലനിര്‍മ്മിതി. ജാഥ വക്കത്തുനിന്ന് ആറ്റിങ്ങല്‍ ലക്ഷ്യംവെച്ച് മുന്നോട്ടു നീങ്ങി. വൈക്കത്തുനിന്ന് സവര്‍ണ്ണജാഥ തുടങ്ങിയതുപോലെ തെക്ക് നാഗര്‍കോവിലില്‍നിന്ന് ഡോ. എം.ഇ. നായിഡുവിന്റെയും ശിവതാണുപിള്ളയുടെയും നേതൃത്വത്തില്‍ മറ്റൊരു സവര്‍ണ്ണജാഥ നവംബര്‍ ആറാം തീയതി തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. കാലത്ത് ആറുമണിക്ക് ഇടലാക്കുടിയില്‍നിന്നാണ് ആ ജാഥ യാത്ര തുടങ്ങിയത്. ജാഥയ്ക്കു നേതൃത്വം നല്‍കുന്ന ഡോ. നായിഡുവും വക്കീല്‍ ശിവതാണുപിള്ളയും മുന്‍ഭാഗത്തും അതിന് തൊട്ടുപിറകില്‍ 'തെക്കന്‍ ജാഥ' എന്നെഴുതിയ കൊടിയും മറ്റു രണ്ടു സ്വരാജ്യക്കൊടികളും (ത്രിവര്‍ണ്ണപതാക) പിടിച്ച് ഓരോ നിരയിലും മൂന്നുവീതം വളണ്ടിയര്‍മാര്‍ ദേശീയഗാനവും ആലപിച്ചു നടന്നു. 'ഭാരതമാതാവ് ദുഃഖമനുഭവിക്കുന്നു, ഐക്യമാണ് ജീവിതത്തിന്റെ ഘടകം, പൊതുവഴികള്‍ തുറന്നുകൊടുക്കുവിന്‍, സാധുക്കളെ ഉദ്ധരിക്കുവിന്‍' എന്ന് തമിഴില്‍ എഴുതിയ കൊടികള്‍ വളണ്ടിയര്‍മാര്‍ പിടിച്ചിരുന്നു. രണ്ടായിരത്തിലധികം ആളുകള്‍ ഈ ജാഥയില്‍ പങ്കാളികളായി. നാഗര്‍കോവില്‍, തക്കല എന്നിവിടങ്ങളില്‍ വന്‍ സ്വീകരണമാണ് ജാഥയ്ക്കു ലഭിച്ചത്. മുഹമ്മദീയര്‍ വാദ്യഘോഷങ്ങളും മഹാത്മാഗാന്ധിയുടെ ഫോട്ടോയോടുംകൂടി വന്ന് ജാഥയെ വരവേറ്റു. തുടര്‍ന്ന് ജാഥയെ അവിടത്തെ മുസ്ലിം പള്ളിയിലേക്കു ക്ഷണിക്കുകയും ചെയ്തു. ഹിന്ദുക്കളും മുസ്ലിങ്ങളും ചേര്‍ന്ന് പള്ളി പ്രദക്ഷിണം ചെയ്ത് ഹിന്ദു-മുസ്ലിം മൈത്രിക്ക് ജാഥ മാതൃകയായി. അന്ന് അവിടെച്ചേര്‍ന്ന വമ്പിച്ച പൊതുയോഗത്തില്‍ കെ.എന്‍. പത്മനാഭപിള്ള, ടി.ആര്‍. നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. സഞ്ചാരസ്വാതന്ത്ര്യപ്രമേയം സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. അടുത്ത ദിവസം രാവിലെ ജാഥ കുഴിന്തുറയിലേക്കു പുറപ്പെട്ടു. കാട്ടാന്തറ, മാര്‍ത്താണ്ഡം, കുഴിന്തുറ, നെയ്യാറ്റിന്‍കര, ബാലരാമപുരം തുടങ്ങിയ സ്ഥലങ്ങളിലും ജാഥയ്ക്ക് ഗംഭീര സ്വീകരണമാണു ലഭിച്ചത്.
ഇതിനിടെ വടക്കന്‍ജാഥ മുരുക്കുംപുഴ, കഴക്കൂട്ടം, പട്ടം എന്നീ സ്ഥലങ്ങളിലെ സ്വീകരണം കഴിഞ്ഞ് തിരുവനന്തപുരം നഗരാതിര്‍ത്തിയില്‍ എത്തി. രണ്ടു ജാഥയും നഗരപ്രവേശം ചെയ്യാന്‍ തുടങ്ങുന്ന ചരിത്രനിമിഷമെത്തി. നിയമനിര്‍മ്മാണസഭാ മെമ്പര്‍മാരായ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, വൈക്കം രാമകൃഷ്ണപിള്ള എന്നിവര്‍ ജാഥയില്‍ യാത്രക്കാരായി ചേര്‍ന്നിരിക്കുന്നു. വര്‍ക്കലവെച്ച് ജാഥാംഗങ്ങള്‍ അവരുടെ വേഷത്തില്‍ മാറ്റം വരുത്തിയിരുന്നു. റിട്ട. ജഡ്ജി എം. കുഞ്ഞുകൃഷ്ണമേനോന്‍, നിയമസഭാമെമ്പര്‍ ഡോ. എം.എന്‍. പിള്ള എന്നിവര്‍ വടക്കന്‍ജാഥാ നേതാക്കളെ ഹാരമണിയിച്ചു.
ആയിരക്കണക്കിനു ജനങ്ങള്‍ സന്നിഹിതരായിരുന്നു അവിടെ. കതിനവെടികളും ഭജനകീര്‍ത്തനങ്ങളും സ്ത്രീകളുടെ കുരവയിടലും അന്തരീക്ഷത്തിന് എന്തെന്നില്ലാത്ത ഉത്സവച്ഛായ നല്‍കി. ജാഥാംഗങ്ങളുടെ വക വഞ്ചിപ്പാട്ടും ടി.ആര്‍. കൃഷ്ണസ്വാമി അയ്യരുടെ നേതൃത്വത്തില്‍ ദേശീയഗാനാലാപനവും തിങ്ങിക്കൂടിയ ആയിരങ്ങളെ ആവേശഭരിതരാക്കി. ഓരോ നിമിഷവും കാഴ്ചക്കാരായ ജനം കൂടിക്കൂടിവന്നു. ചീഫ് എന്‍ജിനീയറുടെ ഓഫീസിനു മുമ്പില്‍ ജാഥ എത്തിയപ്പോള്‍ ആര്യസമാജ പ്രവര്‍ത്തകരായ നാണിയമ്മ സര്‍വ്വസൈന്യാധിപനെ ഹാരമണിയിച്ചു. മെയിന്റോഡില്‍ ആള്‍ത്തിരക്കുമൂലം മുന്നോട്ടുള്ള പ്രയാണം അസാദ്ധ്യമായതിനെത്തുടര്‍ന്ന് കച്ചേരിയുടെ വടക്കുവശമുള്ള റോഡില്‍ക്കൂടി ജാഥയെ തിരിച്ചുവിടേണ്ടിവന്നു.
ഇതോടൊപ്പം തെക്കന്‍ജാഥയും നഗരാതിര്‍ത്തിയിലേക്കു പ്രവേശിച്ചു. ഹൈക്കോടതി വക്കീല്‍ എ. നാരായണപിള്ള ആ ജാഥയുടെ കമാന്‍ഡര്‍ക്കും ലഫ്റ്റനന്റിനും കരമനവെച്ച് ഹാരാര്‍പ്പണം നടത്തി. പതിനായിരത്തിലേറെ ജനങ്ങള്‍ തെക്കന്‍ജാഥാ നഗരാതിര്‍ത്തിയില്‍ ഉണ്ടായിരുന്നു. ജാഥ ചാല ബസാറില്‍ക്കൂടി അത്യുച്ചത്തില്‍ പാട്ടുകള്‍ പാടി കിഴക്കേ കോട്ടവാതുക്കല്‍ എത്തി. പുത്തന്‍കച്ചേരി മൈതാനത്തിലേക്കു പുറപ്പെട്ടു. ഇരുപത്തയ്യായിരത്തില്‍ക്കൂടുതല്‍ ജനങ്ങള്‍ അവിടെ എത്തിയിരുന്നതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ചിത്തിരതിരുനാള്‍ മഹാരാജാവ് രണ്ടു ജാഥയും സന്ധിക്കുന്ന സമയത്ത് അതുവഴി 'സവാരി'ക്കു വരുന്നുണ്ടായിരുന്നു. രാജാവിന് പൊതുവികാരം നേരിട്ടുകാണാന്‍ ഇതു കാരണമായി. അറനൂറു ജാഥാംഗങ്ങളും അവിടെ അണിനിരന്നു. കമാന്‍ഡര്‍ ഇന്‍ ചീഫ്, കമാന്‍ഡര്‍, ലെഫ്റ്റനന്റുമാര്‍, ക്യാപ്റ്റന്മാര്‍ എന്നിവര്‍ അവരുടെ ഔദ്യോഗിക വസ്ത്രങ്ങളോടുകൂടിയാണ് ജാഥയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. പതിനായിരക്കണക്കിനു ജനങ്ങളുടെ അകമ്പടിയോടെ ശംഖുംമുഖത്തേക്കു നടത്തിയ ഘോഷയാത്ര കേരളത്തിന്റെ നവോത്ഥാനചരിത്രത്തിലെ സുവര്‍ണ്ണരേഖയാണ്.
കേരളത്തിന്റെ ചരിത്രത്തില്‍ നിരവധി മാറ്റങ്ങള്‍ക്ക് ഈ ചരിത്രയാത്ര തുടക്കമിട്ടു എന്നതില്‍ തര്‍ക്കമില്ല. മഹത്തായ ഒരു ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ജാതിമതവ്യത്യാസമല്ലാതെ ഗാന്ധിയന്‍ ആദര്‍ശം അക്ഷരംപ്രതി അനുസരിച്ച് മനുഷ്യസ്‌നേഹികളായ ഒരു ജനത നടത്തിയ ഈ വിപ്ലവത്തിന് കേരളചരിത്രത്തില്‍ സമാനതകളില്ല. പ്രശ്‌നത്തിന് ഉടനെ പരിഹാരം ഉണ്ടായോ ഇല്ലയോ എന്നതല്ല പ്രശ്‌നം. മനുഷ്യമനഃസാക്ഷിക്കു നിരക്കാത്ത പ്രാകൃതമായ ഒരു ശീലം ഇവിടെ കാലങ്ങളായി തുടര്‍ന്നുവരുന്നു, അത് ഉന്മൂലനം ചെയ്യാതെ മനുഷ്യജീവിതം അസാദ്ധ്യമാണ് എന്ന ശക്തമായ താക്കീതായിരുന്നു ഈ സമരയാത്ര. ഇതിനു നേരേ ഏറെക്കാലം ഒരു ഭരണാധികാരിക്കും മുഖംതിരിച്ചു നില്‍ക്കാനാവില്ല എന്ന മുന്നറിയിപ്പുമായി ഈ യാത്ര.
കച്ചേരിമൈതാനത്തുനിന്ന് ശംഖുംമുഖം കടപ്പുറത്തേക്ക് ഏകദേശം മൂന്നു നാഴികയേ ദൂരം വരികയുള്ളൂ. ജാഥ അവിടെയെത്താന്‍ രണ്ടു മണിക്കൂറിലധികം എടുത്തു. പുരഷാരംകൊണ്ട് കടപ്പുറം തിങ്ങിനിറഞ്ഞു. ദിവാന്‍ ബഹദൂര്‍ എ. ഗോവിന്ദപ്പിള്ള സത്യഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് പൊതുസമ്മേളനം കഴിയുന്നതുവരെ അവിടെത്തന്നെ ഉണ്ടായിരുന്നു. വി. അച്യുതമേനോന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. വൈക്കം ക്ഷേത്രത്തിനു പുറത്തുള്ള റോഡുകളിലും അതുപോലെ മറ്റു പാതകളിലും എല്ലാവര്‍ക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നുള്ള പ്രമേയം സുഭാഷിണി പത്രാധിപര്‍ പി.കെ. ഗോവിന്ദപ്പിള്ള അവതരിപ്പിച്ചു, വൈ. രാമസ്വാമി അയ്യര്‍ പിന്താങ്ങി. നിയമനിര്‍മ്മാണസഭാ മെമ്പറും സവര്‍ണ്ണനോ അവര്‍ണ്ണനോ അല്ലാത്ത ആളുമായ എ. ഗൂഗ്വര്‍ഫ് ഇംഗ്ലീഷില്‍ ചെയ്ത പ്രസംഗം ഏറെ ശ്രദ്ധ നേടി. തന്റെ മതത്തില്‍ ചേര്‍ന്ന് പറയനും പുലയനും നടക്കാവുന്ന റോഡില്‍ക്കൂടി കേവലം സസ്യഭുക്കുകളായാലും ഒരു ഈഴവനും നടന്നുകൂടെന്നും ഒരു പുലയന്റെ പട്ടിക്കും മലത്തില്‍ക്കിടന്നു കൂത്താടുന്ന പന്നിക്കും പോകാവുന്ന സ്ഥലത്തുകൂടി ഒരു പുലയന്‍, സ്വമതത്തിലിരിക്കുന്ന കാലം നടന്നുകൂടെന്നുമുള്ള ദുഷ്ടാചാരത്തിന്റെ രാക്ഷസീയതയെപ്പറ്റി ഗൂഗ്വര്‍ഫ് ഏറ്റവും ശക്തമായി പ്രതികരിച്ചു. പ്രമേയത്തിനെതിരായി എന്തെങ്കിലും വല്ലവര്‍ക്കും പറയാനുള്ളപക്ഷം ആവാമെന്ന് അദ്ധ്യക്ഷന്‍ പറഞ്ഞുവെങ്കിലും ആരും എതിരായി മുന്നോട്ടുവന്നില്ല. അതിനാല്‍ പ്രമേയം ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു. ജാഥാംഗങ്ങളില്‍ പ്രധാനപ്പെട്ടവരെ പരിചയപ്പെടുത്തി സര്‍വ്വസൈന്യാധിപനായ മന്നത്തു പത്മനാഭപിള്ളയും തെക്കന്‍ ജാഥാ നായകന്മാരില്‍ ഒരാളായ ശിവതാണുപിള്ളയും സംസാരിച്ചശേഷം ഈ ചരിത്രമുഹൂര്‍ത്തത്തിന് തിരശ്ശീലവീണു.
Content Highlights: vaikom sathyagraha m jayaraj bookexcerpt mathrubhumi books
Published: 08 May 2024, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented